എപ്പിസ്കോപ്പയെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല (ദിദാസ്‌കാലിയാ)

എപ്പിസ്കോപ്പയെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല (ദിദാസ്‌കാലിയാ)

അഹറോന്റെ മക്കളിൽ നിന്നാണ് ആദിമ സഭയിൽ പുരോഹിതന്മാരുടെ ആരംഭം. പുരോഹിതന്മാരുടെ പ്രഭുക്കന്മാർ എന്ന് വിളിക്കപ്പെട്ടവരാണ് എപ്പിസ്കോപ്പാമാർ. എപ്പിസ്‌കോപ്പ ഇല്ലാതെ സഭയെന്ന ഒരു സ്ഥാപനമില്ല (ജെറോം) കാരണം എപ്പിസ്‌ക്കോപ്പയിലൂടെയാണ് പൗരോഹിത്യം നിലനിൽക്കുന്നത്. ഒരു ഭദ്രാസനത്തിനു ദീർഘകാലം എപ്പിസ്‌കോപ്പയില്ലാതെവന്നാൽ അതിന്റെ പൗരോഹിത്യ നൽവരം തന്നെ നഷ്ടമാകും. മിശിഹായുടെ പൗരോഹിത്യത്തിന്റെ ശാശ്വതീകരണമാണ് എപ്പിസ്‌കോപ്പ സ്ഥാനത്തിലടങ്ങിയിരിക്കുന്ന പൗരോഹിത്യം. മിശിഹായുടെ പൗരോഹിത്യം ലോകാവസാനം വരെ ശാശ്വതീകരിക്കപ്പെടണം(perpetualize ). എപ്പിസ്കോപ്പയെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല (ദിദാസ്‌കാലിയാ)
ലേവ്യക്കാർക്കല്ലാത്തവർക്കു മഹാപുരോഹിതനെ കൂടാതെ ബലി സമർപ്പിക്കുവാൻ സാധിക്കാത്തതുപോലെ അന്യൻമാരായ നിങ്ങൾക്ക് എപ്പിസ്കോപ്പയെ കൂടാതെ ഒന്നും ചെയ്യാൻ സാധ്യമല്ല. എപ്പിസ്കോപ്പയെക്കൂടാതെ ആരെങ്കിലും എന്തെങ്കിലും ചെയ്‌താൽ അവൻ അത് വൃഥാ ചെയ്യുകയാണ്. എന്തെന്നാൽ മഹാപുരോഹിതനെ കൂടാതെ എന്തെങ്കിലും ചെയ്യുന്നതിന് അവൻ കടപ്പെട്ടവനല്ല. അവനതിനു അർഹനുമല്ല.
രണ്ടു സ്ഥാനങ്ങളെ പൗരോഹിത്യവുമായി ബന്ധപ്പെട്ടു ആദിമ സഭയിൽ ഉണ്ടായിരുന്നുള്ളു. എപ്പിസ്കോപ്പയും ശെമ്മാശനും. എപ്പിസ്കോപ്പാക്കു തന്റെ കീഴിലുള്ള എല്ലാ സഭകളിലും എല്ലാ ഞായറാഴ്ചയും ബലിയിൽ അധിഷ്ഠിതമായ ആരാധനക്ക് നേതൃത്വം നൽകുവാൻ സാധിക്കാതെവന്നപ്പോൾ തന്റെ ഉപദേഷ്ടാക്കളായ കശീശന്മാരിലേക്കു തന്റെ എപ്പിസ്‌കോപ്പ സ്ഥാനത്തിലെ മേൽനോട്ടചുമതല ഒഴിച്ച് പൗരോഹിത്യത്തിന്റെ കടമകൾ (ബലിയർപ്പിക്കുക, പാപം മോചിക്കുക) തുടങ്ങിയവ കൈമാറുവാൻ പൗരോഹിത്യസ്ഥാനികളായി അഭിഷേകം ചെയ്തതുവഴിയാണ് ഇന്ന് സഭയിൽ കാണുന്ന എപ്പിസ്കോപ്പയുടെയും കാശീശയുടെയും രണ്ടു സ്ഥാനങ്ങൾ സഭയിൽ സംജാതമായത്.

പരിശുദ്ധിയിലും പ്രായത്തിലും പാകത വന്നവരെ മാത്രമേ എപ്പിസ്കോപ്പയായി പട്ടം കെട്ടാവൂ. പ്രവർത്തിയിലൂടെയോ ചിന്തയിലൂടെയോ ജഡീകമായി വീഴ്ച വന്നേക്കാവുന്ന പ്രായത്തിൽ ആരെയും എപ്പിസ്കോപ്പാമാരാക്കരുത്. കർത്താവിന് ബഹുമാന്യരും ശാന്ത പ്രകൃതമുള്ളവരും പണത്തോട് ആസക്തിയില്ലാത്തവരും സഞ്ചരിതരും പരിശോധിക്കപ്പെട്ടവരുമായ പുരുഷന്മാരെ നിങ്ങൾ എപ്പിസ്കോപ്പാമാരും ശെമ്മാശന്മാരുമായി തെരഞ്ഞെടുക്കണം(The instructions of the twelve Apostles 15.6.29). അറിവ് ഭാവിക്കുകയും എല്ലാ അറിവുകളും തന്റെ കയ്യിലാണെന്ന് അവകാശപ്പെടുന്നവരും എപ്പിസ്‌കോപ്പ സ്ഥാനത്തിന് യോഗ്യരല്ല. പൗരോഹിത്യം സാധുവായി നിലനിർത്തിടുന്നിടത്ത് മാത്രമേ മശിഖയുടെ രക്ഷാകരമായ സാന്നിധ്യമുള്ളൂ. കാരണം പൗരോഹിത്യത്തിലൂടെയാണ് മശിഖ സഭക്ക് സമ്പാദിച്ച രക്ഷാകരമായ നൽവരങ്ങൾ ലോകാവസാനം വരെ ഒഴുകുന്നത്.

ഒരു എപ്പിസ്‌കോപ്പ തന്റെ ഭദ്രാസനത്തെ വധുവായി സ്വീകരിച്ചു് വിവാഹം കഴിച്ചിരുന്നു. അതുകൊണ്ടാണത്രെ ഭദ്രാസന മാറ്റവും റിട്ടയർമെന്റും വേദവിപരീതമാണ് എന്ന തിയോളജി ചിലർ ഉയർത്തിക്കൊണ്ടു വന്നിട്ടുള്ളത്. ഒരുവൻ തന്റെ ഭാര്യയെ ഉപേക്ഷിച്ചു വേറൊരുത്തിയെ വിവാഹം കഴിച്ചതിനു തുല്യമാകും പോലും. ഉപേക്ഷിക്കപ്പെട്ടവളേ വിവാഹം ചെയ്യുന്നതും വ്യഭിചാരമാകും. St.Mathew 19:8-9 അവൻ അവരോടു: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.” ബഹുഭാര്യാത്വവും വ്യഭിചാരം കൊണ്ടല്ലാതെ സ്വന്ത ഭാര്യയെ ഉപേക്ഷിക്കുന്നതും വേദവിപരീതമാണെന്നിരിക്കെ ദീർഘകാലം ഒന്നിലധികം ഭദ്രാസനങ്ങളുടെ അസിസ്റ്റന്റ് മെത്രാപ്പോലീത്താമാരായി അനേക വർഷം തുടരുന്നത് ഏതു പട്ടികയിൽ വരും?

മലങ്കര സഭയിൽ ഇനിയൊരു യോചിപ്പ്‌ എന്നത് അനധിവിദൂര സാധ്യത പോലും ഇല്ലാത്ത ഒന്നാണ്. പണ്ട് സംഭവിച്ചതുപോലെ ചില മെത്രാന്മാർ മറുകണ്ടം ചാടി വരും എന്ന് പ്രതീക്ഷയിൽ ഭദ്രാസനങ്ങൾ അനന്തമായി ഒഴിച്ചിട്ടുകൊണ്ട് കാത്തിരിക്കുന്നതും നന്നല്ല.

Comments

Popular posts from this blog

സോഷ്യൽ മീഡിയ വിപ്ലവം