Cosmic Vision

Love God Love Life

ഹൈജീൻ

രണ്ടു ചിറകുകൾ മനുഷ്യനെ ലൗകിക വസ്തുക്കളിൽ നിന്നുയർത്തുന്നു – ഏകാഗ്രതയും പരിശുദ്ധിയും. ഏകാഗ്രത നിയോഗത്തിലും പരിശുദ്ധി സ്നേഹത്തിലുമാണുണ്ടായിരിക്കേണ്ടത്.” (ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്, തോമസ് അക്കെമ്പിസ്)

ഹൈജീൻ (Hygiene) എന്ന ഗ്രീക്ക് പദത്തിനും, സാനിട്ടേഷൻ (Sanitation) എന്ന ആംഗലേയ  പദത്തിനും മലയാളഭാഷയിൽ  ഉപയോഗിക്കുന്ന വാക്കാണ്‌ ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ(Hygeia)യുടെ പേരിൽ നിന്നാണ് “ഹൈജീൻ” എന്ന വാക്ക് ഉണ്ടായിട്ടുള്ളത്‌. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ “ശുചിത്വം” എന്ന പദം  മലയാളികൾ ഉപയോഗിക്കുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, മത ശുചിത്വം,  രാഷ്ട്രീയ ശുചിത്വം മാദ്ധ്യമ ശുചിത്വം തുടങ്ങി ഇന്നിന്റെ സോഷ്യൽ മീഡിയ ശുചിത്വം വരെ.

ഒരു ജീവനുള്ള ദൈവസൃഷ്ടിയുടെ അവശിഷ്ടങ്ങൾ എപ്പോഴാണ് അശുദ്ധിയായി കണക്കാക്കപ്പെടുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ സാധിച്ചാൽ ഇപ്പോൾ ചിലർ ഉയർത്തിയിരിക്കുന്ന  വിമർശനങ്ങൾക്ക് ഒരു പരിധിവരെ ഉത്തരമായേക്കാം. ഇവിടെ മനുഷ്യന്റെ  കാഴ്ചപ്പാടിനാണ്  മാറ്റമുണ്ടാകേണ്ടത്. ശരീരത്തിന് ഉള്ളിൽ കിടക്കുമ്പോൾ വിസർജ്യങ്ങൾ അശുദ്ധിയായി കണക്കാക്കുമോ?ശരീരത്തിനുള്ളിലെ വിസർജ്യങ്ങൾ പരിപൂർണമായി പുറത്തേക്ക് കളഞ്ഞിട്ട് ജീവനുള്ള ഒരു ജീവിക്കും വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുവാൻ സാധിക്കില്ല. എന്നതാണ് സത്യം. അപ്പോൾ ചിലരുടെ വികലമായ മനസ്സിന്റെ കാഴ്ച്ചപ്പാടുകളാണ് മാറ്റേണ്ടത്.

“വിശുദ്ധമായത്”‌ എന്നു പറഞ്ഞാൽ അശുദ്ധിയിൽനിന്ന്‌ വേറിട്ട്‌ നിൽക്കുന്നത്‌ എന്നാണ്‌‌. “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.” (ഉല്പത്തി 1:31). ദൈവം സൃഷ്‌ടിച്ച എല്ലാം വിശുദ്ധമാണ്. ‘വിശുദ്ധി’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം “വേറിട്ട” എന്ന്‌ അർഥം വരുന്ന ഒരു പദത്തിൽ നിന്നാണ്‌ വന്നിരിക്കുന്നത്‌. വിശുദ്ധമായി കണക്കാക്കുന്ന ഒരു വസ്‌തു സാധാരണ ഉപയോഗത്തിൽനിന്ന്‌ മാറ്റി നിറുത്തിയ, വൃത്തിയും വെടിപ്പും ഉള്ള ഒന്നായിരിക്കും. “വേറിട്ട്“ മാറ്റി നിർത്തിയിരിക്കുന്നതിന്റെ സ്ഥല-കാല പരിധി എത്രയെന്ന് നിശ്ചയിക്കുന്നത് നമ്മുടെ മനസ്സിന്റെ വലിപ്പം അനുസരിച്ചാണ് എന്ന് മാത്രം.

ഒരുവന്റ ആത്മപരിത്യാഗതതിലൂടെ വിശുദ്ധി നേടിയെടുക്കാം

എന്നത് ഒരു ചിന്ത മാത്രമാണ്, “ദേഹപീഡനം,” അതായത്‌ ആഗ്രഹങ്ങളും  സുഖസൗകര്യങ്ങളും എല്ലാം പരിത്യജിക്കുന്നത്‌, ജഡാഭിലാഷങ്ങളെ അടക്കി നിറുത്തുവാൻ “ഉപകരികുന്നില്ല” എന്നു വിശുദ്ധ വേദപുസ്തകം സാക്ഷിക്കുന്നു. “അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.(കൊലോസ്യർ 2:23). നല്ല കാര്യങ്ങൾ ആസ്വദിക്കണമെന്നാണ്‌ ദൈവം ആഗ്രഹി ക്കുന്നത്‌.

ഒരു ക്രിസ്‌ത്യാനി വിവാഹം കഴിക്കാതെ ബ്രഹ്മചര്യം അനുഷ്‌ഠിച്ചതു കൊണ്ട്‌ ദൈവമുമ്പാകെ അയാൾ വിശുദ്ധനാകുന്നില്ല. അതേസമയം , അവിവാഹിതർ‌ ദൈവത്തെ ശൈഥില്യങ്ങൾകൂടാതെ ആരാധിക്കുവാൻ  സാധിക്കുമെങ്കിൽ ‌അത്‌ നന്ന്. വിവാഹിതർക്കും അവിവാഹിതർക്കും ഒരുപോലെ വിശുദ്ധരായിരിക്കാനാകും എന്നാണ്‌ വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നത് ‌. യേശു ക്രിസ്തുവിന്റെ അപ്പോസ്‌തലന്മാരിൽ കുറഞ്ഞത്‌ ഒരാളെങ്കിലും വിവാഹിതനായിരുന്നു—പത്രോസ്‌. —മത്തായി 8:14; 1 കൊരിന്ത്യർ 9:5.

മാദ്ധ്യമ ശുചിത്വം, സോഷ്യൽ മീഡിയ ശുചിത്വം എന്നിവ കൂടി പാലിക്കുവാൻ മറന്നുപോകരുത്.

ഒരുവന്റെ പെരുമാറ്റത്തിലെ പ്രതാപത്തെക്കാൾ അവനിലെ മനസ്സിന്റെ മാന്യതയാണു മാറ്റുരച്ചു നോക്കേണ്ടത്. എല്ലാറ്റിന്റെയും തലനാരിഴ കീറി പരിശോധിക്കൂന്നവരിൽ ചിലരെങ്കിലും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക്  ഒളികണ്ണിട്ടു നോക്കി പ്രവർത്തിക്കുന്നവരാകും. അകലെയുള്ളതിനോടു തോന്നുന്ന ആരാധനയുടെ നൂറിലൊരംശം അടുത്തുള്ളതിനോടു തോന്നിയിരുന്നെങ്കിൽ പരിസരശുചിത്വം പോലും സാധ്യമായേനെ. അടുത്തുള്ളവരുടെ അശുദ്ധിയുടെ തെളിവും തൂക്കി നടക്കാതെ അവരിലെ വിശുദ്ധിയുടെ വെളിച്ചം തിരിച്ചറിയാനായാൽ നാം വിശുദ്ധിയിലേക്ക് ഉയരും അതിലൂടെ നമ്മുടെ  നാടും വിശുദ്ധമാകും.