Cosmic Vision

Love God Love Life

സ്ലീബാ പെരുന്നാൾ :സെപ്റ്റംബർ 14

ശുഭ ചിഹ്നം താൻ സ്ലീബാ 
 
വിജയക്കൊടി താൻ സ്ലീബാ 
 
നമ്മെ രക്ഷിച്ചീടും 
 
സ്ലീബായിൽ പുകഴുന്നു നാം.”
 
Matt:10:38. “തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല”.
 
ഏഴാം നൂറ്റാണ്ടിൽ കുസ്താന്ദിനോപോലീസിൽ രചിക്കപ്പെട്ട “ക്രോണിക്കോൺ പാസ്ക്കലി”(chronicon paschali) എന്ന കൃതിയിൽ യേശുക്രിസ്തുവിന്റെ സ്ളീബാ എ. ഡി. 320-ൽ സെപ്റ്റംബർ 14-തീയതി കണ്ടെടുത്തു എന്ന്കൃത്യമായി പറയുന്നുണ്ട്. 
 
കോട്ടയത്തിനു വടക്കുഭാഗത്തുള്ള പള്ളികളിൽ അവിലും മലരും അരി വറുത്തതും തേങ്ങയും, മറ്റും ചേർത്ത് നേർച്ച നടത്താറുണ്ട്. മലയാള മാസങ്ങളുടെ ആദ്യമാസം കൊയ്ത്തുകാലത്തു വരുന്ന പെരുന്നാളാകയാൽ, ഈ പെരുന്നാളിന് “പുത്തരിപ്പെരുന്നാള്‍ “ എന്നുകൂടി പേരുണ്ട്.
 
സ്ലീബോ = കുരിശ്
 
‘സ്ലീബാ’ എന്നത് ഇതിന്റെ വാമൊഴി പ്രയോഗമാണ്.
 
റൂശ്മ = അടയാളം
 
പൗരസ്ത്യ ക്രിസ്തവസഭാ വിശ്വാസപാരമ്പര്യത്തിൽ  ആവർത്തിച്ച് ഉപയോഗിക്കുന്ന ഒരു പദവും പ്രതീകവുമാണ് സ്ലീബാ. ‘ക്രൂശിതൻ’ (The Crucified one) എന്നാണ് സ്ലീബാ എന്ന സുറിയാനി വാക്കിന്റെ  അർത്ഥം.  വൈദീകർ സ്ലീബായുടെ പ്രതീകമാകുന്ന കുരിശ് ധരിക്കുകയും അത് വഹിക്കുകയും  ചെയ്യണം. മേൽപ്പട്ടക്കാരുടെ കൈയിലെ സ്ലീബായോടൊപ്പം ഒരു ചുവന്ന തുണി കൂടി ചേർത്തു വച്ചിരിക്കുന്നു. അവ ഒരുമിച്ച് ഉപയോഗിക്കുന്നതു കൊണ്ട് അർത്ഥമാക്കുന്നത് സ്ലീബായാകുന്ന കൊടി എന്നാണ്. കൊടി എപ്പോഴും വിജയത്തിന്റെയും സ്വത്വത്തിന്റെയും അടയാളവുമാണ്.
 
സ്ലീബാ പെരുന്നാള്‍ നാം കൊണ്ടാടുമ്പോള്‍ കര്‍ത്താവിന്റെ രക്ഷാകരമായ വീണ്ടെടുപ്പാണ് നാം സ്മരിക്കുന്നത്. ക്രൂശിലൂടെയുള്ള തന്റെ താഴ്ചയില്‍ ലോകത്തിനു പുതിയ മാര്‍ഗം കാണിച്ചു തരുന്നു. “ക്രൂശോളം തന്നെ താഴ്ത്തി” ആ മനുഷ്യ സ്നേഹം വരുവാനുള്ള ലോകത്തിന്റെ പുതിയ പ്രകാശമായി മാറുന്നു. സ്നേഹമാണ് ആ പുതിയ മാര്‍ഗവും, പ്രകാശവും. മനുഷ്യ വര്‍ഗത്തോടുള്ള അഭേദ്യമായ സ്നേഹം ക്രൂശിലൂടെ വെളിപ്പെടുത്തിയപ്പോള്‍, ആ ക്രൂശോളം താഴുവാനുള്ള ഒരു ആഹ്വാനം കൂടിയാണ് സ്ലീബാ പെരുന്നാള്‍. 
 
കുരിശുവര
 
ക്രൈസ്തവ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലായ്മപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും ചെറിയ പ്രാർത്ഥനകളിലൊന്നാണ് “കുരിശുവര” അഥവാ കുരിശടയാളം. പുതിയനിയമ കാലഘട്ടത്തിന്റെ ആരംഭം മുതൽതന്നെ ഈ പ്രാർത്ഥന നാം കാണുന്നുണ്ട്. വിശുദ്ധ ത്രിത്വത്തെ സ്മരിക്കുകയും പരിശുദ്ധ ത്രിത്വത്തിന് നമ്മെ സമർപ്പിക്കുകയും ചെയ്യുന്ന പ്രാർത്ഥനയാണ് കുരിശുവര.
 
ചരിത്രം
 
എ.ഡി 230-ൽ സഭാചരിത്രകാരനായ തെർത്തുല്യനാണ് കുരിശടയാളം വരക്കുന്നതിനെക്കുറിച്ചുള്ള ആധികാരികമായ അറിവ് നൽകുന്നത്. 
 
മാമോദീസാർത്ഥികളെ അവരുടെ നെറ്റിത്തടത്തിൽ കുരിശടയാളം വരച്ചിരുന്നു എന്നാണ് തെർത്തുല്യൻ പഠിപ്പിക്കുന്നത്. വിശ്വാസികള്‍ ദേവാലയത്തില്‍ പ്രവേശിക്കുമ്പോഴും, വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനു മുൻപും  ശേഷവും, പ്രാര്‍ത്ഥിക്കുമ്പോഴും കുരിശു വരക്കുന്നു.
 
ഒന്നാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തിയായിരുന്ന ഹഡ്രിയാൻ ക്രിസ്തുവിന്റെ നാമം ഉന്മൂലനം ചെയ്യുവാൻ ക്രിസ്തുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം വീനസ് ദേവിയുടെ ക്ഷേത്രങ്ങൾ പണികഴിപ്പിച്ചിരുന്നു. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവായിരുന്ന ഹെലേനരാജ്ഞിയാണ് കാൽവരിയിലും ബെത്‌ലഹേമിലും  നിർമിക്കപ്പെട്ട വീനസ് ദേവിയുടെ ക്ഷേത്രങ്ങൾ മാറ്റി ദേവാലയങ്ങൾ പണി കഴിപ്പിച്ചത്. യേശുക്രിസ്തുവിനെ തറച്ച കുരിശ് കണ്ടെടുക്കണമെന്ന ആഗ്രഹവുമായി ഹെലേന രാജ്ഞി എൺപതാം വയസിൽ പാലസ്തീനിൽ എത്തുകയും യൂദാസ് എന്നുപേരുള്ള ഒരു യഹൂദൻറെ സഹായത്താൽ അയാൾ കാണിച്ചുകൊടുത്ത കാൽവരിക്കുന്നിലെ ചപ്പുചവറുകൾ നീക്കിയപ്പോൾ മൂന്നു കുരിശുകൾ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതിൽ ഏതാണ് യേശുവിനെ കുരിശിൽ തറച്ചതെന്ന് കണ്ടെത്തുക പ്രയാസമായിരുന്നു. ഹെലേന രാജ്ഞിയോടൊപ്പമുണ്ടായിരുന്ന ജറുസലേമിലെ മെത്രാനായിരുന്ന വിശുദ്ധ മക്കാറിയോസിന്റെ നിർദ്ദേശപ്രകാരം അതുവഴി കടന്നുപോയ ശവസംസ്‌കാര യാത്രയിലെ   മൃതശരീരത്തിൽ കുരിശുകൾ മുട്ടിച്ചുനോക്കുവാൻ തീരുമാനിച്ചു. കർത്താവിനെ തറച്ച കുരിശ് മുട്ടിച്ചാൽ ജീവനുണ്ടാകും എന്ന് വിശുദ്ധ മക്കാറിയോസ് മെത്രാൻ വിശ്വസിച്ചു. മൃതസംസ്‌കാരയാത്ര നിർത്തി – രാജ്ഞിയും മെത്രാനച്ചനും – പ്രാർത്ഥനയോടെ കുരിശുകൾ ഓരോന്നായി മുട്ടിച്ചു. മൂന്നാമത്തെ കുരിശ് മുട്ടിച്ചപ്പോൾ മൃതശരീരത്തിൽ ജീവനുണ്ടായി. മരിച്ച മനുഷ്യൻ ജീവനിലേക്ക് തിരിച്ചുവന്നു. വിശുദ്ധ ഹെലേനയും മെത്രാനായ വിശുദ്ധ മക്കാറിയോസും  ജനം മുഴുവനും ഭക്തി ആദരങ്ങളോടെ അന്നുമുതൽ ആഘോഷപൂർവം ഈ കുരിശിനെ പുതിയ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു. സെപ്റ്റംബർ 14 സ്ലീബാ  പെരുന്നാളായി ആഘോഷിക്കാൻ തീരുമാനിച്ചു. യരുശലെമിലെ കുറിലോസ് ഒരു പ്രസംഗത്തിൽ (ക്രി. വി. 350) ഈ കുരിശ് യരുശലേമിലെ സഭയുടെ കൈവശമുണ്ട് എന്ന് പറയുന്നു.
 
തെർത്തുല്ല്യൻ പഠിപ്പിക്കുന്നതനുസരിച്ച് നമ്മുടെ എല്ലാ പ്രവർത്തനങ്ങളും കുരിശുവരച്ച് ആരംഭിക്കുന്നു. യാത്രയ്ക്ക് പോകുമ്പോഴും വരുമ്പോഴും ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും തുടങ്ങി ഷൂ ഊരുമ്പോഴും ധരിക്കുമ്പോഴും നാം കുരിശു വരയ്ക്കണമെന്ന് തെർത്തുല്ല്യൻ പഠിപ്പിക്കുന്നു.
 
ആദ്യനൂറ്റാണ്ടുകൾ മുതലേ കുരിശടയാളം ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായിരുന്നു. വിശുദ്ധരായ അബ്രോസ്, അഗസ്റ്റിൻ, മാർ അപ്രേം, ജോൺക്രിസോസ്റ്റോം, സിറിൾ തുടങ്ങിയവർ കുരിശടയാളത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുള്ള ആദ്യകാല സഭാപിതാക്കന്മാരാണ്.
 
മിലാൻ വിളംബരം: ക്രിസ്തീയ വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും അനുവദിച്ചുകൊണ്ടുള്ള  313-ലെ മിലാൻ വിളംബരം  
 
വിശുദ്ധ കുരിശിന്റെ അടയാളംവഴി യുദ്ധത്തിൽ വിജയിച്ച കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കഥ കുരിശിന്റെ അത്ഭുതങ്ങളിൽ ആദ്യത്തേതാണ്. ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ മരണശേഷം റോമിൽ അധികാരത്തിനായി ഒരു മത്സരം നടന്നു. കോൺസ്റ്റന്റൈൻ ചക്രവർത്തിയും മാക്‌സെൽഷിയൂസും പരസ്പരം യുദ്ധത്തിനായി സൈന്യങ്ങളെ നയിച്ചു. എ.ഡി. 312 ഒക്‌ടോബറിൽ ടൈബർ നദിക്ക് കുറുകെയുള്ള മിൽവിയാൻ പാലത്തിൽ അവർ പരസ്പരം ഏറ്റുമുട്ടി. മാക്‌സെൽഷിയൂസിന്റെ വലിയ സൈന്യത്തെ കണ്ട് കോൺസ്റ്റന്റൈൻ ചക്രവർത്തി ഭയചകിതനായി. തന്റെ ചെറിയ സൈന്യത്തിന് മാക്‌സെൽഷിയൂസിന്റെ വലിയ സൈന്യത്തിനെ നേരിടാനാകില്ലെന്ന സത്യം മനസിലാക്കിയ കോൺസ്റ്റന്റൈൻ അസ്വസ്ഥനായി. ഉറക്കം വരാതെ രാത്രിയിൽ ആലോചനാനിമഗ്നായി പുറത്ത് ഉലാത്തിക്കൊണ്ടിരുന്ന കോൺസ്റ്റന്റൈൻ പെട്ടെന്ന് ആകാശത്തിൽ ഒരു അടയാളം കണ്ടു. അടയാളത്തോടൊപ്പം താഴെ പറയുന്ന ഒരെഴുത്തും ഉണ്ടായിരുന്നു. “ഈ അടയാളത്താലെ നീ വിജയിക്കും” ഈ അടയാളത്തിൽ കണ്ടത് പ്രകാശമാനമായൊരു കുരിശാണെന്നാണ് ചക്രവർത്തിയുടെ ജീവചരിത്രകാരനായ കേസറിയായിലെ യൗസേബിയൂസ് പറയുന്നത്. അതേ രാത്രിയിൽ തന്നെ യേശുക്രിസ്തു സ്വപ്നത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിക്ക് പ്രത്യക്ഷപ്പെട്ട് യുദ്ധത്തിൽ സംരക്ഷണ മുദ്രയായി തന്റെ അടയാളം ഉപയോഗിക്കാൻ നിർദേശിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ഗ്രീക്കു ഭാഷയിൽ ക്രിസ്തു എന്ന പദത്തിന്റെ ആദ്യ അക്ഷരങ്ങൾ കൂട്ടിച്ചേർത്തതായിരുന്നു ഈ അടയാളം. പടയാളികളുടെ പരിചയിലും പതാകകളിലും ഈ അടയാളം പതിക്കുവാൻ ആ രാത്രിയിൽ തന്നെ ചക്രവർത്തി ഉത്തരവിട്ടു. ക്രിസ്തുവിന്റെ അടയാളമുള്ള പതാകയുമേന്തി അടുത്ത ദിവസം അവർ യുദ്ധം തുടങ്ങി. ശത്രുക്കൾ നിശേഷം പരാജയപ്പെടുകയും കോൺസ്റ്റന്റൈൻ റോമാസാമ്രാജ്യത്തിന്റെ മുഴുവൻ ചക്രവർത്തിയായി അംഗീകരിക്കപ്പെടുകയും ചെയ്തു. കുരിശടയാളം അതോടെ ക്രിസ്തുവിന്റെയും റോമാ സാമ്രാജ്യത്തിന്റെയും യുദ്ധ വിജയത്തിന്റെയും അടയാളമായി മാറുകയാണുണ്ടായത്.
 കുരിശടയാളം: അർഥവും വ്യാപ്തിയും 
 
1. കുരിശുവര: നിശബ്‌ദ പ്രാര്‍ത്ഥനയാണ്  
 
നമ്മുടെ പ്രാര്‍ത്ഥനയും ആരാധനയും  തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കുരിശുവരച്ചു കൊണ്ടാണ്. കുരിശുവര തന്നെ ഒരു പ്രാര്‍ത്ഥനയാണ്. “കുരിശുവര വെറുമൊരു ആംഗ്യമല്ല, ക്രിസ്തീയ ജീവിതത്തിന്റെ അഭിഭാഷകനും പ്രതിനിധിയുമായി പരിശുദ്ധാത്മാവിനെ ചുമതലപ്പെടുത്തുന്ന ഏറ്റവും ഫലവത്തായ ഒരു പ്രാര്‍ത്ഥനയാണ് കുരിശുവര”
 
2. കുരിശുവര: ദൈവീകകൃപ സ്വീകരിക്കാന്‍ ഒരുക്കുന്നു ‍ 
 
കുരിശടയാളം, ദൈവീക കൃപകളെ സ്വീകരിക്കുവാനായി നമ്മെ  ഒരുക്കുന്നതിനോടൊപ്പം തന്നെ, ദൈവകൃപ സഹകരിക്കുവാന്‍ തക്കവണ്ണം യോഗ്യരാക്കുകയും ചെയ്യുന്നു. 
 
3. കുരിശുവര: നമ്മുടെ ദിവസത്തെ വിശുദ്ധീകരിക്കുന്നു 
 
നമ്മുടെ ഓരോ ദിവസവും നിരവധി പ്രവര്‍ത്തികളിലൂടെയാണ്  കടന്നുപോകുന്നതാണ്. കുരിശുവര  നമ്മുടെ ദിവസത്തെ പൂര്‍ണ്ണമായും വിശുദ്ധീകരിക്കുന്നു. “മുന്നോട്ടുള്ള ഓരോ ചുവടിലും, ചലനത്തിലും, ഓരോ പ്രാവശ്യവും പുറത്ത് പോകുമ്പോഴും മടങ്ങി വരുമ്പോഴും, വസ്ത്രങ്ങൾ  ധരിക്കുമ്പോഴും, കുളിക്കുമ്പോഴും, കസേരയില്‍ ഇരിക്കുമ്പോഴും, വിളക്കുകള്‍ തെളിക്കുമ്പോഴും, കിടക്കുമ്പോഴും തുടങ്ങി ഒരു ദിവസത്തിലെ മുഴുവന്‍ സാധാരണ പ്രവര്‍ത്തികളില്‍ പോലും കുരിശടയാളം വരക്കണം” എന്ന് തെർത്തുല്യൻ  എഴുതിയിരിക്കുന്നു. 
 
4. ‍ കുരിശുവര: നമ്മളെ പൂര്‍ണ്ണമായും ക്രിസ്തുവിന് സമര്‍പ്പിക്കുന്നു. 
 
നമ്മുടെ കൈ നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും അവിടെ നിന്നും ഇരു വശങ്ങളിലേക്കും ചലിപ്പിക്കുമ്പോള്‍, നമ്മുടെ മനസ്സിനും, വികാരങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും, നമ്മുടെ ശരീരത്തിനും വേണ്ടി ദൈവത്തോട് അനുഗ്രഹങ്ങള്‍ ചോദിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കുരിശടയാളം നമ്മുടെ ശരീരത്തേയും, ആത്മാവിനേയും, മനസ്സിനേയും, ഹൃദയത്തേയും ക്രിസ്തുവിനു സമര്‍പ്പിക്കുകയാണ്. “നിങ്ങളുടെ ശരീരം, ആത്മാവ്, മനസ്സ്, ആഗ്രഹം, ചിന്തകള്‍, വികാരങ്ങള്‍, നിങ്ങള്‍ ചെയ്യുന്നതും, ചെയ്യാത്തതുമായ കാര്യങ്ങള്‍ തുടങ്ങിയ എല്ലാറ്റിലും കുരിശടയാളത്തിലൂടെ സമര്‍പ്പിക്കുക. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ നാം കുരിശ് വരക്കുമ്പോള്‍ നമ്മെ  ശക്തിപ്പെടുത്തുകയും, നമ്മെ  മുഴുവാനായും ക്രിസ്തുവിന്റെ ശക്തിയില്‍ ചേര്‍ക്കുകയുംചെയ്യും”.
 
5. ‍ കുരിശുവര: യേശുക്രിസ്തുവിന്റെ മനുഷ്യാവതാര സ്മരണ പുതുക്കുന്നു. 
 
കുരിശടയാളം വരക്കുമ്പോള്‍ നമ്മുടെ കരം നെറ്റിയില്‍ നിന്നും നെഞ്ചിലേക്ക് ചലിപ്പിക്കുന്നത് “യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു” എന്നതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. കുരിശടയാളം എങ്ങനെയാണ് വരക്കേണ്ടതെന്ന ഓർത്തോഡോക്സ് സഭ പഠിപ്പിക്കുന്നത്  “മൂന്ന്  വിരലുകള്‍ ചേര്‍ത്ത് പിടിച്ച് വേണം കുരിശടയാളം വരക്കുവാന്‍”. ഇത് പരിശുദ്ധ ത്രിത്വത്തെയും ഒപ്പം യേശുക്രിസ്തുവിന്റെ രണ്ട്  പ്രകൃതത്തെയും പ്രതിനിധാനം ചെയ്യുന്നു എന്നും പിതാക്കന്മാർ പഠിപ്പിക്കുന്നു 
 
6. ‍ കുരിശുവര: നമ്മുടെ കര്‍ത്താവിന്റെ സഹനങ്ങളെ ഓര്‍ക്കുന്നു. 
 
അടിസ്ഥാനപരമായി, കുരിശിന്റെ ഒരു ബാഹ്യരൂപം വരക്കുന്നത് വഴി നമ്മള്‍ യേശുവിന്റെ കുരിശുമരണത്തെ ഓര്‍മ്മിക്കുകയാണ് ചെയ്യുന്നത്. വലത് കരം തുറന്ന് പിടിച്ച് അഞ്ച് വിരലുകളും ഉപയോഗിച്ച് കുരിശടയാളം വരക്കുകയാണെങ്കില്‍ അത് ക്രിസ്തുവിന്റെ ഓര്‍മ്മ പുതുക്കലിനെ ഒന്നുകൂടി ശക്തിപ്പെടുത്തും. അഞ്ചു വിരലുകളും യേശുവിന്റെ അഞ്ച് മുറിവുകളെ പ്രതിനിധാനം ചെയ്യുന്നു എന്നൊരു പരാമർശം കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. 
 
7. കുരിശുവര: പരിശുദ്ധ ത്രിത്വത്തിന്റെ സ്ഥിരീകരണത്തെ അനുസ്മരിക്കുന്നു. ‍ 
 
കുരിശു വരക്കുമ്പോള്‍ പിതാവായ ദൈവത്തേയും, പുത്രനേയും, പരിശുദ്ധാത്മാവിനേയും ധ്യാനിക്കുന്നത് വഴി നമ്മള്‍ ത്രീത്വൈക ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുകയാണ്. മൂന്ന്  വിരലുകള്‍ ഉപയോഗിച്ച് ഈ അടയാളം വരക്കുകയാണെങ്കില്‍ അത് നമ്മുടെ ത്രിത്വ വിശ്വാസത്തെ കൂടുതല്‍ ദൃഡപ്പെടുത്തുമെന്ന്. 
 
8. കുരിശുവര: നമ്മുടെ പ്രാര്‍ത്ഥന ദൈവത്തില്‍ കേന്ദ്രീകൃതമാക്കുന്നു ‍ 
 
ദൈവത്തെ എങ്ങിനെ സംബോധന ചെയ്യണം എന്നതു നമ്മെ  പലരെയും സംശയത്തിലാഴ്ത്താറുണ്ട്. മുകളിലിരിക്കുന്ന ആള്‍, നമ്മുടെ സുഹൃത്ത്, പ്രാപഞ്ചിക ശക്തി തുടങ്ങിയ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ വിവിധ സങ്കല്‍പ്പങ്ങളാണ് ഇതിനു കാരണം. കുരിശടയാളം വരക്കുക വഴി പെട്ടെന്ന്തന്നെ നമ്മുടെ ശ്രദ്ധ ദൈവത്തില്‍ കേന്ദ്രീകരിക്കുവാന്‍ സാധിക്കും. 
 
“നാം  പരിശുദ്ധ ത്രിത്വത്തെ വിളിക്കുമ്പോള്‍, നമ്മെ  സൃഷ്ടിച്ച ദൈവത്തില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളേയും, പ്രതിരൂപങ്ങളേയും മാറ്റി നിര്‍ത്തി, ദൈവം തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തി. കുരിശു വരക്കുന്നതിലൂടെ പിതാവ്, പുത്രന്‍ പരിശുദ്ധാത്മാവ് എന്ന ത്രീത്വൈക ദൈവത്തിനായി നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുകയാണ് ചെയ്യുന്നത് 
 
9. കുരിശുവര: പിതാവിന്റെയും പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും ഇറങ്ങിവരവിനെ സ്ഥിരീകരിക്കുന്നു 
 
കുരിശടയാളം വരക്കുവാനായി നമ്മള്‍ നമ്മുടെ കരം നെറ്റിയിലേക്ക് ആദ്യമായി ഉയര്‍ത്തുന്നത് വഴി ത്രിത്വൈക ദൈവത്തിലെ ആദ്യ വ്യക്തിയായ പിതാവിനെ സ്ഥിരീകരിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. നമ്മുടെ കൈ താഴ്ത്തുമ്പോള്‍ ആ “പിതാവില്‍ നിന്നും വന്നതാണ് പുത്രന്‍ എന്ന്  സ്ഥിരീകരിക്കുന്നു.” പരിശുദ്ധാത്മാവിനെ ധ്യാനിച്ചുകൊണ്ട് നമ്മള്‍ അവസാനിപ്പിക്കുമ്പോള്‍, പിതാവില്‍ നിന്നും പുത്രനില്‍ നിന്നുമാണ് പരിശുദ്ധാത്മാവ് വരുന്നതെന്ന്  സ്ഥിരീകരിക്കുന്നു”. 
 
10. കുരിശുവര: നമ്മുടെ വിശ്വാസത്തെ ഏറ്റു പറയുന്നു ‍ 
 
യേശുവിന്റെ മനുഷ്യാവതാരത്തിലും, കുരിശുമരണത്തിലും, പരിശുദ്ധ ത്രിത്വത്തിലുമുള്ള നമ്മുടെ വിശ്വാസം സ്ഥിരീകരിക്കുക വഴി നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളെ വാക്കുകളിലൂടെയും, ആംഗ്യത്തിലൂടെയും പ്രഘോഷിക്കുന്ന ഒരു ഏറ്റുപറച്ചിലാണ് നമ്മള്‍ കുരിശുവരയിലൂടെ നടത്തുന്നത്. 
 
11. കുരിശുവര: ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ധ്യാനിക്കുന്നു ‍ 
 
വിശുദ്ധ വേദഗ്രന്ഥങ്ങളിൽ ദൈവത്തിന്റെ നാമമെന്നാല്‍ ശക്തിയാണ്. വിശുദ്ധ പൌലോസ് ശ്ലീഹാ ഫിലിപ്പിയ ലേഖനത്തിൽ  2:10-11-ല്‍ പറയുന്നു, “ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്”. കൂടാതെ യോഹന്നാന്‍ 14:13-14-ല്‍ “നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും” എന്ന്  യേശുക്രിസ്തു പറയുന്നു. ഇതിനാല്‍ തന്നെ കുരിശ് വരക്കുന്നതിലൂടെ ത്രീത്വൈക ദൈവത്തിന്റെ ശക്തിയെ  നാം ധ്യാനിക്കുന്നു. 
 
12. ‍ കുരിശുവര: യേശുവിന്റെ ശിഷ്യത്വത്തോടുള്ള നമ്മുടെ സമ്മതം പ്രഘോഷിക്കുന്നു 
 
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” എന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. “ഗലാത്യ ലേഖനത്തില്‍ 2:19-ല്‍ വിശുദ്ധ പൗലോസ് ശ്ലീഹ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ഞാന്‍ ക്രിസ്തുവിനോട് കൂടെ ക്രൂശിതനായിരിക്കുന്നു.” വിശുദ്ധ കുരിശിന്റെ അടയാളം പ്രഘോഷിക്കുന്നതു വഴി  യേശുക്രിസ്തുവിന്റെ ശിഷ്യത്വത്തോടുള്ള നമ്മുടെ സമ്മതത്തെ പ്രഘോഷിക്കുകയാണ് ചെയ്യുന്നത്.
 
13. കുരിശുവര: ദൈവത്തിന്റെ ഇടപെടലിനായി സഹായം അഭ്യര്‍ത്ഥിക്കുന്നു ‍ 
 
നമ്മുടെ ഇടത്  വശത്ത് നിന്നും വലത്  വശത്തേക്ക് നമ്മുടെ കരം ചലിപ്പിക്കുമ്പോള്‍ ഇടത്തേതിന്റെ മക്കളായ നമ്മെ വലത്തേതിന്റെ മക്കളാക്കി മാറ്റുന്നു എന്നും നമ്മള്‍ ദൈവത്തോട് “നമ്മുടെ സഹനങ്ങളിലും, യാതനകളിലും നമ്മെ  സഹായിക്കുവാനും അവന്റെ ചുമലില്‍ വഹിക്കുവാനും അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നത് എന്നും ഒരു വിശദീകരണം പിതാക്കന്മാർ നൽകുന്നുണ്ട്.
 
14 . ശാപത്തെ തിരിച്ചയക്കുന്നു 
 
കുരിശടയാളം വരക്കുമ്പോള്‍ നമ്മുടെ കരം “ഇടത് വശമാകുന്ന ശാപത്തില്‍ നിന്നും വലതു വശമാകുന്ന അനുഗ്രഹത്തിലേക്ക് ചലിപ്പിക്കുന്നു. “ഇത് നമ്മുടെ പാപങ്ങളും വീഴ്ചകളും ക്ഷമിക്കപ്പെടുമെന്ന് ഓർമ്മിപ്പിക്കുന്നു. “മരണത്തില്‍ നിന്നും നിത്യജീവനിലേക്കും സ്വര്‍ഗ്ഗീയ മഹത്വത്തിലേക്കും ഉയര്‍ത്തപ്പെട്ട യേശുവിനേപ്പോലെ, നമ്മുടെ ഇപ്പോഴത്തെ യാതനകളില്‍ നിന്നും ഭാവിയിലെ മഹത്വത്തിലേക്കുള്ള നമ്മുടെ യാത്രയേയും, ഇടതു വശത്തു നിന്നും വലതുവശത്തേക്കുള്ള ഈ ചലനം പ്രതിനിധാനം ചെയ്യുന്നു”. 
 
15 . കുരിശുവര: നമ്മുടെ മാമ്മോദീസാ വാഗ്ദാനത്തെ വീണ്ടും ഉറപ്പിക്കുന്നു. 
 
നമ്മുടെ മാമ്മോദീസാ വേളയില്‍ ഉപയോഗിച്ച അതേ വാക്കുകള്‍, കുരിശിന്റെ അടയാളം വഴി സംഗ്രഹിക്കുകയും വീണ്ടും സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മുദ്രയുയിടപ്പെട്ട നാം ആ വിശ്വാസ പ്രഖ്യാപനം ആവർത്തിച്ചുറപ്പിച്ചു പ്രഖ്യാപിക്കുന്നു 
 
16. കുരിശുവര: ക്രിസ്തുവിന്റെ പ്രതിരൂപത്തില്‍ സ്വയം പുനര്‍സൃഷ്ടി നടത്തുന്നു. ‍ 
 
നമ്മുടെ പാപകരമായ അവസ്ഥയില്‍ നിന്നും ക്രിസ്തുവിന്റെ പ്രതിരൂപത്തിലേക്കു റൂപാന്തരപ്പെടുന്നതിന് എന്തൊക്കെ ഗുണങ്ങളെയാണ് നാം ധരിക്കേണ്ടതെന്ന് കൊലോസ്യ ലേഖനത്തില്‍ വിശുദ്ധ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നു. നാം നമ്മുടെ പഴയ സ്വഭാവത്തെ മാറ്റി പകരം “നമ്മുടെ സൃഷ്ടാവിന്റെ പ്രതിരൂപത്തില്‍ നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കേണ്ടതായിട്ടുണ്ട്” 
 
ഈ വാക്യവും കുരിശിലെ യേശുവിന്റെ സഹനങ്ങളും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമാണുള്ളത്. “മാമ്മോദീസയിലൂടെയുള്ള നമ്മുടെ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി പുതിയ മനുഷ്യനെ ധരിച്ചുകൊണ്ട് കുരിശിലെ യേശുവിന്റെ സഹനങ്ങളില്‍ നാമും പങ്കുചേരുന്നു. “ യേശുവിന്റെ കുരിശിലെ യാതനയിലും, പിന്നീട് മഹത്വത്തിലേക്കുള്ള ഉത്ഥാനത്തിലും നമ്മള്‍ക്കും പങ്ക്ചേരുവാനുള്ള ഒരു മാര്‍ഗ്ഗമായി നമുക്ക് കുരിശുവരയെ  കാണാവുന്നതാണ്”.
 
17. ‍ കുരിശുവര: നമ്മെ ക്രിസ്തുവില്‍ അടയാളപ്പെടുത്തുന്നു. 
 
പുരാതന ഗ്രീക്കില്‍ ‘അടയാളം’ എന്നതിനുള്ള വാക്ക് ‘സ്ഫ്രാഗിസ്’ (Sphragis) എന്നായിരുന്നു. പുതിയനിയമത്തില്‍ ‘സ്ഫ്രാഗിസ്’ എന്ന വാക്കിന്  ‘മുദ്ര’ എന്നാണർത്ഥം. എന്നാല്‍ ഈ വാക്ക് ‘ഉടമസ്ഥതയേയും’ കുറിക്കുന്നു. ഒരു ആട്ടിടയന്‍ തന്റെ ആടുകളെ അടയാളപ്പെടുത്തുന്നത് അത് തന്റെ സ്വത്താണ് എന്ന് കാണിക്കുവാനാണ്. ഇതും ‘സ്ഫ്രാഗിസ്’ എന്ന അടയാളം തന്നെയാണ്. കുരിശടയാളം വരക്കുന്നത് വഴി നമ്മുടെ യഥാര്‍ത്ഥ ആട്ടിടയനായ ക്രിസ്തുവിന്റെ സ്വത്താണെന്ന് സ്വയം അടയാളപ്പെടുത്തുകയാണ്  ചെയ്യുന്നത്. 
 
18 . ‍ കുരിശുവര: നമ്മെത്തന്നെ ആത്മാവില്‍ മുദ്രപതിപ്പിക്കുന്നു 
 
2 കൊരി  1:22-ല്‍ വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് “ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകം ചെയ്തിരിക്കുന്നതും ദൈവമാണ്. അവിടുന്ന് നമ്മില്‍ തന്റെ മുദ്രപതിപ്പിക്കുകയും അച്ചാരമായിട്ട് തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു.” കുരിശടയാളം വരക്കുന്നത് വഴി, നാം ഒരിക്കല്‍ കൂടി ദൈവത്തിന്റെ ശക്തമായ മാധ്യസ്ഥം നമ്മുടെ ജീവിതങ്ങളില്‍ അപേക്ഷിച്ചുകൊണ്ട് നമ്മെത്തന്നെ ആത്മാവില്‍ മുദ്രപതിപ്പിക്കുകയാണ് ചെയ്യുന്നത്. 
 
19 . കുരിശുവര: ക്രിസ്തുവിന്റെ പടയാളി ആകുന്നു ‍ 
 
ഇടയനായ ക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന കാരണത്താല്‍ നമ്മെ അജഗണം എന്ന് വിളിക്കുന്നുണ്ടെങ്കിലും, ആടിന്റേത് പോലെയുള്ള ശാന്ത സ്വഭാവക്കാരാണ് നാമെന്ന്  അതിനര്‍ത്ഥമില്ല. പകരം യേശുവിന്റെ പടയാളികളാകുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എഫേസ്യ  ലേഖനത്തിന്റെ ആറാം അധ്യായത്തില്‍ വിശുദ്ധ പൗലോസ്എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, “സാത്താന്റെ കുടിലതകള്‍ക്കെതിരെ പോരാടുവാന്‍ ദൈവത്തിന്റെ കവചം ധരിക്കുക. മോക്ഷമാകുന്ന ശിരോകവചവും, ദൈവ വചനമാകുന്ന ആത്മാവിന്റെ വാളും ധരിക്കുക.” കുരിശ് വരച്ചു കൊണ്ട് ക്രിസ്തുവിനായി പോരാടാനാണ് നാമോരുരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്.
 
20 . ‍ കുരിശുവര: പിശാചിനെ ചെറുക്കുന്നു. 
 
പിശാചിനെതിരെ പ്രയോഗിക്കുവാന്‍ കഴിയുന്ന ഏറ്റവും നല്ല ആയുധങ്ങളിലൊന്നാണ് കുരിശടയാളം. മധ്യകാലഘട്ടങ്ങളിലെ സുവിശേഷകനായിരുന്ന ഈല്‍ഫ്രിക്ക് പറഞ്ഞിരിക്കുന്നത് ഏറെശ്രദ്ധേയമാണ്. “കുരിശടയാളമല്ലാതെ മനോഹരമായ കരചലനം കൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ കഴിയുന്ന മറ്റൊരു അംഗവിക്ഷേപവും ഇല്ല. ഒരുവന്‍ കുരിശടയാളം വരക്കുമ്പോള്‍ സാത്താന്‍ ഭയപ്പെടുന്നു”. “കുരിശ് അടയാളം വരക്കുമ്പോള്‍ അത് തങ്ങളെ മര്‍ദ്ദിക്കുവാനുള്ള ഒരു വടിയാണെന്ന് കണ്ട്  പിശാചുക്കള്‍ പറന്നകലും” എന്ന്  വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം പറയുന്നു. 
 
21. കുരിശുവര: മറ്റുള്ളവര്‍ക്ക്‌ മുന്‍പില്‍ സാക്ഷ്യം വഹിക്കുന്നവനാകുന്നു. ‍ 
 
നമ്മുടെ വിശ്വാസം മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള ഒരു ലളിതമായ ഉപാധിയാണ് കുരിശുവരക്കല്‍. നമ്മുടെ പ്രിയപ്പെട്ടവരുടെ മുന്നില്‍ ഓരോ തവണയും നാം കുരിശ് വരക്കുമ്പോഴും അവര്‍ക്ക് മുന്നില്‍ നസ്രായനായ യേശുവിനെയാണ് നാം പ്രഘോഷിക്കുന്നത്. 
 
ജെറുസലേമിലെ വിശുദ്ധ സിറില്‍ പറയുന്നതു ഇപ്രകാരമാണ്, “കുരിശുമരണം വരിച്ചവനെ ഏറ്റുപറയുന്നതില്‍ നമ്മള്‍ ഒരിക്കലും ലജ്ജിക്കരുത്. നമ്മുടെ വിരലുകളാല്‍ നെറ്റിയില്‍ ധൈര്യപൂര്‍വ്വം കുരിശടയാളം വരക്കുന്നത് വഴി കുരിശ് നമ്മുടെ മുദ്രയായിരിക്കട്ടെ, നമ്മള്‍ ഭക്ഷിക്കുന്ന ഭക്ഷണത്തിലും, കുടിക്കുന്ന കപ്പുകളിലും, നമ്മള്‍ വരികയും പോവുകയും ചെയ്യുമ്പോഴും, ഉറങ്ങുവാന്‍ പോകുന്നതിന് മുന്‍പും, ഉണരുമ്പോഴും, നടക്കുമ്പോഴും, നില്‍ക്കുമ്പോഴും തുടങ്ങി എല്ലാക്കാര്യങ്ങളിലും കുരിശടയാളം നമ്മുടെ മുദ്രയായിരിക്കട്ടെ,” 
 
നമ്മുടെ പ്രിയപ്പെട്ടവരുടെ ഒപ്പം നാം ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും അപ്രതീക്ഷിതമായി നമ്മേ ഒരനുഗ്രഹം തേടി വരുമ്പോഴും ‘കുരിശ്’ വരച്ചു കൊണ്ട് നമ്മുക്ക് മറ്റുള്ളവരുടെ മുന്നില്‍ സാക്ഷ്യം വഹിക്കാം.
 
22. ദൈവം നൽകുന്ന അടയാളം
 
ദൈവം നൽകുന്ന അടയാളം ശരീരത്തിൽ വഹിക്കുന്ന പതിവ് പഴയനിയമ കാലഘട്ടം മുതലേ നിലവിലുണ്ടായിരുന്നുവെന്ന് വിശുദ്ധ വേദപുസ്തകം സാക്ഷിക്കുന്നു  
 
ഉൽപത്തി 4:15-ൽ കായേനിന് ദൈവം നൽകുന്ന അടയാളവും “ യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.”
 
 പുറ. 12:11-14-ൽ “നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീം ദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശ ഹേതുവായ്തീരുകയില്ല.” 
 
കട്ടിളപടിയിൽ അടയാളമിട്ട് സംഹാരദൂതനിൽനിന്ന് ഇസ്രായേൽജനം രക്ഷപ്പെടുന്നതും യെസക്കിയേൽ 9:4-ൽ 4. “അവനോടു യഹോവ: നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെനടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകലമ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.”
 
പുതിയ നിയമത്തിലേക്ക് വരുമ്പോൾ വെളിപാടു പുസ്തകത്തിൽ 14:1-ൽ “പിന്നെ ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടു കൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു” എന്നും  നാം വായിക്കുന്നു 
 
കുഞ്ഞാടിനോടുകൂടി സീയോൻ മലയിൽ നിൽക്കുന്നവരുടെയെല്ലാം നെറ്റിയിൽ കർത്താവിന്റെ നാമം അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന്. മുകളിൽ പറഞ്ഞ പഴയനിയമ സൂചനകളും പുതിയനിയമത്തിലെ ഈ ദർശനവും നെറ്റിയിൽ കുരിശുവരക്കുന്നതിന്റെ പ്രാരംഭ പ്രേരണ ഘടകങ്ങളായികാണാവുന്നതാണ്.
 
23. കുരിശടയാളം ചരിത്രത്തിലൂടെ
 
കുരിശടയാളം ക്രിസ്തീയ സത്യങ്ങളുടെ ആകെ തുകയാണെന്ന് പറയാം. പരിശുദ്ധ ത്രിത്വത്തിലും രക്ഷയുടെ അടയാളമായ കുരിശിലും ഒരുപോലെ വിശ്വാസം ഏറ്റുപറയുകയാണ് കുരിശടയാളത്തിലൂടെ നാം ചെയ്യുന്നത്. 
 
പതിനൊന്നാം നൂറ്റാണ്ടോടുകൂടി വലിയ കുരിശടയാളം സാർവത്രികമായി എന്ന് കണക്കാക്കപ്പെടുന്നു.
 
എ.ഡി. 259-ൽ ജീവിച്ച വിശുദ്ധ സിപ്രിയാൻ പറയുന്നു: നെറ്റിയിൽ കുരിശടയാളം വരക്കുന്ന എല്ലാവർക്കും രക്ഷ ലഭിക്കുമെന്ന്. ഒറിഗൺ  പറയുന്നത് ക്രിസ്ത്യാനികൾ എന്തു ചെയ്യുന്നതിനും മുമ്പ് നെറ്റിയിൽ കുരിശ് വരച്ചിരുന്നുവെന്നാണ്. 
 
നാലാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ജീവിച്ച വിശുദ്ധ അംബ്രോസ് പറയുന്നത്, ക്രിസ്ത്യാനികളാകാൻ ആഗ്രഹിച്ചുവന്നിരുന്ന അർത്ഥികൾ കുരിശടയാളത്തിൽ വിശ്വസിച്ചിരുന്നുവെന്നാണ്. 
 
എ.ഡി. 421-ൽ ജീവിച്ച വിശുദ്ധ ജെറോം പറയുന്നു: “കുരിശടയാളം നെറ്റിത്തടത്തിൽ പതിക്കപ്പെടട്ടെ”
 
വിശുദ്ധ ജെറോമിന്റെ സമകാലീനനായ വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നത് “യേശുവിന്റെ കുരിശിന്റെ അടയാളത്തിൽ നാം മുദ്രിതരാകണം” എന്നാണ്. ജറുസലേമിലെ വിശുദ്ധ സിറിൾ പറയുന്നത് കുരിശ് വിശ്വാസികളുടെ അടയാളവും പിശാചുക്കളുടെ ഭീതികാരണവുമെന്നാണ്. തന്റെ മതബോധനഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നത് നാം എപ്പോഴുംവിശുദ്ധ കുരിശ് വരയ്ക്കണമെന്നാണ്. ഏതു കാര്യം ചെയ്യുന്നതിനു മുമ്പും പിമ്പും കുരിശ് വരക്കണം.
 
24. കുരിശടയാളം വരക്കുന്ന വിധം
 
വിശുദ്ധ മാർ എഫ്രേം പഠിപ്പിക്കുന്നത്  “വിജയകരമായ കുരിശടയാളത്താലെ നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തെയും മുദ്ര കുത്തുകയും അലങ്കരിക്കുകയും ചെയ്താൽ യാതൊന്നിനും നമ്മെ ഉപദ്രവിക്കാൻ സാധിക്കില്ല ” എന്നാണ്.
 
25. പൗരസ്ത്യസഭ
 
പൗരസ്ത്യസഭകളിൽ വലതു കൈയിലെ പെരുവിരലും ചൂണ്ടാണിവിരലും മോതിരവിരലും ചേർത്തുപിടിച്ച് ഒന്നായിട്ടാണ് കുരിശു വരക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിന്റെ പ്രതീകമാണ് ഈ മൂന്നു വിരലുകളെങ്കിൽ അകത്തേക്ക് മടക്കിവച്ചിരിക്കുന്ന രണ്ടു വിരലുകൾ യേശുക്രിസ്തുവിന്റെ  ദൈവസ്വഭാവത്തെയും മനുഷ്യസ്വഭാവത്തെയും സൂചിപ്പിക്കുന്നു എന്നാണ് പൗരസ്ത്യചിന്ത. 
 
26. പാശ്ചാത്യസഭ
 
പാശ്ചാത്യസഭയിൽ ബനഡിക്ടൻ സന്യാസിമാർ അഞ്ചുവിരലും നിവർത്തിപ്പിടിച്ചാണ് കുരിശുവരക്കുന്നത്. യേശുവിന്റെ അഞ്ചു തിരുമുറിവുകളെയാണ് ഈ അഞ്ചു വിരലുകൾ പ്രതിനിധീകരിക്കുന്നത് എന്നാണ് അവർ പറഞ്ഞത്.
 
ഇന്ന് സാധാരണയായി ചെറിയ കുരിശടയാളം ശിരസിലും നെഞ്ചിലും ഇരുതോളുകളിലും വലതുകൈകൊണ്ട് വരക്കുന്നു. സഭാപിതാക്കന്മാർ പഠിപ്പിക്കുന്നതനുസരിച്ച് നെറ്റിത്തടം സ്വർഗത്തെയും നെഞ്ചിനു താഴെ വരക്കുന്നത് ഭൂമിയെയും ഇരുതോളുകൾ ശക്തിയുടെ ഉറവിടമായും ചിത്രീകരിക്കുന്നു.
 
വലിയ കുരിശടയാളം വരക്കുന്നത് ഇപ്രകാരമാണ്. കൈകൾ കൂപ്പിയാണ് വലിയ കുരിശു വരക്കാൻ തുടങ്ങുന്നത്. ഇടതുകരം നെഞ്ചിൽ ചേർത്ത് വലതുകരത്തിന്റെ തള്ളവിരൽ മാത്രം നിവർത്തി വിശുദ്ധ കുരിശിന്റെ അടയാളത്താൽ എന്നു പറഞ്ഞുകൊണ്ട് നെറ്റിത്തടത്തിൽ കുരിശടയാളം വരക്കുന്നു. ബുദ്ധിയുടെയും ചിന്തയുടെയും ഉറവിടമായ നെറ്റിത്തടം വിശുദ്ധീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തുടർന്ന് അധരങ്ങളിൽ കുരിശടയാളം വരച്ചുകൊണ്ട് ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നത് നമ്മുടെ സംസാരത്തെയും അധരം ഉപയോഗിച്ചുള്ള പ്രാർത്ഥനയെയും ആശീർവദിക്കണമേ, വിശുദ്ധീകരിക്കണമേ എന്നാണ്.
 
നെഞ്ചിനു താഴെ കുരിശുവരച്ച് ഞങ്ങളുടെ തമ്പുരാനേ എന്ന് വിളിച്ചപേക്ഷിക്കുമ്പോൾ നമ്മുടെഹൃദയ വിചാരങ്ങളെയും വികാരങ്ങളെയും വിശുദ്ധീകരിക്കണമേ എന്നാണ്  പ്രാർത്ഥിക്കുന്നത്.
 
നെറ്റിയിലേക്ക് കരമുയർത്തി പിതാവിന്റെയും എന്നു പറയുമ്പോൾ നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തെയും നെഞ്ചിലേക്ക് കരങ്ങൾ താഴ്ത്തി പുത്രന്റെയും എന്നു പറയുമ്പോൾ സ്വർഗത്തിൽ നിന്ന് ഭൂമിയിലിറങ്ങിയ പുത്രനായ ദൈവത്തെയും തുടർന്ന് ഒരു തോളിൽനിന്ന് മറുതോളിലേക്ക് കരങ്ങൾ ചലിക്കുമ്പോൾ രക്ഷ നൽകാനായി ഈശോ സഹിച്ച പീഡാസഹനങ്ങളെയും ത്രിത്വത്തെയും ഓർക്കുന്നു .
 
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞ് ത്രീയേക സ്തുതിയോടെ നാം വലിയ കുരിശടയാളം വരക്കുന്നത് രക്ഷയിലേക്കുള്ള പ്രവേശനമാണെന്ന് പറയാം. 
 
ക്യംതാ-സ്ലീബാ നമസ്കാരങ്ങൾ
 
മലങ്കര സഭയില്‍ ഇന്ന് പ്രാബല്യത്തില്‍ ഇരിക്കുന്ന കുര്‍ബാനക്രമം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1903 ല്‍ ആണ്.കുര്‍ബാനക്രമം പരിപൂര്‍ണമായി സുറിയാനി മൂലത്തില്‍ നിന്നും തര്‍ജമ ചെയ്യുന്നതിനുള്ള ഉദ്യമം ആരംഭിക്കുന്നത് മലങ്കര സഭയുടെ നിരണം ഭദ്രാസനാധിപനായിരുന്ന ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി (പരിശുദ്ധ പരുമല തിരുമേനി) ആണ്. പരുമല തിരുമേനി മലങ്കര മല്‍പാന്‍ ആയിരുന്ന വട്ടശേരില്‍ ഗീവര്‍ഗീസ് മല്‍പാനേയും (വട്ടശേരില്‍ ദീവന്നാസിയോസ് തിരുമേനി ) കോനാട്ട് മാത്തന്‍ മല്‍പാനെയും നിയോഗിക്കുകയും ഇവര്‍ ഭംഗിയായി ആരാധനക്രമ വിവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്തു. സുറിയാനി ഗാനങ്ങള്‍ വട്ടശേരില്‍ മല്‍പ്പാന്റെയും കോനാട്ട് മല്‍പാന്റെയും സഹകരണത്തോടെ വിവര്‍ത്തനം ചെയ്തത് മലയാള മനോരമ സ്ഥാപകന്‍ ആയിരുന്ന കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയാണ്. 1809 പാശ്ചാത്യ സുറിയാനി സഭയുടെ ആരാധനാക്രമം മലങ്കര സഭ സ്വീകരിച്ചു. 1944-ൽ രണ്ടാം പരിഭാഷ ആരംഭിക്കുകയും 1960-ൽ ക്യംതാ-സ്ലീബാ നമസ്കാരങ്ങൾ പുതിയ നമസ്കാര ക്രമം ഉപയോഗിച്ചുതുടങ്ങി. അന്ന് വരെ ക്യംതാ നമസ്ക്കാര ക്രമം മാത്രമായിരുന്നു ഞായറാഴ്ചകളിൽ ആരാധനക്ക് ഉപയോഗിച്ചിരുന്നത്. ശീമാ നമസ്കാരത്തിലെ ബുധനാഴ്ചയുടെ നമസ്കാരം വി. കുര്‍ബ്ബാനക്രമത്തില്‍ “സ്ലീബാ നമസ്ക്കാര ക്രമം” ഉൾപ്പെടുത്തിയത് വട്ടക്കുന്നേല്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപോലീത്ത ആണ്.