Cosmic Vision

Love God Love Life

വിശ്വാസികൾ സഭകളിൽ നിന്നകലുന്നുവോ?

ആധുനിക ക്രൈസ്തവസമൂഹം സാമ്പത്തിക-സാമൂഹിക-ആത്മീയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. യഥാർഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിഹാരം കണ്ടെത്തുവാൻ നാം  ശ്രമിക്കാതെ  ഇരുട്ടുകൊണ്ടു ഒട്ട അടക്കുന്ന സമീപനം സ്വീകരിക്കുന്നത് ശാശ്വതപരിഹാരമാകിൽല.  വിശ്വാസികൾ സഭകൾ വിടുന്നെങ്കിൽ അതിന്റെ യഥാർഥ കാരണങ്ങൾ
 
കണ്ടെത്തണം. നഷ്ട്ടപ്പെട്ട ആടുകളെ കണ്ടെത്തുവാനും തിരികെ കൊണ്ടുവരുവാനുമുൾള കഠിനമായ ഒരു പരിശ്രമം സഭകളും, ഇടവകകളും, ഇടയന്മാരും നടത്തേണ്ടിയിരിക്കുന്നു. സ്വയം തിരുത്തലിനുവേണ്ടിയുള്ള ഒരന്വേഷണമാണ് ഇത്. തിരുത്തലിനും പുനർ ക്രമീകരണങ്ങൾക്കും ഇനിയും അവസരങ്ങൾ ഉണ്ട്. 2018 മുതൽ 2020 വരെയുൾള വർഷങ്ങൾ മറ്റെല്ലാ അജണ്ടകളും മാറ്റിവച്ച്  പുനരേകീകരണ വർഷമായി കൊണ്ടാടാം. ഈ വിഷയം പഠന വിധേയമാക്കിയപ്പോൾ ഞാൻ കണ്ടെത്തിയ ചില യാഥാർഥ്യങ്ങൾ കൂടുതൽ പഠനത്തിനായി കുറിക്കുന്നു. 
 
ഇടയന്മാർ‍ സാധാരണക്കാർക്കും, പാവപ്പെട്ടവര്‍ക്കും സമീപിക്കാൻ സാധിക്കാത്ത സാഹചര്യം ആർഭാടജീവിതം ശൈലിയാക്കുന്ന നേതൃത്വം 
സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് ഇടയന്മാരുടെ പ്രതികരണങ്ങൾ. 
 വിശ്വാസികളോടുൾള   ധാര്‍ഷ്ട്യത്തോടെയുൾള പെരുമാറ്റങ്ങൾ 
 സ്വാഭാവിക നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ    
 വർദ്ധിച്ചുവരുന്ന പ്രണയവിവാഹങ്ങൾ   
 സ്ഥാപനവല്ക്കരിക്കപ്പെടുന്ന ആദ്ധ്യാത്മികത
 കമ്പോളവല്‍ക്കരിക്കപ്പെടുന്ന ആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും. 
 മത, ജാതി ഭേദ്യമെന്യേ ഒരു മാത്സര്യക്കളരിയാവുന്ന ആഘോഷങ്ങൾ 
 ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം
 കുടുംബ പ്രശ്‌നങ്ങളും കടക്കെടുതികളും മൂലമുൾള അപമാനഭയത്താൽ ദേവാലയം ഉപേക്ഷിക്കേണ്ടിവന്നവർ 
 ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളും അധികമായി ആകര്‍ഷണത്തിനും ആഡംബരത്തിനും  ആര്‍ഭാടത്തിനും മുന്‍തൂക്കം
കൊടുക്കുന്ന ഇടവകകൾ 
 സഭയുടെ സ്ഥാപനങ്ങളിൽ‍ പലതും വ്യക്തികളുടെ പേരും പെരുമയും നിലനിര്‍ത്തുന്നതിനുൾള ഉപാധികളായി മാറുന്നതും അവ തമ്മില്‍
അനാരോഗ്യകരമായ മത്സരങ്ങളും നടക്കുന്നതും 
 ദേവാലയ നിര്‍മ്മാണത്തിൽ‍ പണക്കൊഴുപ്പിന്റെ സ്വാധീനം. *പ്രൗഢിക്കും ആകർ‍ഷകത്വത്തിനും പണക്കൊഴുപ്പിനും  പ്രാധാന്യം
നൽകികൊണ്ടുള്ള ദേവാലയ പുനർനിര്‍മ്മാണങ്ങൾ:കേവലം പിരിവുകൾ നൽകാൻ മാത്രമായി വിധിക്കപ്പെട്ട വിശ്വാസികൾ. പള്ളിയും
പള്ളിമേടകളും പൊളിക്കുകയും പുതുക്കി പണിയുകയും, മതിലുകൾ, കുരിശടികൾ, സ്വർണ കൊടിമരങ്ങൾ, വെടിക്കെട്ടുകൾ,
തിരുശേഷിപ്പ് കച്ചവടം. ദേവാലയം അലങ്കരിക്കാന്‍ ലക്ഷങ്ങൾ   ചെലവിടുമ്പോള്‍ അത് ദേവാലയ ചൈതന്യത്തിന് ചാരുത പകരുന്നില്ല
എന്നതു ഓര്‍ക്കണം. ഓരോ അനാവശ്യവും ആവശ്യമാക്കി മാറ്റുമ്പോള്‍ ജീവിതത്തിന്റെ പുറമ്പോക്കില്‍ അനേകർ‍ ജീവിക്കുന്നു എന്നതും
നാം മറന്നു പോവുന്നു.
 സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായ മാറി.  
 ചില ആഘോഷങ്ങൾ   കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുൾള വേദികളായി മാറുന്നു.
 മദ്യപാനത്തിന്റെയും അനാവശ്യമായ വൈദേശിക സംസ്‌കാരങ്ങളുടെയും രംഗവേദികളാക്കിയതുമൂലം മനംമടുത്തു മാറി നിൽക്കുന്നവർ 
 ഇടവകകളിലെ അനാവശ്യമായ ഫോര്‍മാലിറ്റികൾ‍ മൂലം സഭ വിടേണ്ടിവന്നവർ
 വിദ്യാഭ്യാസകച്ചവടവും ആതുരസേവനവിതരണവും മൊത്തവ്യാപാരമായി വിലപേശുന്ന കമ്പോള സംസ്കാരം സാധാരണ
വിശ്വാസികളെ പുത്തൻ സഭകളിലേക്കു ചേക്കേറുവാൻ നിർബന്ധിതരാകുന്നു. യെരുശലേം ദേവാലയത്തിൽ ചെങ്ങാലിവില്പനക്കാരെ
 
ചാട്ടവാർ കൊണ്ടടിച്ചു പുറത്താക്കിയ കർത്താവ് വീണ്ടും വരുവാൻ താമസിക്കുന്നത് ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല.
 
ആകർഷിക്കപ്പെടുന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ  
 
ആത്മീയമയക്കത്തിലാണ്ടവരെ കൂടുതൽ മയക്കത്തിലേക്ക് തള്ളിവിട്ടു ചൂഷണം ചെയ്ത് കോടീശ്വരാകുന്ന സംഘടിത സമൂഹത്തിലെ പുണ്യാളന്മാർ
 
ദിനംപ്രതി പൊട്ടിമുളക്കുന്നു. രോഗശാന്തി എന്ന് കേൾക്കുമ്പോൾ തന്നെ അത്ഭുതത്തിനായി പരക്കം പായുന്ന സാധാരണക്കാർ. പ്രസംഗത്തിനിടയിൽ
 
ഉത്തേജനത്തിനായി ഹാലേലുയ്യായും ആമ്മീനും  സ്വരലയസംഗീതത്തിന്റെ മേമ്പൊടിയോടെ കാതടക്കുന്ന ശബ്ദത്തിൽ കാതുകളിൽ ഇടിച്ചിറങ്ങുമ്പോൾ
 
തോന്നുന്ന അനുഭൂതി ആത്മാഭിഷേകമായി ചിത്രീകരിക്കപ്പെടുന്നു. സമ്പത്തും സമൃദ്ധിയും ഉണ്ടാക്കുവാൻ വേണ്ടി ഒന്നുമില്ലാത്തവനായി ഈ
 
ലോകത്തിൽ ജനിച്ചു-ജീവിച്ചു- കാൽവറിയിൽ പരമയാഗമായി സ്വയം സമർപ്പിച്ച യേശുക്രിസ്ത്തുവിന്റെ പേരിലാണ് ഇതെല്ലാം എന്നോർക്കേണം.
 
വൈവിധ്യങ്ങളിലേക്കു ആകർഷിക്കപ്പെടുന്ന പുതുപുത്തൻ കരിസ്മാറ്റിക് ആരാധനാശൈലികൾ, സഭയുടെ അംഗീകാരമില്ലാത്ത യോഗങ്ങൾ‍,
 
പ്രാർ‍ത്ഥനാകൂട്ടായ്മകൾ‍, സെക്ടുകള്‍ എന്നിവയില്‍ നിന്ന് അകന്നിരിക്കുക എന്നത് സാധ്യമല്ലാത്ത അനുഭവങ്ങളായി മാറുന്നു. 
 
പ്രവാസസമൂഹത്തിലെ ഭൂരിഭാഗവും യുവജനങ്ങളും യുവകുടുംബങ്ങളുമാണ്. ആധുനിക ആശയവിനിമയ സംവിധാനങ്ങള്‍, ജീവിതശൈലികള്‍,
 
ആഘോഷങ്ങള്‍ മുതലായവ ഇവരെ ദ്രുതഗതിയിൽ‍ സ്വാധീനിക്കുന്നു. നഗരങ്ങളില്‍ ഒരു അജ്ഞാതത്ത്വം നിലനില്‍ക്കുന്നതിനാൽ‍ സഭയ്ക്ക് അതാതു
 
സ്ഥലങ്ങളിലെ പ്രവാസികളെ അന്വേഷിക്കുവാനോ, തിരിച്ചറിയുവാനോ ആവശ്യമായ കാര്യക്ഷമമായ സംവിധാനങ്ങളോ,
 
ആശയസംവേദനമാര്‍ഗ്ഗങ്ങളോ സഭകൾക്കില്ല. ഇവാൻജലിക്കൽ സഭകളിലേക്കും പെന്തക്കോസ്ത് സഭകളിലേക്കും ഉള്ള ഒഴുക്ക് വർദ്ധിക്കുന്നു. 
 
സാമൂഹത്തിലെ മാന്യതക്കു കോട്ടം വരാതെയും  അഭിമാനം കൈവിടാതെയും ജീവിക്കുവാൻ വേണ്ടി തങ്ങളുടെ മതപരമായ ചടങ്ങുകൾ
 
പൂർത്തീകരിക്കുവാൻ വേണ്ടി സഭകളിൽ കൂടിനടക്കുന്നവരുമുണ്ട് വിദ്യാസമ്പന്നരും സ്വാധീനശക്തിയുള്ളവരുമായ ആളുകളാണ്
 
ഇക്കൂട്ടത്തിലധികവും.
 
കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ വ്യക്തികൾക്ക് വിശ്വാസത്തിന്റെ ഉണർവും തീഷ്ണതയും പലപ്പോഴും അവരുടെ ഇടവക വികാരിമാർക്ക്
 
ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. നമ്മുടെ സഭകളിൽനിന്നും വേർപിരിഞ്ഞുപോയവരെ മോശക്കാരും വഴിതെറ്റിയവരുമായി കാണുന്ന മനോഭാവം
 
ശരിയൽല. പലപ്പോഴും അവർ കൂട്ടം തെറ്റിയതിന്റെ ഉത്തരവാദിത്വം നമുക്കാണ്, സഭയ്ക്കാണ്.
 
സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും കരങ്ങൾ നീട്ടാൻ നാം കൂട്ടാക്കാത്തതിന്റെ പേരിൽ കിട്ടിയ കൂട്ടായ്മയിൽ പങ്കുചേർന്നവരെയും
 
ആത്മാവിന്റെ പുതിയ പ്രവർത്തനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനും പ്രാർത്ഥനാപൂർവം നയിക്കാനും കഴിയാത്തതിന്റെ പേരിൽ ഗതിമാറിപ്പോയ ജീവിതങ്ങളെയും നാം കരുണയോടും ആദരവോടും കൂടിത്തന്നെ കാണണം. നഷ്ടപ്പെട്ട നാണയത്തെ കണ്ടുകിട്ടുവോളം അന്വേഷിക്കുന്ന
 
ഒരു മനസ്സും കാണാതെപോയ ആടിനെ തേടിനടക്കുന്ന ഒരു ഇടയ ഹൃദയവും ധൂർത്തപുത്രനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന
 
പിതൃഹൃദയവും സഭക്കുണ്ടാകണം. 
 
അല്പനേരക്രിസ്‌ത്യാനികളുടെ എണ്ണം വർദ്ധിച്ചത്
 
അല്പനേരക്രിസ്‌ത്യാനികളുടെ എണ്ണം സഭകളിൽ കൂടിവരുന്നു. ദേവാലയത്തിനകത്തു വരുമ്പോൾ വിശ്വാസിയുടെ മുഖം മൂടിയണിയുകയും 
 
അതിനു പുറത്തു ഏതു മാർഗ്ഗത്തിലൂടെയും അത്യാഡംബരമായി ജീവിക്കുകയും ചെയ്യുക എന്നത് ഒരു ശൈലിയായി മാറുന്നു. തന്നിൽ അർപ്പിതമായ
 
കര്‍ത്തവ്യങ്ങൾ അനുഷ്ഠിക്കുകയും  അര്‍ത്ഥവത്തായി, മാതൃകയായി ജീവിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറയുന്നു.  ജീവിതം കൊണ്ട്
 
സംസാരിക്കുന്നവരുടെ എണ്ണം കുറയുകയും നാവു കൊണ്ടു സംസാരിക്കുന്ന നേതാക്കളുടെ  എണ്ണം വർദ്ധിക്കുകയും ചെയ്തത് വിശ്വാസികളുടെ
 
സഭകളോടുള്ള അകൽച്ചക്കു കാരണമാകുന്നുണ്ട്. വിശ്വസ്തതയും ആത്മാർഥതയും കുറഞ്ഞുവരുന്നതും, ആത്മീയത അഭിനയിക്കുന്നവരുടെ എണ്ണം
 
കൂടുന്നതും വിശ്വാസികളെ സഭയിൽ നിന്നകറ്റുന്നു.
 
ലാളിത്യം  ക്രൈസ്തവസഭകളിൽ കുറയുന്നു
 
ജീവിതത്തിലെ ലാളിത്യം  ക്രൈസ്തവസഭകളിൽ കുറയുന്നു എന്നതാണ് ഉത്തരാധുനികതയുടെ പ്രത്യേകത. അത്യാവശ്യത്തിനു പോലും ലഭിക്കാതെ
 
വരുമ്പോഴും മതി എന്നു പറയാനുൾള ആർജവത്വമാണ് ആത്മീയശക്തിയുടെ  ലാളിത്യം. നസ്രായനായ യേശുക്രിസ്തുവിന്റെയും ശിഷ്യരുടെയും
 
മാതൃക അനുകരിച്ച്  ലളിതജീവിത ശൈലിയിലേയ്ക്ക് മാതൃകയാകേണ്ടവർ മാറണം. മനോഭാവത്തിലും പ്രവര്‍ത്തനശൈലികളിലും, കൂടുതല്‍
 
ലാളിത്യം പുലർ‍ത്തണം. സമൃദ്ധിയുടെ സംസ്ക്കാരത്തില്‍ ജീവിക്കുന്ന ആധുനിക സമൂഹത്തിൽ,  യേശുക്രിസ്തുവിന്റെ ജീവിതത്തിലെ ലാളിത്യമെന്ന
 
നന്മ കാട്ടികൊടുക്കുവാൻ അസാമാന്യമായ ആത്മാർ‍ത്ഥതയും ധീരതയും നേതാക്കൾക്ക് അനിവാര്യമാണ്. എന്നാൽ ഇന്ന് വിപരീതദിശയിൽ
 
ഉപഭോഗസംസ്കാരത്തിലും, വ്യക്തിപൂജയിലും  സ്വാധീനിക്കപ്പെട്ടുമലിനമാക്കപ്പെടുന്നു ആധുനികക്രൈസ്തവനേതൃത്വം.
 
ആന്തരികസ്വാതന്ത്ര്യമുള്ളിടത്തേ ആവശ്യങ്ങളില്‍ നിന്നുൾള വിടുതൽ സാധ്യമാകൂ. കൊളുത്തിപ്പിടിക്കുവാനോ,  ഒട്ടിപ്പിടിക്കുവാനോ  സ്വയം
 
അനുവദിക്കാതിരിക്കുന്ന ഉള്ളിന്‍റെ സ്വാതന്ത്ര്യമാണത്.
 
കടമെടുത്ത കുടിയേറ്റസംസ്‌കാരം 
 
പ്രവാസികളുടെ ലോകത്തിൽ കടമെടുത്ത കുടിയേറ്റസംസ്‌കാരം തങ്ങളുടെ വിശ്വാസത്തിന്‍റെയും, പാരമ്പര്യങ്ങളുടെയും കൈമാറ്റത്തിലും,
 
കുടുംബബന്ധങ്ങളുടെ പവിത്രതയിലും മാറ്റം സംഭവിച്ചു. അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന
 
യുവജനങ്ങൾ ഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കുകയാണ്. ജോലി, പഠനം, വിദേശകുടിയേറ്റം എന്നിവയുടെ ഫലമായി ഒറ്റപ്പെടുന്ന
 
മാതാപിതാക്കൾ, ശൂന്യമാകുന്ന വീടുകൾ.ആധുനിക കുടിയേറ്റങ്ങൾ വഴി മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെടുന്നു എന്നതൽല മറിച്ചൂ മക്കൾക്ക്
 
കുടുംബം നഷ്ടമാകുന്നു എന്നതാണ്. കുടുംബസംസ്‌കാരം ഒറ്റയാൻ സംസ്‌കാരമായി മാറുന്നു. ഇത് ഭാവിക്ക് ഏറെയും അപകടകരം! സാമ്പത്തികനേട്ടം
 
മാത്രം ലക്ഷ്യമാക്കി മക്കളെ വിദേശത്തേക്ക് അയ്ക്കുമ്പോൾ നഷ്ടമാകുന്നത് കുടുംബത്തിന്റെ തായ് വേരാണ്. 
 
ഒരുമിച്ചു പ്രാർഥിക്കുന്ന കുടുംബം ഒരുമിച്ചു ജീവിക്കും. ഒരുമിച്ചു ദേവാലയത്തിൽ പോകുന്ന രീതി നസ്രാണി പാരമ്പര്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ
 
ഇന്ന് ആരാധനാ ഭാഷ മനസിലാകുന്നിൽല എന്ന പേരിൽ രണ്ടു പള്ളിയിലേക്ക് പോകുവാൻ നിർബന്ധിക്കുന്ന പുത്തൻ സംസ്കാരം കുടുംബത്തിന്റെ
 
താളം തെറ്റിക്കും. 
 
 കുടിയേറ്റം ഇന്നും ഇന്നലെയും തുടങ്ങിയതൽല. പണ്ട് മലബാറിലേക്ക് കുടിയേറ്റക്കാർ കുടുംബമായിട്ടാണ് കുടിയേറിയത്. തന്മൂലം
 
കുടുംബബന്ധങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല. വ്യക്തിയിൽ കുടുംബത്തിനുൾള നിയന്ത്രണവും കുടുംബപ്രാർത്ഥനയും , ദൈവവിശ്വാസവും,
 
അയൽപക്കബന്ധവും അഭംഗുരം തുടർന്നു. എന്നാൽ ഇന്ന് നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഭൂരിപക്ഷം പേരും വ്യക്തികളായാണ്
 
കുടിയേറുന്നത്. പിന്നീട് വർഷങ്ങൾക്ക്‌ശേഷമാണ് പുതിയ സ്ഥലത്ത് അവരൊരു കുടുംബം സ്ഥാപിക്കുന്നത്. ഇതിനിടയിലെ ജീവിതം ഏറെ
 
സങ്കീർണ്ണമാണ്. കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോ നിയന്ത്രണവും സംരക്ഷണയുമില്ലാതെ ഒരു വലിയ സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയേണ്ട
 
അവസ്ഥ. അവിടെ ആധുനികസംസ്കാരത്തിന്റെ സ്വാധീനങ്ങളെ വിവേചനാശേഷിയോടെ സമീപിക്കാന്‍ വളരെയേറെ ജാഗ്രത ആവശ്യമാണ്.
 
സ്വീകരിക്കേണ്ട നന്മകളെ സ്വീകരിക്കാനും ഉപേക്ഷിക്കേണ്ട തിന്മകളെ ഉപേക്ഷിക്കാനുമുൾള ആര്‍ജവമാണു യുവതലമുറയ്ക് ഉണ്ടാകേണ്ടത്. 
 
ഈ ലോകത്തെ കൈപിടിച്ചു നടത്തേണ്ടത്‌ നാളെയുടെ വാഗ്ധാനങ്ങളായ കുട്ടികളാണ്‌, അവരാണ്‌ ജീവിതത്തിനോട്‌ ഏറ്റവും തൊട്ടുനിൽ‍ക്കുന്നത്‌.
 
ഓരോ വ്യക്തിയിലും ജീവചൈതന്യം ഉച്ചസ്ഥായിയിലെത്തിനിൽ‍ക്കുന്നത്‌ അവരുടെ യൌവനകാലത്താണ്‌. നിറഞ്ഞുനില്‍ക്കുന്ന ഈ ഊര്‍ജത്തെ
 
ശരിയായ ദിശയിലേക്ക്‌ തിരിച്ചുവിടേണ്ടതുണ്ട്‌. അതിനുവേണ്ട പ്രചോദനവും പ്രോത്സാഹനവും, മാര്‍ഗനിര്‍ദ്ദേശവും ശരിയായ സമയത്ത്‌, ശരിയായ
 
രീതിയില്‍ ലഭിച്ചിരിക്കണം. അതില്ലെങ്കില്‍ ആ ഊര്‍ജം മുഴുവന്‍ വഴിതെറ്റി ഒഴുകാനാണ് സാദ്ധ്യത. നമ്മള്‍ ഓരോരുത്തരും ഒരു
 
വ്യക്തിയായിരിക്കെത്തന്നെ മഹത്തായ മാനവരാശിയുടെ ഭാഗം കൂടിയാണ്‌. അവനവനില്‍ മാത്രമായി ചുരുണ്ടുകൂടുവാനുള്ളതൽല നമ്മുടെ
 
വ്യക്തിത്വം. അത്‌ ചുറ്റുമുള്ള സമൂഹത്തിലേക്കും അതിനപ്പുറത്തുള്ള ലോകത്തിലേക്കും കവിഞ്ഞൊഴുകണം. പുത്തൻതലമുറ പാശ്ചാത്യ
 
സംസ്‌ക്കാരത്തിന്‍റെ സ്വാധീനവലയത്തില്‍പെട്ട് വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നതു ഒരു ആരോപണം മാത്രമാണ്. യഥാര്‍ത്ഥത്തില്‍,
 
യുവതലമുറ വഴിമാറി സഞ്ചരിക്കുന്നു എന്നു പറയുവാൻ സാധിക്കിൽല. ആ ചിന്ത  മുതിര്‍ന്നവരുടെ മനസ്സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു പരിഭ്രാന്തി
 
മാത്രമാണ്‌. ഒരുപരിധിവരെ എല്ലാ കാര്യങ്ങളിലും നമ്മളും പാശ്ചാത്യരെ അനുകരിക്കുക തന്നെയായിരുന്നില്ലേ എന്ന ചോദ്യം ബാക്കി നിൽക്കുന്നു.
 
ഭക്ഷണം, വസ്‌ത്രധാരണം, ഭാഷ, സംസ്‌ക്കാരം, സാമ്പത്തികമായ വളർ‍ച്ച എന്നിവയിലെല്ലാം തനിമ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നാം
 
ജീവിക്കുന്നത്. ആഗോളവ്യവസ്ഥിതിയുടെ ഭാഗമായി നാം മാറികൊണ്ടിരിക്കുകയാണ്‌. ഒരു കാര്യത്തിലെങ്കിലും നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
 
നമ്മുടെ യുവതലമുറ അവരുടെ സ്വന്തമായ, സമ്പന്നമായ സാംസ്‌കാരിക പൈതൃകം മറക്കുവാന്‍ നാം കാരണക്കാരാകരുത്‌. സ്വയം കണ്ടെത്തുവാനുളള
 
ശ്രമത്തിലാണ് പുത്തൻ തലമുറ. അവനവന്‍റേതായ ഒരു പാത അല്ലെങ്കിൽ‍ അവനവന്‍റേതായ ഒരിടം കണ്ടെത്താന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്‌.
 
ഇക്കാര്യത്തിൽ മുതിർന്ന തലമുറയ്ക്ക് എന്തെങ്കിലും സാരമായി സംഭാവന ചെയ്യുവാന്‍ സാധിക്കുമൊ എന്നാണ് നോക്കേണ്ടത്. അവരുടേതായ
 
രീതിയിൽ‍ അവര്‍ അത്‌ ഉള്‍ക്കൊണ്ടുകൊള്ളും. 
 
വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിപാർക്കുന്ന രണ്ടാം തലമുറയില്‍പ്പെട്ട ചിലരെങ്കിലും ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നത് ഒരു
 
യാഥാർഥ്യമാണ്. സ്വന്തം പൈതൃകസമ്പത്തിന്‍റെ വില അവർ‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. നമ്മുടെ അമൂല്യമായ പാരമ്പര്യത്തിലും, പൈതൃക
 
സമ്പത്തിലും ആത്മാഭിമാനമുള്ളവരായി ഇന്നിന്റെ തലമുറ മാറണം. സ്വന്തമായിട്ടുൾള ആ നിധികുംഭത്തിലേക്കൊന്ന് ഊളിയിടുവാൻ അവരെ
 
സഹായിക്കണം. അവിടെനിന്നു അമൂല്യങ്ങളായ മുത്തും പവിഴവും അവർ വാരിയെടുക്കട്ടെ. നമ്മുടെ  സംസ്‌ക്കാരത്തിന്‍റെ വിലയും നിലയും
 
മനസ്സിലാക്കുവാൻ  അവര്‍ക്ക്‌ അവസരങ്ങളൊരുക്കി കൊടുക്കൂകയാണ് ഇന്ന് നാം ചെയ്യേണ്ടത്. അല്ലാതെ വല്ലതുമൊക്കെ പറഞ്ഞ്‌ അവരുടെ മനസ്സ്‌
 
മാറ്റാന്‍ ശ്രമിക്കുകയല്ല വേണ്ടത്‌. സ്വയം അറിഞ്ഞതും, അനുഭവിച്ചതും അവർ‍ക്കു മനസ്സിലാക്കുവാനുൾള അവസരം ഒരുക്കി കൊടുക്കുകയാണ്
 
വേണ്ടത്. കഴിഞ്ഞ തലമുറകള്‍, വിശേഷിച്ചും നമ്മുടെ തൊട്ടുമുമ്പിലുള്ള രണ്ടു മൂന്നു തലമുറകള്‍,  പുത്തൻ തലമുറക്ക്‌ നേരായ ദിശാബോധം
 
നൽ‍കുന്നതില്‍ വേണ്ടത്ര നിഷ്‌കർ‍ഷത പാലിച്ചിരുന്നിൽല. നമ്മുടെ തനതായ സാംസ്‌കാരിക സമ്പത്തിന്‍റെ വില അവർ‍ക്കു
 
 
 
മനസ്സിലാക്കിക്കൊടുക്കുവാന്‍ ശ്രദ്ധവെച്ചിട്ടിൽല. കാരണം, ജീവിക്കുവാനുൾള തന്ത്രപ്പാടിൽ അതൊന്നും സ്വയം തൊട്ടറിയാന്‍ അവര്‍ക്കും
 
അവസരങ്ങളുണ്ടായിൽല എന്നതാണ് യാഥാർഥ്യം. മഹത്തായ ആ പാരമ്പര്യത്തിന്‍റെ സ്വാധീനം ഇന്നത്തെ തലമുറയിലെ  ജീവിതത്തെ എത്രത്തോളം
 
സ്‌പര്‍ശിച്ചിട്ടുണ്ട്? നാം ഇന്നും അന്ധമായി പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുകയല്ലേ ചെയ്‌തത്‌? ഒരു പരിധിവരെ എല്ലാ കാര്യങ്ങളിലും നമ്മള്‍
 
പാശ്ചാത്യരെ അനുകരിക്കുക തന്നെയായിരുന്നു. പുതിയ തലമുറ ആ പരിധിയും കടന്ന് അൽ‍പം കൂടി മുമ്പോട്ടുപോയി എന്നു മാത്രം. കടന്നുപോയ
 
തലമുറയേക്കാൾ ഏതാനും ചുവടുകൾ‍ കൂടി മുമ്പോട്ട് വെക്കുവാന്‍ പുതിയ തലമുറ ശ്രമിക്കുന്നു എന്ന് മാത്രം. നമുക്കു കയറി പറ്റാന്‍
 
ധൈര്യമില്ലാതിരുന്ന ഉയരങ്ങളിലേക്ക്‌ പുതിയ തലമുറ കയറിപ്പറ്റുന്നു. യൌവനം എന്നു പറയുന്നത് പൂര്‍ണമായും വികസിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരു
 
അവസ്ഥയാണ്‌. അവര്‍ പ്രത്യേകിച്ചൊന്നും ആയിത്തീര്‍ട്ടിന്നില്ല, വളര്‍ച്ചയുടെ വഴികളിലൂടെ മെല്ലെ നടന്നുനീങ്ങിതുടങ്ങിയതേയുള്ളൂ.  നിങ്ങൾ‍
 
നിങ്ങളുടേതായ കൊമ്പുകളില്‍ ചേക്കേറി കഴിഞ്ഞവരാണ്‌. അവരോ? സ്വന്തമായി, സ്ഥിരതയുള്ള ഒരു സ്ഥാനം തേടിക്കൊണ്ടിരിക്കുന്നവരാണ്‌,
 
എത്തിപ്പിടിക്കാനൊരു കൊമ്പ്‌ കണ്ടെത്താനായി അവർ‍ ചുറ്റും പരതികൊണ്ടിരിക്കുകയാണ്‌. അതു കണ്ട് നമ്മൾ‍ പരിഭ്രമിക്കുന്നു. കുട്ടികൾ വെറുതെ
 
ജീവിതം പാഴാക്കിക്കളയുന്നല്ലൊ, വഴിതെറ്റി പോകുന്നല്ലൊ എന്നെല്ലാമോർ‍ത്ത് പഴയ തലമുറ സങ്കടപ്പെടുന്നതിൽ അർഥമില്ല.
 
പ്രവാസികളുടെ ദൗത്യം
 
പ്രവാസികൾ തങ്ങളുടെ മാതൃദേശത്തുനിന്ന് വ്യതിരക്തമായ ഒരു പുതുമണ്ണിലേക്കു പറിച്ചുനടപ്പെട്ടവരാണ്. പുതുമണ്ണും സാഹചര്യങ്ങളും എപ്പോഴും
 
അനുകൂലമല്ലാത്തതിനാല്‍ അവയെ വേണ്ടവിധം ഉൾ‍ക്കൊള്ളുവാന്‍ പ്രവാസികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസത്തേയും സഭയുടെ
 
പാരമ്പര്യങ്ങളേയും സമന്വയിപ്പിച്ച് ജീവിക്കുവാന്‍ കഴിഞ്ഞ കാലങ്ങളിൽ‍ പ്രവാസി കുടുംബങ്ങള്‍ വളരെയധികം പ്രയാസങ്ങൾ‍ സഹിച്ചിരുന്നു.
 
എന്നിരുന്നാലും, കുടുംബപാരമ്പര്യങ്ങൾ, പ്രാര്‍ത്ഥനകള്‍, കുടുംബമൂൽയ സംവിധാനങ്ങള്‍, സാംസ്കാരിക പാരമ്പര്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങൾ‍
 
മുതലായവ വഴി അവര്‍ തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുവാൻ ശ്രമിച്ചിരുന്നു. പ്രവാസമെന്നത് അവരുടെ മാത്രം നിലനില്‍പിനും സാമ്പത്തിക
 
ഭദ്രതയ്ക്കും വേണ്ടി മാത്രമുള്ളതൽല, പ്രത്യുത, സഭയുടെ ആഗോളസുവിശേഷവത്കരണദൗത്യത്തില്‍ പങ്കുചേരുന്നതിനും കൂടിയാണ് എന്ന സത്യം നാം
 
തിരിച്ചറിയണം. വിശ്വാസികൾ‍ എവിടെയുണ്ടോ  അവിടെ അവരുടെ തനതായ ക്രിസ്തീയ സാക്ഷ്യം പിന്തുടരുവാൻ  അവരെ പ്രാപ്തരാക്കേണ്ട
 
ചുമതല സഭകൾക്കുണ്ട്. പ്രവാസികളായി കടന്നുവരുന്ന ആളുകളുടെ ഭാഷ, സംസ്കാരം, വിശ്വാസപാരമ്പര്യങ്ങള്‍, സഭാവ്യക്തിത്വം,
 
ആരാധനാക്രമങ്ങള്‍ എന്നിവ ബഹുമാനിച്ചുകൊണ്ടുതന്നെ വേണം സഭകൾ മുന്നോട്ടു പോകുവാൻ. 
 
കമ്പോളവല്‍ക്കരണം
 
സ്വരുക്കൂട്ടിവക്കുന്നതിലും, സ്വന്തമാക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന കമ്പോളസംസ്കാരത്തിൽ നിന്ന് മുക്തമല്ല ഇന്നിന്റെ നേതൃത്വവും.
 
സൗകര്യങ്ങളേക്കാൾ‍ ആകര്‍ഷണങ്ങള്‍ക്കും, ആവശ്യങ്ങളേക്കാള്‍ ആര്‍ഭാടങ്ങള്‍ക്കും മുന്‍തൂക്കം കൊടുക്കുന്ന ആധുനികലോകത്തിൽ 
 
വാങ്ങുവാനുൾള സ്വാതന്ത്ര്യമാണ് ശരിയായ സ്വാതന്ത്ര്യമെന്ന് കമ്പോളസംസ്കാരം നമ്മെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. അവിടെ മനുഷ്യന്‍റെ ഹൃദയം
 
കൂടുതല്‍ കൂടുതല്‍ ശൂന്യമാകുകയും സ്വാര്‍ത്ഥമാകുകയും ചെയ്യുന്നു. നമ്മുടെ ആഘോഷങ്ങൾ‍, ജൂബിലികള്‍, ദേവാലയ-കെട്ടിട-ഭവനനിര്‍മ്മാണങ്ങൾ‍;
 
പെരുന്നാളാഘോഷങ്ങൾ‍, അനുഷ്ഠാനങ്ങള്‍; എന്നിവയെല്ലാം ഒരു പുനരാലോചന അനിവാര്യമായിരിക്കുന്നു. അനുദിന ജീവിതത്തിൽ‍
 
സൗകര്യങ്ങളെക്കാൾ‍ ഉപരി ആകര്‍ഷണത്തിനും ആഡംബരത്തിനും ആവശ്യത്തേക്കാള്‍ ആർ‍ഭാടത്തിനും മുന്‍തൂക്കം കൊടുക്കുന്നവരായി നാം മാറി.
 
സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന കമ്പോളവല്‍ക്കരണം സഭയുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും പ്രതിഫലിക്കുന്നു.
 
സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായി മാറി. പെരുകുന്ന തീര്‍ത്ഥാനകേന്ദ്രങ്ങളും വര്‍ധിച്ചു
 
വരുന്ന പെരുന്നാളാഘോഷങ്ങളും, മത്സരബുദ്ധിയോടെ ഊതി വീര്‍പ്പിക്കുന്ന ചരമ-ശതാബ്‌ദി-ദ്വിശതാബ്‌ദി ആഘോഷങ്ങളും, പദയാത്രകളും 
 
മാർ‍ക്കറ്റിലെ വിപണന തന്ത്രങ്ങള്‍ കടമെടുക്കുന്നതായി അനുഭവപ്പെടുന്നു.  മാമോദീസയിൽ തുടങ്ങി, വിവാഹവും, പട്ടംകൊടയും,
 
ചരമവാര്‍ഷികങ്ങളും വരെ എല്ലാ ആഘോഷങ്ങളും സാമ്പത്തിക സമൃദ്ധിയുടെയും പ്രൗഡിയുടെയും പ്രകടനവേദികളായി മാറുന്നു. നമ്മുടെ
 
ആഘോഷങ്ങൾ‍ ധൂര്‍ത്തിലേക്കും ധൂര്‍ത്ത് കപടപ്രശസ്തിയിലേക്കും വഴിമാറിയിരിക്കുന്നു. വിവാഹാഘോഷങ്ങള്‍ കുടുംബങ്ങളുടെയും,
 
ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുൾള വേദികളായി മാറുന്നു.
 
സഭയുടെ സ്ഥാപനങ്ങളിൽ‍ പലരും, പലതും സ്വന്തം പേരും പെരുമയും നിലനിര്‍ത്തുന്നതിനുൾള ഉപാധികൾ മാത്രമായി  മാറ്റുമ്പോൾ
 
അനാരോഗ്യകരമായ മത്സരങ്ങള്‍ക്കു കാരണമാകുന്നു. ഭവനനിർ‍മ്മാണവും ദേവാലയ നിര്‍മ്മാണവും സൗകര്യങ്ങളേക്കാൾ അഭിമാനത്തിനും,
 
പ്രൗഢിക്കും ആകര്‍ഷകത്വത്തിനും പണക്കൊഴുപ്പു പ്രകടിപ്പിക്കുവാനുമുൾള വേദികളായി മാറുന്നു.  
 
സിവില്‍പരമായി വിവാഹമോചനം നേടുന്നവര്‍, കൂടെത്താമസിക്കുന്നവര്‍, വന്ധ്യതയുള്ളവര്‍, ജീവിതപങ്കാളിയുടെ മരണമോ വിവാഹമോചനമോ
 
മൂലമുള്ള ഏകപേരന്‍റിംഗിലേക്കു വാഴുമാറുവാൻ വിധിക്കപ്പെട്ടവർ, നാമൊന്ന്… നമുക്കൊന്ന്  എന്ന പുത്തൻ സംസ്കാരമായ
 
അണുകുടുംബങ്ങളിലേക്കു വഴിമാറിയവർ, കുട്ടികളെ വളർ‍ത്തുവാനുൾള ഉത്തരവാദിത്വം  ഏറ്റെടുക്കാന്‍ തയ്യാറാകാതെ കുട്ടികൾ വേണ്ട എന്ന
 
ചിന്തയിലേക്ക് ഒഴുകിപോയവർ.  
 
വിവിധ മതങ്ങളുടെയും, വിവിധ സാമ്പത്തിക-ഭൗതികസിദ്ധാന്തങ്ങളുടെയും മത്സരങ്ങളുടെ ആഗോളവൽകൃത പശ്ചാത്തലത്തിൽ ജീവിക്കുന്ന
 
ഇന്നിന്റെ യുവതലമുറക്കു  വിവാഹത്തെയും കുടുംബത്തെയും കുറിച്ചുൾള സാധാരണവും മാനദണ്ഡപരവുമായ പരമ്പരാഗതമായ ആശയങ്ങള്‍
 
ആധുനികകാലത്ത് ഒരു ന്യൂജനറേഷണല്‍ പരിവര്‍ത്തനത്തിന് വിധേയമാകുകയാണോയെന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. 
 
ഉപഭോക്തൃസംസ്കാരം
 
ആധുനിക ലോകത്തിന്റെ തുടിപ്പുകൾ വിരൽത്തുമ്പിൽ ഒതുങ്ങിയപ്പോൾ പുകവലി, മദ്യപാനം, മയക്കുമരുന്ന്, പോർ‍ണോഗ്രഫി,
 
സാമൂഹികനെറ്റുവര്‍ക്കുകള്‍, ടി.വി. സീരിയലുകൾ‍, സോഷ്യൽ മീഡിയയുടെ ദുരുപയോഗം, തുടങ്ങിയ ആധുനിക കാലഘട്ടത്തിന്റെ ആസക്തികൾ‍
 
ഇന്നിന്റെ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു. ആത്മീയ-സാമ്പത്തിക- ബൗദ്ധിക ദാരിദ്ര്യത്തിൽ  തുടങ്ങി നിരവധി പ്രശ്നങ്ങളാൽ അനേകം
 
കുടുംബങ്ങളിലെ  മനുഷ്യമൂല്യങ്ങൾ തകർക്കുന്നു. 
 
 വ്യക്തിയുടെ പ്രസക്തി വർധിച്ചപ്പോൾ, ഉപഭോക്തൃസംസ്കാരം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയ വിടവ്, ദമ്പതികൾ‍ തമ്മിലുൾള
 
സ്നേഹമില്ലായ്മ, വാര്‍ദ്ധക്യത്താലും രോഗത്താലും കഴിയുന്നവരെ അവഗണിക്കല്‍, തൊഴിൽ‍ കാര്യങ്ങളില്‍ സ്ത്രീപുരുഷ സമത്വം, കുട്ടികളോടും
 
സ്ത്രീകളോടുമുള്ള സമീപനത്തിലെ നിയമസംരക്ഷണങ്ങള്‍, ഒരുമിച്ചുള്ള തീരുമാനമെടുക്കല്‍ എന്നിവയിലെല്ലാം പുതിയ മാനങ്ങൾ
 
കണ്ടെത്തിയിരിക്കുന്നു.
 
മിശ്ര-സിവില്‍ വിവാഹങ്ങൾ‍
 
ക്രൈസ്തവ സഭകളിൽ മിശ്ര-സിവിൽ‍ വിവാഹങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. മലയാള ബന്ധമോ ഇന്ത്യന്‍ ബന്ധമോ ഇല്ലാത്തവരെ
 
വിവാഹം ചെയ്യുന്നത് സഭ വിട്ടു പോകുന്നതിനു കാരണമാകുന്നു. ഞാനോ നീയോ വലുത് എന്ന ചിന്ത ഇടവകകളുടെയും കുടുംബങ്ങളുടേയും താളം
 
തെറ്റിക്കുന്നു. ഇത് പിന്നീട് ഇടവകളിൽ വേർപിരിയലിന്റെയും, കുടുംബത്തിൽ വിവാഹമോചനത്തിന്റെയും വാതായനങ്ങൾ തുറക്കുവാൻ
 
 
 
കാരണമാകുന്നു.പല കാരണങ്ങളാൽ വിവാഹം താമസിപ്പിക്കുകയോ ചില അവസരങ്ങളിൽ‍ വിവാഹം ഒഴിവാക്കുകയോ ചെയ്യുന്നവരുടെ എണ്ണവും
 
വര്‍ദ്ധിക്കുന്നു. 
 
ക്രൈസ്തവസഭയും  ആരാധനാ ഭാഷകളും
 
മലയാളഭാഷയിലുൾള സഭാശുശ്രൂഷകള്‍ മനസിലാകാത്തതാണോ വിശ്വാസികൾ പ്രത്യേകിച്ച് യുവജനങ്ങൾ സഭ വിട്ടുപോകുവാനുൾള യഥാർഥ
 
കാരണം? 
 
ലോകചരിത്രത്തിൽ ഉടാടിനടന്ന ജനസമൂഹം എത്രയോ ഭാഷകൾ കൈമാറിയാണ് ഇന്നത്തെ ഭാഷയുടെയും സംസ്കാരത്തിന്റെയും തുറമുഖത്തേക്ക്
 
കടന്നുവന്നത്. എമിഗ്രന്റ് രാജ്യമായ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കുടിയേറി പാർത്തിട്ടുൾള  ജനങ്ങൾ മുഴുവൻ ലോകത്തിലെ വിവിധ
 
ഭാഗങ്ങളിൽ നിന്ന് കുടിയേറി പാർത്തവരാണ്. ലോകത്തിൽ ഇന്നുണ്ടായിരിക്കുന്ന എല്ലാ മതങ്ങളും, സഭകളും വിഭാഗങ്ങളും അവരുടെതായ 
 
ഭാഷകളിൽ തനതായ ആരാധനാ രീതികളും, സാംസ്കാരിക തനിമയും പരിരക്ഷിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ആധുനിക തലമുറയിലെ കുടിയേറ്റ
 
സമൂഹത്തിൽ ഒരു വിഭാഗത്തിനിടയിൽ  മലയാളഭാഷ അന്യമാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. മലയാളം പഠിച്ചാല്‍ സ്വന്തം കുട്ടികൾ‍ അന്യം
 
നിന്നുപോകുമെന്നാണ് ഈ വിഭാഗം ഇപ്പോഴും ഭയക്കുന്നത്‌. മലയാളികളുടെ മനോഭാവം തന്നെയാണു മലയാളത്തിന്റെ വളർ‍ച്ചയുടെ പ്രധാന തടസ്സം.
 
അതു തിരുത്താന്‍ നമുക്കു കഴിഞ്ഞിട്ടിൽല. അതേസമയം സംസ്കാരവും ഭാഷയും നിയന്ത്രിതമായ അതിര്‍ത്തിവരകള്‍ക്കുള്ളില്‍ ബന്ധിച്ചിടുന്നതും
 
അന്യഭാഷയെ ശത്രുവായി കാണുന്ന നയം സ്വീകരിക്കുന്നതും സങ്കുചിതമാണ്.ഏതു നാട്ടില്‍ ചെന്നാലും അവിടത്തുകാരനാകുന്ന , ആ ഭാഷ
 
സ്വായത്തമാക്കുന്ന , അവരുടെ സംസ്കാരം അനുകരിക്കുന്ന ഒരു ജീന്‍ മലയാളി മനസിലുണ്ട്, അതു അതിജീവനത്തിന്റെ തത്വശാസ്ത്രമാണ്. ആഗോള
 
വല്‍ക്കരണത്തിന്റെ സാഹചര്യങ്ങളും അവസ്ഥകളും സ്വയം പര്യാപ്തരല്ലാതെയാക്കിമാറ്റിയ ഒരു ജനതക്കു അതിജീവനം തന്നെയാണ് മുഖ്യം,
 
അതിനാണവന്റെ പ്രയാണങ്ങളും പലായനങ്ങളും.
 
ബാബേലിൽവെച്ച് ദൈവം മത്സരികളുടെ ഭാഷ കലക്കി:- ‘ഭൂമിയിൽ നിറയാനുൾള’ ദൈവത്തിന്‍റെ കൽപ്പനയ്‌ക്കു വിരുദ്ധമായി
 
മെസൊപ്പൊട്ടാമിയയിലെ ശിനാർ സമഭൂമിയിൽ മുഴു സമൂഹത്തെയും കേന്ദ്രീകരിക്കാൻ മനുഷ്യർ ശ്രമിക്കുകയും ബാബേൽ ഗോപുരത്തിന്‍റെ പണി
 
തുടങ്ങുകയും ചെയ്‌തു. എന്നാൽ, അപകടകരവും ദ്രോഹകരവുമായ അവരുടെ പദ്ധതികളെ തകിടംമറിക്കാനായി ദൈവം അവരുടെ പൊതു ഭാഷ
 
കലക്കി. അങ്ങനെയാണ്‌ വ്യത്യസ്‌ത ഭാഷകൾ രൂപംകൊണ്ടത്‌.—ഉൽ‌പത്തി 1:28; 11:1-9. ആദ്യമുണ്ടായിരുന്ന ആ ഒറ്റ ഭാഷയിൽനിന്നാണ്‌ എല്ലാ ഭാഷകളും
 
ഉത്ഭവിച്ചത്‌ എന്ന് ബൈബിൾരേഖ പറയുന്നില്ല. ശിനാറിൽ ദൈവം അനേകം പുതിയ പദസഞ്ചയങ്ങൾക്കും ചിന്താരീതികൾക്കും രൂപം നൽകി. അതാണ്‌
 
വ്യത്യസ്‌ത ഭാഷകൾ ഉടലെടുക്കാൻ ഇടയാക്കിയത്‌. ബാബേലിൽ ഭാഷ കലക്കിയ കാലം മുതൽ കുടിയേറിപ്പാർത്ത വിഭാഗങ്ങൾ അവരുടേതായ
 
സംസ്കാരവും, ഭാഷയും ജീവിതരീതികളും പിന്തുടരുന്നു. 
 
ആരാധനാഭാഷ
 
മറ്റൊരു പ്രധാന പ്രശ്‌നം നമ്മുടെ ആരാധനാഭാഷ. ആരാധനാക്രമത്തെക്കുറിച്ചുൾള ദൈവശാസ്ത്രം എത്ര ഗംഭീരമാണെങ്കിലും ആരാധന
 
അനുഭവമാകുന്നില്ലെങ്കിൽ അതിലുള്ള താൽപ്പര്യം ക്രമേണ നഷ്ടപ്പെടും. നൽല പാരമ്പര്യങ്ങളെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും
 
ചെയ്യുന്നതോടൊപ്പം മനുഷ്യന്റെ വർത്തമാനകാല അനുഭവങ്ങളെയും ആശയങ്ങളെയും ആശങ്കകളെയും സംവേദിക്കുവാനുള്ള കഴിവ് ഏതൊരു
 
സഭയുടെയും ആരാധനാക്രമത്തിനുണ്ടായിരിക്കണം. അങ്ങനെയുള്ള ആരാധന വിശ്വാസിയുടെ സമകാലീന ജീവിതത്തിൽനിന്ന
 
പേർപെടുത്താനാകാത്തവിധം അവരുമായി ഇഴുകിച്ചേരും. വർത്തമാനകാല ജീവിതം, ഭാഷ, സംസ്‌ക്കാരം എന്നിവയിൽനിന്നും അന്യമായ
 
ആരാധനാക്രമം ഭക്തിയും, തീഷ്ണതയും ഇല്ലാതാക്കും. സഭാ ജീവിതത്തെ മരവിപ്പിക്കും. ഇങ്ങനെ ആരാധനാജീവിതത്തിൽ മടുപ്പനുഭവപ്പെടുന്നവർക്ക്
 
സ്വതന്ത്ര സഭകളിലെ സ്വതന്ത്രവും സജീവവുമായ ആരാധനകളിൽ പങ്കെടുക്കുമ്പോൾ കിട്ടുന്ന അനുഭവംമൂലം താൻ ജനിച്ചു വളർന്ന സഭകളിൽ എന്തോ
 
കുറവുണ്ട് എന്ന തോന്നൽ ഉണ്ടാവുകയും ക്രമേണ സ്വന്തം പാരമ്പർയ വിശ്വാസത്തെ ഉപേക്ഷിക്കാൻ പ്രേരകമാകുകയും ചെയ്യും. സഭയുടെ
 
ദൈവാരാധനയിൽ‍ മലയാളഭാഷയിൽ‍ കാണാത്ത പല പദങ്ങളുമുണ്ട്. യാമപ്രാര്‍ത്ഥനകളുടെ പേരുകളായ റംശാ, സപ്രാ തുടങ്ങിയവ മാത്രമൽല,
 
കുര്‍ബാന, കൂദാശ എന്നിവയും ദൈവാരാധനയിലെ മറ്റു പല പദങ്ങളും സുറിയാനി ഭാഷയിലെ വാക്കുകള്‍ അതേപടി മലയാളത്തിലേക്കു
 
സ്വീകരിച്ചിരിക്കുന്നവയാണ്. കേരളീയരായ നമ്മുടെ ഭാഷ മലയാളമാണെന്നിരിക്കേ എന്തുകൊണ്ടാണ് സുറിയാനിഭാഷാ പ്രയോഗങ്ങള്‍ നമ്മുടെ
 
ദൈവാരാധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന ചോദ്യത്തിന് മറുപടിയിൽല. 
 
ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ വിശ്വാസത്തിന്റെ മഹത്വം മനസിലാക്കി അണുവിട വിത്യാസം വരുത്താതെ പ്രാര്‍ഥനയിലും, ഉപവാസത്തിലും,
 
കർ‍മ്മാനുഷ്ഠാനങ്ങളിലും ഇഴുകി ചേർന്ന് ജീവിക്കുവാൻ ശ്രമിക്കുന്ന ഒരു തലമുറയും ഇവിടെയുണ്ട്. പക്ഷേ ഭാഷാതടസങ്ങൾ‍ മൂലം ശരിയായ
 
വിധത്തില്‍ വിശുദ്ധ കുര്‍ബാനയിലും മറ്റ്‌ ആരാധനാ കര്‍മങ്ങളിലും പങ്കെടുക്കുവാനും അതില്‍ ഉള്‍ച്ചേരുവാനും ചിലപ്പോഴെങ്കിലും ഇവർ‍ക്കും
 
സാധിക്കുന്നിൽല എന്നതും ഒരു യാഥാർഥ്യമാണ്. അതിനു പരിഹാരം മിഷൻ പള്ളികൾ സ്ഥാപിക്കുക എന്നതാണോ, ഇരു ഭാഷകളിലും ആരാധന
 
നടത്തുക എന്നതാണോ അഭികാമ്യം എന്നത് പുനരാലോചിക്കേണ്ടതാണ്. 
 
ഭൗതീക താൽപ്പര്യങ്ങൾ മൂലം സഭ വിട്ടുപോകുന്നവർ
 
ജോലി, സാമ്പത്തിക സഹായം തുടങ്ങിയവകൾക്ക് വേണ്ടി സ്വന്തം സഭ ഉപേക്ഷിക്കുന്നവർ, വിവാഹം കഴിക്കുന്നതിനും
 
പുനർവിവാഹത്തിനുമൊക്കെയായി സഭ വിട്ടിറങ്ങുന്നവർ,സഭയിലെ കുറവുകളും സഭാധികാരികളിൽനിന്ന് അനുഭവിക്കേണ്ടിവന്ന വേദനകളും
 
മൂലം സഭ വിടുന്നവർ 
 
സ്വന്തം സഭയുടെ കുറവുകളുടെ പേരിൽ മറ്റുള്ളവരുടെ ഉപദേശങ്ങളെ അപ്പാടെ വിശ്വസിച്ച് പല സ്വതന്ത്ര സഭകളിലും ചേക്കേറിയവർ, സ്വന്തം
 
സഭയിൽ ആത്മീയതീഷ്ണതയില്ലെന്ന പേരിൽ ആത്മീയ തീക്ഷണതയും ആഴമായ ദൈവവിശ്വാസവും ഉള്ളവരും സഭ വിട്ടുപോകുന്നവരുമുണ്ട്.
 
എന്തുകൊണ്ട് ഇങ്ങനെയുള്ളവർ സഭ വിട്ടുപോകുന്നു എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ഒരു പ്രധാന പ്രശ്‌നം വി. കുർബാന, കുമ്പസാരം, ശിശുസ്‌നാനം,
 
പരിശുദ്ധരോടുൾള പ്രാർഥന, ആചാരാനുഷ്ഠാനങ്ങൾ  തുടങ്ങിയവയ്‌ക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾക്ക് ശരിയായ ലഭിക്കാതെ
 
വരുമ്പോൾ  അടിത്തറയിളകി പോകുന്നവർ. വിശ്വാസപ്രതിസന്ധികളിൽ സഹായിക്കാനോ വ്യക്തമായ ഉപദേശങ്ങൾ നൽകാനോ ആരുമില്ലെങ്കിൽ
 
ഇത്തരക്കാർ വളരെ പെട്ടെന്ന് പുതിയ വിശ്വാസസമൂഹങ്ങളിലേക്ക് ചേക്കേറും. അങ്ങനെ സഭ വിട്ടുപോകുന്നവരെക്കുറിച്ച് സഭയ്ക്ക്
 
ഉത്തരവാദിത്വമില്ലേ? യഥാർത്ഥത്തിൽ സഭയുടെ ഭാഗത്തുനിന്നുൾള വീഴ്ചകൊണ്ടല്ലേ അവരുടെ വിശ്വാസം നഷ്ടപ്പെട്ടുപോകുന്നത്. സൺഡേ
 
സ്‌കൂളികളിലൂടെയും മറ്റുവിധത്തിലും സ്വന്തം വിശ്വാസത്തെക്കുറിച്ചുള്ള ആഴമായ ബോധ്യം ലഭിച്ചിരുന്നെങ്കിൽ പുതിയ ഉപദേശങ്ങളിൽ അവർ
 
ഇളകിപ്പോകുമായിരുന്നോ? തങ്ങൾക്കു കിട്ടുന്ന ആത്മീയമായ അനുഭവത്തെ ഉൾക്കൊള്ളാനോ പരിപോഷിപ്പിക്കാനോ തന്റെ സഭാധികാരികളോ
 
സഭാസമൂഹമോ തയാറാകുന്നില്ല എന്നതാണ്. 
 
വൈദികരുടെ ബുദ്ധിജീവി സംസ്‌കാരം
 
വൈദികർ അഹങ്കാരത്തോടെ വിശ്വാസികളോട് പെരുമാറരുതെന്നതും സഭ ഉപേക്ഷിക്കുന്നതിനു കാരണമാകുന്നുണ്ട്. വൈദികരായ ചിലരെങ്കിലും 
 
ബുദ്ധീജീവികളെ പോലെയാണ് വിശ്വാസികളെ നോക്കികാണുന്നത്. എല്ലാത്തിനും അവസാന വാക്ക് തങ്ങൾ മാത്രമാണ് എന്ന അഹങ്കാരമനോഭാവം.
 
 
 
തന്റെ മുന്നിലിരുന്നു ഉപദേശം കേൾക്കുന്ന വിശ്വാസികൾ തങ്ങളെക്കാൾ കൂടുതൽ ലോകപരിചയം ഉള്ളവരും വിവിധ മേഖലകളിൽ
 
അനുഭവസമ്പത്തുള്ളവരുമാണെന്ന സത്യം വിസ്മരിച്ചു കൊണ്ടുൾള ഭാവം. സാധാരണക്കാരും, എളിമയോടെ ജീവിതത്തെ മുന്നോട്ട്
 
നയിക്കുന്നവരുമായ വിശ്വാസികളാണ്  വൈദികരുടെ ബുദ്ധിജീവി സംസ്കാരങ്ങൾക്കും തത്വശാസ്ത്രങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നത്.
 
യേശുക്രിസ്തുവിനെ വിചാരണ ചെയ്ത അന്നാസും കയ്യാഫാസും യഹൂദസമൂഹത്തിലെ പുരോഹിതശ്രേഷ്ഠന്‍മാരായിരുന്നു. ദൈവം മോശയ്ക്ക്
 
നൽ‍കിയ പത്തു കല്‍പ്പനകളെ തങ്ങളുടെ സൗകര്യത്തിനും, ആവശ്യങ്ങള്‍ക്കുമായി പുരോഹിതർ‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ
 
ചൂഷണം ചെയ്തിരുന്നു. യൂദാസ് യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത ശേഷം, പാപഭാരത്താൽ‍ പുരോഹിതരുടെ അരികില്‍ എത്തിയപ്പോള്‍
 
യൂദാസിനെ കൈവെടിയുകയാണ് പുരോഹിതര്‍ ചെയ്തത്. ഇന്നത്തെ കാലഘട്ടത്തിലും ചില പുരോഹിതര്‍ ഇത്തരം കഠിനമായ രീതിയില്‍ ജനങ്ങളോട്
 
പെരുമാറുന്നുണ്ട്. തങ്ങള്‍ പുരോഹിതരാണെന്ന ഒരു തരം അധികാരത്തിന്റെ മാനസിക അവസ്ഥയാണ് ഇകൂട്ടരേ നയിക്കുന്നത്. പാവപ്പെട്ടവരേയും,
 
ക്ലേശം അനുഭവിക്കുന്നവരേയും ഇവര്‍ കാണുന്നതേയിൽല. തടവിലായവരെയോ, രോഗികളെയോ ഇവര്‍ ചെന്നു കാണുകയോ ശുശ്രൂഷിക്കുകയോ
 
ചെയ്യുന്നിൽല. ജനങ്ങളോട് ചേര്‍ന്നു നിലനില്‍ക്കുവാന്‍ പുരോഹിതര്‍ എല്ലായ്‌പ്പോഴും ശ്രമിക്കണം. സ്വപുത്രനെ നമ്മുക്കായി, നമ്മോടുകൂടെ
 
വസിക്കാൻ നൽകിയ വലിയ സ്‌നേഹമാണ് പിതാവായ ദൈവം കാണിച്ചത്. മനുഷ്യരുടെ ഇടയിൽ‍ വേണം ക്രിസ്തുവിന്റെ പ്രതിപുരുഷന്‍മാരായ
 
പുരോഹിതർ‍ സഹവസിക്കേണ്ടത്.
 
മാറുന്ന കാലത്തിനും ചിന്താഗതികൾക്കുമനുസ്സരിച്ചു ജീവിക്കേണ്ടി വരുന്ന മനുഷ്യരെ ഉൾക്കൊള്ളുവാൻ  യാഥാസ്ഥിതിക നിലപാടുകൾ കർക്കശമായി
 
വച്ചുപുലർത്തുന്ന സഭയ്ക്കു കഴിയാതെ പോകുന്നതാണ് ഈ പുറംപോക്കിന്റെ മറ്റൊരു കാരണം.
 
ഉന്നത വിദ്യാഭ്യാസത്തിനായി വീടും നാടും വിട്ടു മാറിതാമസിക്കേണ്ടി വരുന്ന കുട്ടികൾക്ക് സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പുത്തൻ
 
അനുഭവങ്ങളിലേക്ക് പാലായനം ചെയ്യുവാൻ നിർബന്ധിതരാകും. ചില അവസരങ്ങളിലെങ്കിലും തങ്ങൾ പാലിച്ചുവന്ന ജീവിതമൂല്യങ്ങളും,
 
മാനദണ്ഡങ്ങളുമെല്ലാം വിട്ടു മദ്യപാനം, മയക്കുമരുന്ന്, അശ്‌ളീല ജീവിത രീതികൾ തുടങ്ങി അരുതാത്ത പലതും കീഴടക്കും. പിന്നീട്
 
അതുമൂലമുണ്ടാകുന്ന മാനസിക സംഘർഷവും, കുറ്റബോധവും ചിലരെയെങ്കിലും ദേവാലയഅനുഭവങ്ങളിൽ നിന്ന് മാറി നിൽക്കുവാൻ പ്രേരിപ്പിക്കും.
 
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അവർക്കു ആവശ്യമായ കൗൺസിലിംഗും, സപ്പോർട്ടും കൊടുക്കുവാൻ സാധിക്കാതെ വരുന്നത് അവരെ സഭകളിൽ
 
നിന്ന് അന്യരാക്കും. മനുഷ്യന് ആദ്ധ്യാത്മികാവബോധം പകർന്നുനൽകി  സ്വന്തം നിലയിൽ ശരി-തെറ്റുകളെ വിവേചിച്ചറിഞ്ഞു ജീവിക്കുവാൻ അവനെ
 
പ്രാപ്തനാക്കുന്നതിൽ സഭകൾക്കും ഇടവകകൾക്കും  പരാജയം സംഭവിച്ചതാണ് വിശ്വാസികൾ സഭവിട്ടുപോകുവാൻ കാരണം എന്നാണ് എന്റെ
 
വിലയിരുത്തൽ. 
 
ഇടവകളിൽ അംഗത്വമെടുത്തിട്ടുള്ള ഒരു വിഭാഗത്തിന്റെ കാര്യം മാത്രമേ നാം ശ്രദ്ധിക്കുന്നുള്ളു. അതിനു പുറത്തുനിൽക്കുന്നവരെ
 
അന്വേഷിക്കുവാനോ കണ്ടെത്തുവാനോ, സഭയിലേക്കു തിരികെ കൊണ്ടുവരുവാനോ യാതൊരു ശ്രമവും ഉണ്ടാകുന്നിൽല എന്നതുകൂടി സ്വയം
 
വിമർശന വിധേയമാക്കേണ്ടിയിരിക്കുന്നു. 
 
വിശ്വാസം നഷ്ടപ്പെട്ടവര്‍, വിശ്വാസത്തിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്നവർ, ദൈവം  ഇൽല എന്ന വിധത്തിൽ‍ ജീവിക്കുന്നവര്‍, മൂല്യബോധവും
 
ആദർ‍ശങ്ങളും നഷ്ടപ്പെട്ടവർ, തകർ‍ന്ന കുടുംബങ്ങൾ‍, തൊഴില്‍ രഹിതര്‍, ഏകാന്തതയനുഭവിക്കുന്നവർ എന്നിവരെ കണ്ടെത്തുവാനുൾള എന്ത്
 
സാധ്യതകളാണ്  ഇന്നലെകളിൽ നാം സ്വീകരിച്ചത്. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എന്‍റെയടുക്കല്‍ വരുവിന്‍ ഞാന്‍
 
നിങ്ങളെ ആശ്വാസിപ്പിക്കാം എന്നു പറഞ്ഞ യേശുക്രിസ്തുവിന്റെ വാക്കുകൾക്കു എന്ത് വിലയാണ് ആധുനിക ക്രൈസ്തവസഭകൾ നൽകുന്നത്?
 
സഭ എന്ന നിലയിൽ, നിശ്ചിതമായ സാമൂഹികനിയമങ്ങൾക്കു വിശ്വാസികളെ വിധേയപ്പെടുത്തുവാൻ ശ്രമിക്കുമ്പോൾ വിശ്വാസികൾ
 
തിരസ്കരിക്കപ്പെടുന്നു.  അതാതുകാലത്തെ നിയമങ്ങളുടെ നടത്തിപ്പുകാരെയും അവയുടെ വ്യാഖ്യാതാക്കളെയും (മിക്കപ്പോഴും ദുർവ്യാഖ്യാതാക്കൾ
 
എന്ന് പറയേണ്ടിവരും)  മറികടന്നുൾള ചിന്തകൾക്കും ജീവിതരീതികൾക്കും വിലങ്ങുവീഴുന്നതിന്റെയും മാറ്റം അസാധ്യമാകുന്നതിന്റെയും
 
അടിസ്ഥാനകാരണം ഇതാണെന്നു പറയാം.
 
ഇസ്രായേൽജനത്തിനു മോശെ നൽകിയ പത്തു ദൈവികകല്പനകളെത്തുടർന്നു പിറന്നുവീണ  പുരോഹിതനിയമങ്ങൾമൂലം, മനുഷ്യനു അവന്റെ
 
സത്തയിൽ  ജീവിക്കാനാവാതെ വന്ന സാഹചര്യത്തിലാണ്, അവയുടെ സാരാംശമായി ദൈവസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെതുമായ
 
രണ്ടു പരമപ്രധാന കല്പനകളിൽ മറ്റെല്ലാ കല്പനകളും പ്രവാചകവചനങ്ങളും അടങ്ങുന്നു എന്നു പ്രഖ്യാപിച്ച്, പുരോഹിതനിയമങ്ങളിൽനിന്ന്
 
മനുഷ്യരെ യേശു മോചിപ്പിച്ചതിലൂടെയാണ് ക്രിസ്തീയ സമൂഹം രൂപപ്പെട്ടത്. മോശെയേയും കല്പനകളെയും തള്ളിക്കളയാതെതന്നെ അവയുടെമേൽ
 
യേശുക്രിസ്തു നടത്തിയ ആദ്ധ്യാത്മികവ്യാഖ്യാനം ലോക ചരിത്രത്തിന്റെ നാഴികത്താളുകൾ മാറ്റിമറിക്കുവാൻ പര്യാപ്തമായ വിപ്ലവകരമായ
 
മാറ്റങ്ങൾക്കു വിത്തുപാകി. ബാഹ്യനിയമങ്ങളുടെ ആന്തരീകപൂർത്തീകരണമായിരുന്നു അത്. അരുത്, അരുത് എന്ന നിഷേധാത്മകനിയമങ്ങൾക്ക്
 
പകരം, സ്‌നേഹിക്കൂ, സ്‌നേഹിക്കൂ എന്ന പുതിയ  ആത്മാധിഷ്ഠിത നിയമമായി പരിവർത്തിപ്പിക്കുകയായിരുന്നു യേശുക്രിസ്തു. മറ്റുള്ളവർ
 
നിങ്ങളോട് എങ്ങനെ പെരുമാറണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങളും അവരോടു പെരുമാറുക എന്ന് പഠിപ്പിച്ചതിലൂടെ
 
പുതിയൊരു വാതിൽ കാട്ടിത്തന്നു. സ്‌നേഹം അതിൽത്തന്നെ ദൈവികമാണ്. അപ്പോൾപ്പിന്നെ ദൈവത്തെ സ്‌നേഹിക്കണം എന്ന് എടുത്തു
 
പറയേണ്ടതിൽല. ഓരോ വ്യക്തിക്കുമായി യേശുക്രിസ്തു പ്രഖ്യാപിച്ച പരമപ്രധാനമായ ഈ സ്‌നേഹനിയമം, വ്യക്തികളെ വിവിധ
 
ദൈവസങ്കല്പങ്ങൾ പുലർത്തുന്ന മുഴുവൻ മതസംവിധാനങ്ങളിൽനിന്നുകൂടി മോചിപ്പിക്കുന്നു; അതൊന്നും നോക്കേണ്ടതില്ല, പരസ്പരം സ്‌നേഹിച്ചു
 
ജീവിച്ചാൽ മാത്രംമതി എന്നു ധൈര്യപ്പെടുത്തുന്നു.
 
പാപ-പുണ്യങ്ങളെ സ്വയം വിവേചിച്ചറിഞ്ഞു സ്വന്തംനിലയിൽ ജീവിതം നയിക്കാനും ഓരോ മനുഷ്യനും സ്വാതന്ത്ര്യമുണ്ട്. ഒപ്പം പറയേണ്ട മറ്റൊന്ന്,
 
പാപമെന്നറിഞ്ഞുകൊണ്ടുതന്നെ അതു ചെയ്യാനുള്ള സ്വാതന്ത്ര്യവും വിശേഷബുദ്ധിയോടൊപ്പം ദൈവം മനുഷ്യനു നൽകിയിട്ടുണ്ട് എന്നതാണ്. തന്നെ
 
ഒറ്റിക്കൊടുക്കാൻ പുരോഹിതരിൽനിന്ന് അച്ചാരം വാങ്ങിയെന്നറിഞ്ഞിരുന്നിട്ടും, താനൊരുക്കിയ അന്ത്യഅത്താഴത്തിൽ പങ്കുചേരുന്നതിൽനിന്ന്
 
യേശുക്രിസ്തു യൂദാസിനെ തടയാതിരുന്നത് ദൈവനിയോഗം തിരിച്ചറിഞ്ഞത്‌കൊണ്ടാണ്.  പഴയനിയമമനോഭാവത്തിൽനിന്നും ഇനിയും നാം
 
മോചിതരായിട്ടില്ല. ഏതു പാപിക്കും പ്രാർത്ഥനാലയങ്ങളിൽ, പിതാവിന്റെ ഭവനത്തിലേക്ക് ധൂർത്തപുത്രനെയെന്നപോലെ കടന്നുവരുവാനും
 
ദൈവവുമായി സഹവസിക്കാനും അനുരഞ്ജനപ്പെടാനുമുള്ള അവകാശത്തെ സഭയുടെയും ഇടവകകളുടെയും വ്യവസ്ഥാപിത നിയമങ്ങളുടെ
 
പിൻബലത്തിൽ നിഷേധിക്കപ്പെടുന്നത് ഏറ്റം വലിയ പാപമാണ് എന്നത് നാം ബോധപൂർവ്വം വിസ്മരിക്കുന്നു. എന്റെ ആലയം പ്രാർത്ഥനാലയം എന്ന്
 
വിളിക്കപ്പെടും, നിങ്ങളോ അത് കള്ളന്മാരുടെ ഗുഹയാക്കി മാറ്റിയിരിക്കുന്നു എന്ന കർത്തൃവചനം ഇന്നും ചോദ്യചിഹ്നമായി നിലനിൽക്കുന്നു.
 
വാസ്തവത്തിൽ പ്രാർത്ഥനാലയങ്ങളിൽനിന്നു പുറത്താക്കപ്പെടേണ്ടവർ, അവയെ കൊള്ളക്കാരുടെ ഗുഹകളാക്കി മാറ്റുവാൻ ശ്രമിക്കുന്നവരാണ്.
 
പാപികൾക്കു  വാതിലുകൾ തുറന്നുകൊടുക്കാൻ സഭകൾ തയ്യാറാകണം. യെരുശലേം ദേവാലയത്തിൽ കർമ്മാനുഷ്ഠാനങ്ങളെ വിലവിവരപ്പട്ടികവച്ച്
 
കച്ചവടം നടത്തിയവർക്കെതിരെ ചാട്ടവാറുയർത്തി അതേ വാതിലുകളിലൂടെ പുറത്താക്കാനും സാഹസികമായി പരിശ്രമിച്ചത് യേശുക്രിസ്തുവിന്റെ
 
പാപികളോടുൾള സ്‌നേഹവും സാമ്പത്തിക അധികാരാർത്തിയിൽ മുങ്ങിക്കുളിച്ചവർക്കെതിരെയുള്ള ധാർമ്മികരോഷവും വേണ്ടത്ര
 
ഉൾക്കൊണ്ടതുകൊണ്ടാണെന്നുള്ളതിനു തെളിവാണ്.
 
മോശെയിൽനിന്ന് യേശുക്രിസ്തുവിലേക്കു വഴിവെട്ടുകയെന്ന, കാലഘട്ടം കൊതിക്കുന്ന മഹാകർമ്മപദ്ധതിക്കു നേതൃത്വം നൽകുന്ന ഏതു പാപിക്കും
 
പ്രാർത്ഥനാലയങ്ങളിൽ, പിതാവിന്റെ ഭവനത്തിലേക്ക് ധൂർത്തപുത്രനെയെന്ന പോലെയെങ്കിലും കടന്നുചെല്ലാനും ദൈവവുമായി സഹവസിക്കാനും
 
അനുരഞ്ജനപ്പെടാനും അവകാശമുണ്ട്. വാസ്തവത്തിൽ പ്രാർത്ഥനാലയങ്ങളിൽനിന്നു പുറത്താക്കപ്പെടേണ്ടവർ, അവയെ കൊള്ളക്കാരുടെ
 
ഗുഹകളാക്കുന്നവരാണ്.
 
 
 
ഇടയന്റെ ജീവിതവിശുദ്ധി
 
അധികാരി എന്ന ഭാവം വെടിഞ്ഞു പകഷപാതം കാണിക്കാതെ, ഗ്രൂപ്പ് പിടിക്കാതെ തന്റെ ചുമതലയിലുൾള ഇടവകയിലെ, സഭയിലെ വിശ്വാസികളെ
 
എല്ലാവരെയും ഒരുപോലെ കാണുകയും നീതിയുടെയും, സത്യത്തിന്റെയും മാർഗത്തിൽ പുരോഹിതരും അല്മായരും തമ്മിലുൾള
 
പരസ്പരബഹുമാനവും, വ്യക്തിബന്ധവും, സ്നേഹവും, കരുതലും വളർത്തുകയും ചെയ്‌താൽ ഒരളവുവരെ വിശ്വാസി സമൂഹത്തെ ചിതറി
 
പോകാതെ പരിരക്ഷിക്കുവാൻ സാധിക്കും.
 
ഇടയന്റെ ജീവിതവിശുദ്ധി പരമപ്രധാനമാണ്. ആടുകളുടെ ചോര കുടിക്കുന്ന ഇടയന്മാർ സഭയെ നശിപ്പിക്കും. രണ്ടു കണ്ണുകൾ കൊണ്ട് മാത്രം നോക്കി
 
കാണുന്ന ഇടയനെ അനേകം കണ്ണുകളിലൂടെയാണ് വിശ്വാസികൾ നോക്കികാണുന്നത് എന്ന യാഥാർഥ്യം ചിലപ്പോഴെങ്കിലും മറന്നു പോകുന്ന
 
ഇടയന്മാർ. ഇടയന്റെ നോട്ടം, പെരുമാറ്റങ്ങൾ, സ്പർശനം, സംസാരങ്ങൾ, സുതാര്യത തുടങ്ങി നിരവധി കാര്യങ്ങളിൽ ഇടയന്മാർ ശ്രദ്ധിച്ചില്ലെങ്കിൽ
 
ആടുകൾ ചിതറിപ്പോകും. 
 
സമ്പത്തിന്റെയും, അധികാരത്തിന്റെയും, പ്രൗഡിയുടെയും, സുഖലോലുപതയുടെയും കയത്തിൽ മുങ്ങി കുളിക്കുന്ന ഗോവിന്ദച്ചാമിമാരായ
 
ഇടയന്മാർ വിശ്വാസികളെ സഭകളിൽ നിന്നകറ്റും.  തങ്ങൾക്ക് ദൈവദാനമായി കിട്ടിയ കൊച്ചു രാജ്യം ഭരിച്ച് -സുഖിച്ച് -ജീവിച്ച് -മരിക്കുന്നു. 
 
കാപട്യത്തിന്റെ  പര്യായമായ ഇവർ ദൈവവചനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദരിദ്രജീവിതത്തെപ്പറ്റിയും സഹനജീവിതത്തെപ്പറ്റിയും നീണ്ട പ്രസംഗങ്ങൾ
 
നടത്തുന്നു. ചെമ്മരിയാടുകളെ  നയിക്കുന്ന കപടവേഷ ധാരികളായ പുരോഹിത ഇടയതാരങ്ങൾ ബലിപീഠത്തിൽ  ക്രിസ്തുവിന്റെ ബലിയെ വെറും
 
പ്രഹസനങ്ങളാക്കി മാറ്റി സഭയെ ദിനംപ്രതി തകർത്തുകൊണ്ടിരിക്കുന്നു.  സത്യവും നീതിയും ധർ‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടുൾള,
 
ഏറെ അറിവും പഠിപ്പുമുൾള വൈദികന്‍മാര്‍ ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള്‍ എന്തുകൊണ്ട് വിശ്വാസികള്‍ പള്ളിയില്‍ നിന്നകലുന്നു
 
എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില്‍ നിന്നും പള്ളീലച്ചന്‍മാരിൽ‍ നിന്നും പരമാവധി അകന്നു നിൽ‍ക്കുന്നതാണ് നല്ലത് എന്നു
 
ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില്‍ അത് മേല്‍പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്. 
 
മുഖസ്തുതികളില്‍ കോൾ‍മയിർ‍ കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാർ‍
 
മുഖസ്തുതികളില്‍ കോൾ‍മയിർ കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാർ‍. അത് സ്വയം പൂജയാണ്. അതിലുള്‍പ്പെട്ടിരിക്കുന്ന വ്യക്തിക്കും അയാളുമായി
 
ബന്ധപ്പെട്ടവര്‍ക്കും, അയാൾ ഉള്‍പ്പെടുന്ന സമൂഹത്തിനും അതു ഗുണം ചെയ്യിൽല. യഥാര്‍ത്ഥ പ്രശ്നം അതൊരുതരം മാനസിക വിഭ്രാന്തിയാണ്. ഇത്
 
പിടിപെട്ടിരിക്കുന്ന പലരും അധികാര സ്ഥാനങ്ങളിൽ‍ ഇരിക്കുന്നവരുമാണ്. മിക്കപ്പോഴും അധികാരികൾ‍ ആത്മാനുരാഗികളാണ്. സഭാമേലദ്ധ്യക്ഷന്മാർ‍
 
പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് – കൊട്ടാര വിദൂഷകരുടെ മുഖസ്തുതികളില്‍ കോള്‍മയിർ കൊള്ളുന്ന ആത്മാനുരാഗികള്‍. “ഈ കൊട്ടാര വിദൂഷകരാണ് സഭാനേതൃത്വത്തെ  കുഷ്ഠരോഗികളാക്കുന്നത്. വിശ്വാസികളെ സഭകളിൽ നിന്നകറ്റുവാൻ ഈ കൊട്ടാര വിദൂഷകരുടെ മുഖസ്തുതിസംസ്കാരം കാരണമാകുന്നു.
 
ദേവാലയങ്ങളിലെ ഹാജർ നില കുറവാണെങ്കിലും  ദൈവവിശ്വാസം ഉള്ളവർ കൂടുന്നു എന്നത്യാഥാർഥ്യമാണ്. വിശ്വാസം എന്തായിരുന്നാലും,
 
ആഭരണങ്ങളും, വസ്ത്രങ്ങളും പ്രദർ‍ശിപ്പിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍- അതിനുൾള ഏറ്റവും നല്ല വേദികള്‍ ആയി  മാറുന്നില്ലേ നമ്മുടെ 
 
ആരാധനാലയങ്ങൾ പോലും. ഒരു കണക്കിന് പറഞ്ഞാല്‍, അമേരിക്കയിലെ ദേവാലയങ്ങളും കലാ-സാംസ്കാരിക സംഘടനകളും തമ്മിൽ‍ വലിയ
 
വിത്യാസം  അനുഭവപ്പെടുന്നിൽല. രണ്ടിടങ്ങളിലും കലാ-അഭ്യസപ്രകടനങ്ങള്‍, സാംസ്കാരിക പഠനങ്ങള്‍, ഗ്രൂപ്പു രാഷ്ട്രീയം, അധികാരകസേര,
 
പടലപിണക്കങ്ങൾ, കാലുവാരൽ‍, കുതികാല്‍ വെട്ട്, തൊഴുത്തിൽ‍ കുത്ത്, പണപ്പിരിവിവ്, പണം വെട്ടിപ്പ്, കുപ്പിയില്‍ ഇറക്ക്, കുഴിയില്‍ വീഴ്ത്തല്‍,
 
മദ്യപാനം തുടങ്ങി മലയാളികളുടെ കൂട്ടായ്മയിലെ സ്ഥിരം കലാപരിപാടികൾ ദേവാലയങ്ങളിലും അരങ്ങേറുന്നു. ഇതുമൂലം മനംമടുത്തു സഭകൾ
 
വിട്ടുപോകുന്നവരും, ദേവാലയഅനുഭവത്തിൽ നിന്ന് മാറി നിൽക്കുന്നവരും കുറവൽല.