Cosmic Vision

Love God Love Life

വൈറസ്‌വൽക്കരണവും പാസ്റ്ററൽ കെയറും

“‍ രോഗങ്ങൾ  ജീവിതത്തിന്റെ ഇരുണ്ട ഭാഗമാണ്, ദുര്‍വ്വഹമായ പൗരത്വം. പിറവികൊണ്ടവർക്കെല്ലാം രോഗികളുടേയും അരോഗികളുടേയും നാടുകളില്‍ ഇരട്ട പൗരത്വമുണ്ട്. അരോഗികളുടെ നാട്ടിലെ പാസ്സ്പോര്‍ട്ടിലാണ് ഏവര്‍ക്കും താല്പര്യമെങ്കിലും മറ്റേ നാട്ടിലെ പൗരന്മാര്‍ കൂടിയാണ് നാമെന്ന്  എപ്പോഴെങ്കിലുമൊരിക്കല്‍ തിരിച്ചറിയാതെ പറ്റില്ല.” (സൂസന്‍ സൊണ്ടാഗ്)
ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. ആംഗലേയ ഭാഷയിലെ  “Virus”-ന് ലത്തീൻ ഭാഷയിൽ  “വിഷം” എന്നാണ് അർഥം. കൊറോണ വൈറസ് ലോകമെങ്ങും ഭീതിപടർത്തികൊണ്ടിരിക്കുകയാണ്. ആഗോള വൽക്കരണത്തിന്റെ കറുത്ത അധ്യായങ്ങളിലൂടെ അപഥസഞ്ചാരം നടത്തുകയാണ് നാം. ആഗോളവത്കരണവും അതിന്റെ അവിഭാജ്യഘടകമായ ആഗോളക്രമവും മൂലം ലോകം പരാജയത്തിന്റെ ദിനരാത്രങ്ങൾ എണ്ണിതിട്ടപ്പെടുത്തുന്ന തിരക്കിലാണ് എന്ന് വൈറസ് വ്യാപനത്തിന്റെ കണക്കുകൾ രേഖപ്പെടുത്തുന്നു.  മുതലാളിത്തവ്യവസ്ഥിതിയും, കോളനിവത്കരണവും, സാമ്രാജ്യത്വവും, ആഗോളവത്കരണവും കൈകോർത്തത്തിന്റെ അപകടസൂചനകൾ വൈറസ്‌വത്കരണത്തിന് വഴിമാറുമെന്ന് ചില മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. 2019 ഡിസംബർ 31 -ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രവചിച്ചതുപോലെ “AN OUTBREAK OF THE PHINOMINA OF  UNKNOWN CAUSE “.
ചൈനയുടെ ഒരു കോണിൽ തുടങ്ങിയ വൈറസ്‌വത്കരണം കേവലം ആഴ്ചകൾ പിന്നിട്ടപ്പോൾ 1,49,700  എന്ന സംഖ്യയിലേക്ക് ഉയർന്ന്  ഇന്ന് ലോക നെറുകയിൽ ഉത്തരം കണ്ടെത്തുവാൻ സാധിക്കാത്ത മരീചികയായി മാറി. ഇതിനെ പ്രതിരോധിക്കുക തൽക്കാലം സാധ്യമല്ല. വ്യാപനം തടയുക എന്നതാണ് മാത്രമാണ് ഏക മാർഗം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ചില രാജ്യങ്ങൾ. സ്ഥാപനങ്ങൾ, സംഘങ്ങൾ, സംഘടനകൾ, കമ്പനികൾ, സിവിൽസമൂഹങ്ങൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ തുടങ്ങി വൈറസ്‌വാൽക്കരണത്തിന് സാധ്യതയുള്ള എല്ലാ മേഖലകളും തൽക്കാലത്തേക്കെങ്കിലും അടച്ചിടുക എന്നത് മാത്രമാണ്പ്ര ഒരു പ്രതിവിധി. ആൾക്കൂട്ടത്തിൽ ഒരാൾ മതി സർവ്വനാശത്തിന് കാരണമാകുവാൻ എന്നതാണ് കഴിഞ്ഞകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.
കടുത്ത പകര്‍ച്ചവ്യാധികളാലും പ്രകൃതിക്ഷോഭങ്ങളാലും  ലോകം ഇന്ന് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. കൊറോണ വൈറസ് ലോകനെറുകയിൽ ആടിതിമിർക്കുന്നത് പുതിയൊരു പകര്‍ച്ചവ്യാധിയായിട്ടാണ്. “വൈറസ്“ എന്ന പ്രതിഭാസം തന്നെ ആധുനികശാസ്ത്രത്തിന്റെ ഉത്തരം കണ്ടെത്തുവാൻ സാധിക്കാത്ത ദുരൂഹതകളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. മാനസികമായും ശാരീരികമായും തളർന്നുപോകുവാനുള്ള സാധ്യതയുടെ നടുവിലാണ് മനുഷ്യൻ. ആഗോളയുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പൗരാവകാശങ്ങളും മൗലികാവകാശങ്ങളും നിമിഷങ്ങൾ കൊണ്ട് ഇല്ലാതാകുന്നു. ഭരണകൂടത്തിന്റെ അഭിപ്രായങ്ങളും അതു മുന്നോട്ടുവെക്കുന്ന കാര്യകാരണങ്ങളും മാത്രമാണ് തല്‍ക്കാലികമായെങ്കിലും അംഗീകരിക്കപ്പെടുക. ഊഹാപോഹങ്ങളും കിംവദന്തികളും  നവമാധ്യമങ്ങളിലൂടെയും, സോഷ്യൽ മീഡിയകളിലൂടെയും രാഷ്ട്രശരീരത്തെത്തന്നെ ആകമാനം ഇല്ലാതാക്കുമെന്നതിനാല്‍ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന ശമനൗഷധങ്ങള്‍ സ്വീകരിക്കുക മാത്രമേ ഇപ്പോൾ നിര്‍വ്വാഹമുള്ളു. അതിജീവനത്തിന്റെ പേരിൽ സഹജീവിയെ ജീവനോടുകൂടി മുറിയിലിട്ടടക്കുകയോ, കുഴിയിലിട്ടു മൂടുകയോ, വെടിവച്ചുകൊല്ലുകയോ ചെയ്യുന്ന പുത്തൻ സംസ്കാരത്തിന് നാം  കേവലം കാഴ്ചക്കാർ മാത്രമാകുന്നു. “എനിക്ക് മാത്രം ജീവിക്കണം” എന്ന ചിന്ത എങ്ങനെയോ ചിലയിടങ്ങളിൽ നിറഞ്ഞാടുന്നു . “സംസ്‌ക്കാരം” എന്ന വാക്ക് കൂട്ടിച്ചേര്‍ത്തുപയോഗിക്കാന്‍ സാദ്ധ്യമല്ലാത്ത  വിധത്തിലുള്ള ശവസംസ്‌ക്കാരങ്ങളായി മാറുന്ന പുതുപുത്തൻ ലോകസംസ്കാരം. എം.ടി എഴുതിയതുപോലെ ”നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന  ഗ്രാമത്തിനു മുകളില്‍ മരണം ഒരു കൂറ്റന്‍ പരുന്തിനെപ്പോലെ ചിറകു വിരുത്തി വട്ടമിട്ടു പറക്കുന്നുണ്ടെന്നു തോന്നി പോകുന്നു”.
മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ലോകം മുഴുവൻ ഭയക്കുന്ന കോവിഡ് -19 എന്ന മഹാവ്യാധിയെ എങ്ങനെ നേരിടാം എന്നാണ് ലോക രാജ്യങ്ങൾ അന്വേഷിക്കുന്നത്.
1 . മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഈ രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുവാനുള്ള   മുൻകരുതലുകളാണ് ആദ്യം നാം സ്വീകരിക്കേണ്ടത്. ഇക്കാര്യത്തിൽ  സംഘടിത സമൂഹത്തിന്, മത-സാമൂഹിക-രാഷ്ട്രീയ സംഘനേതാക്കൾക്ക് വലിയ സ്വാധീനം ചെലുത്തുവാൻ സാധിക്കും.
2 .സ്വയം നിയന്ത്രിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിൽ ഇനിയും നാം മടികാണിക്കരുത്.
രോഗവ്യാപനം തടയുന്നതിൽ വ്യക്തവും ശക്തവുമായ ഉത്തരവാദിത്വം മതനേതാക്കൾക്കുണ്ട്. നിങ്ങളുടെ ഒരു തീരുമാനം മൂലം ഒരു വലിയ സമൂഹത്തിലേക്കുള്ള രോഗവ്യാപനം തടയുവാൻ സാധിക്കും. ഒരു വ്യക്തി ഒരു സമൂഹത്തിന്റെ നാശത്തിന് കാരണമാകുവാനുള്ള സാധ്യത ഏറെയാണ്.
മതവിശ്വാസത്തിന്റെ പേരിൽ ചിലർ കാട്ടികൂട്ടുന്ന ദുർവാശി മൂലം ഒരാളുടെയെങ്കിലും ജീവൻ പൊഴിയാൻ കാരണമായാൽ പിന്നെ ഒഴിഞ്ഞുമാറുവാൻ ശ്രമിച്ചിട്ടോ വിലപിച്ചിട്ടോ കാര്യമില്ല. പ്രാര്‍ത്ഥനക്കെത്തുന്നവരെ വൈറസില്‍നിന്ന് ദൈവം കാത്തുകൊള്ളുമെന്ന് പറയുന്ന വിശ്വാസത്തിനു ഒരുപരിധിവരെ മാത്രമേ നിലനിൽപ്പുള്ളൂ. ഒരല്പം ആത്മീയമായ അനുഭവത്തിനുവേണ്ടി, സ്വാന്തനത്തിനുവേണ്ടി, സാമിപ്യത്തിനുവേണ്ടി കാത്തിരിക്കുന്ന മനുഷ്യന്റെ സർവ്വനാശത്തിന് നമ്മുടെ തീരുമാനം കാരണമാകരുത്. മാറ്റിവക്കുവാൻ സാധിക്കുന്ന  മതപരമായ ചടങ്ങുകൾ ഇത്തരുണത്തിൽ ഒഴിവാക്കുകയാണ് ഉത്തമം. അതേസമയം രോഗഭീതിയാൽ വലയുന്നവർക്കും അവരുടെ കുടുംബാഗങ്ങൾക്കും അവരെ പരിചരിക്കുന്നവർക്കും ആവശ്യമായ സ്വാന്തനവും പ്രചോദനവും  നൽകുവാൻ നമ്മുടെ സാന്നിധ്യം പര്യാപ്തമാകുകയും വേണം.
3 . ആഗോള സമ്പത്തുവ്യവസ്ഥയെ തന്നെ മാറ്റിമറിക്കുവാൻ സാധ്യതയുള്ള  അതിസങ്കീര്‍ണമായ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിനും, മാനസീകവും ശാരീരികവുമായ പിരിമുറുക്കവും പ്രയാസവും അഭിമുഖീകരിക്കുന്നവര്‍ക്ക്‌ ആശ്വാസവും സമാധാനവും ലഭ്യമാക്കുവാനും ‌ പൗരോഹിത്യ-പാസ്റ്ററൽ കെയർ സംവിധാനം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.അമേരിക്ക പോലുള്ള രാജ്യങ്ങൾ ഈ വൈറസിനെ നേരിടുവാൻ ദേശീയ അടിയന്തിരാവസ്ഥ തന്നെ പ്രഖ്യാപിച്ചതിന്റെ തീവ്രത ഇനിയും നാം ഉൾക്കൊണ്ടിട്ടില്ല.
4 . പൊതുപരിപാടികളും ഒത്തുചേരലുകളും ഒഴിവാക്കിയേ മതിയാകൂ  എന്നാണ് രാജ്യം ആവശ്യപ്പെടുന്നത്. നാം അതിനു തയ്യാറായില്ലെങ്കിൽ വലിയവില കൊടുക്കേണ്ടിവരും. മനുഷ്യൻ സമൂഹജീവിയാണ്. സമൂഹത്തിന്റെ നന്മകൂടി നമ്മുടെ ഉത്തരവാദിത്വമാണ് എന്ന ബോധ്യം നഷ്ടമായാൽ നിലനിൽപ്പ് തന്നെ ഇല്ലാതാകും.
5 . ഇപ്പോൾ ഉണ്ടായിരിക്കുന്ന സമ്മര്‍ദ്ദങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യരുത്. ചില വ്യക്തിതാല്പര്യങ്ങളുടെ സ്വാധീനത്താൽ നാം കാണിക്കുന്ന അല്പം അശ്രദ്ധ നിങ്ങളുടെ ചെറിയ സമൂഹത്തിലൂടെ ഒരു  രാജ്യത്തിന്റെ തന്നെ നിലനിൽപ്പിന്‌ തടസ്സമാകുവാനുള്ള സാധ്യത ഏറെയാണ്. ഒരുപക്ഷേ നമുക്ക് ഒഴിഞ്ഞുമാറുവാൻ സാധിച്ചേക്കാം. അത്യാവശ്യ സാഹചര്യങ്ങൾ ആസൂത്രണം ചെയ്യുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നതോടൊപ്പം മതപരവും ആത്മീയപരവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അല്പകാലത്തേക്കെങ്കിലും മാറ്റിവക്കുവാനുള്ള  വലിയ ഉത്തരവാദിത്തം നമുക്കുണ്ട് എന്നത് വിസ്മരിക്കരുത്. സ്വർണതളികയിൽ കൈകൾ കഴുകി പാപഭാരം ഒഴിയാൻ നാളെകളിൽ നമുക്ക് സാധിച്ചേക്കാം.
6 . വ്യക്തിയിൽ തുടങ്ങി കുടുംബത്തിലൂടെ, സമൂഹത്തിലൂടെ, രാജ്യത്തിലൂടെ ലോകത്തിലേക്കു പടരുന്ന ഈ പ്രതിസന്ധി പരിഹരിക്കുവാനുള്ള മാർഗം ആദ്യകണ്ണിയായ വ്യക്തിയിൽ തുടങ്ങുക എന്നത് മാത്രമാണ്. “കൊറാന്റയിൻ” എന്നതിന് “സ്വയം വെറുമയാക്കുക” എന്ന വിവക്ഷ കൂടിയുണ്ട്. ഈ വലിയ നോമ്പിന്റെ ദിനങ്ങൾ എന്റെ “അഹം” ഇല്ലാതാക്കുവാൻ അല്പമെങ്കിലും സാധിക്കുമെങ്കിൽ  എത്രയോ സ്രേഷ്ടം.
7 . ലോകത്ത് എന്താണ് സംഭവിക്കുന്നത്? അത് വ്യക്തി ജീവിതത്തെ എങ്ങനെ ബാധിക്കുന്നു? ഇതുമൂലം സമൂഹ ജീവിതക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ? എന്നിവയെ കുറിച്ചുള്ള ശരിയായ അവബോധം ആദ്യം ഉണ്ടാകണം. നമ്മുടെ ചില തെറ്റായ ബോധ്യങ്ങൾ ഒരു സമൂഹത്തെ മുഴുവൻ വഴിതെറ്റിക്കുവാനുള്ള സാധ്യതകൾ ഏറെയാണ്.
8 . മുന്നോട്ടുള്ള പ്രയാണത്തിൽ അല്പം സുരക്ഷിതത്വവും പ്രതീക്ഷയും പകരുവാൻ നമുക്ക് സാധിക്കുന്നു എങ്കിൽ നാം വിജയിക്കും. ശരി തെറ്റുകൾ വിവേചിച്ചറിയുവാനും ആരിൽ/ എന്തിൽ/ എങ്ങനെ ആശ്രയിക്കണം എന്ന ഉത്തമ ബോധ്യത്തിലേക്ക് സമൂഹത്തെ ചലിപ്പിക്കുവാൻ നമ്മുടെ സാമീപ്യവും പ്രതികരണവും മൂലം സാധിക്കണം.
9 . ഓരോ രാജ്യത്തിനും, നഗരത്തിനും, മതത്തിനും, സഭക്കും, കുടുംബത്തിനും, വ്യക്തിക്കും ന്യായമെന്നും സ്വീകാര്യമെന്നും തോന്നുന്നതാണ്‌ അവരുടെ ശരി, അവർക്ക്‌ അങ്ങനെ തോന്നുന്നിടത്തോളം കാലം അത്‌ അങ്ങനെതന്നെയായിരിക്കും. അവിടെ സ്വയം തിരഞ്ഞെടുക്കുന്നതിനുള്ള വ്യക്തിയുടെ അവകാശങ്ങൾ ഹനിക്കപ്പെടരുത്‌. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:⁠12) ഒരു പ്രവൃത്തിക്കു ജനസമ്മിതിയുണ്ട്‌ എന്നതുകൊണ്ടുമാത്രം അക്കാര്യം ശരിയാവേണമെന്നില്ല. “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു‌.”—⁠പുറപ്പാടു 23:⁠2 എന്നാണ് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നത്.  സ്വന്ത വിവേകത്തിൽ ഊന്നരുത്‌.” (സദൃശവാക്യങ്ങൾ 3:⁠5). ശരി തിരിച്ചറിയാൻ കഴിവുള്ള, എന്നാൽ തെറ്റായ ഗതി പിൻപറ്റാൻ ചായ്‌വുള്ള വഞ്ചകമായ സാധ്യതയെ ഇല്ലാതാക്കുവാൻ നമ്മുടെ ചെറിയ തീരുമാനം മൂലം സാധിക്കും.
10 .ധാർമികമായി എന്താണു ചെയ്യേണ്ടതെന്ന്‌ അറിയാമായിരുന്നിട്ടും സ്വന്ത താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതിൽ അത്ഭുതമൊന്നുമില്ല. കൊറോണ ഭീഷണിയുടെ നടുവിൽ രാജ്യങ്ങൾ അതാണ് ചെയുന്നത്.  അത്തരം സാഹചര്യത്തിൽ ശരിയായതു ചെയ്യിക്കുന്നതിന്‌ പ്രേരിപ്പിക്കുവാൻ എന്തു കാരണങ്ങളാണു നൽകുവാൻ സാധിക്കക എന്ന് നാം ചിന്തിക്കണം.
തനിച്ച് ജീവിക്കാൻ സാദ്ധ്യമല്ലാത്ത ഒരു ജീവിയാണ്  മനുഷ്യൻ. ഗുണത്തിനോ ദോഷത്തിനോ ആകട്ടെ, മറ്റ് മനുഷ്യർ കൂടി ഉള്ളതിനാലാണ് നമ്മൾ ജീവിച്ചിരിക്കുന്നത്.  ജീവനാണ് സർവത്തിനും പ്രധാനം. ജീവന് വിലകല്പിക്കാത്ത ലോകം നാശത്തിലേക്കു കൂപ്പുകുത്തും. സ്നേഹം, കരുണ, സഹജീവികളോടുള്ള അനുകമ്പ, സഹകരണം, പരസ്പരാശ്രയത്വം തുടങ്ങിയ മൂല്യങ്ങൾ ഇന്ന് പ്രസക്തമല്ലാതായിരിക്കുന്നു. നമ്മുടെ ഒരു ചെറിയ തീരുമാനം ചിലപ്പോൾ ഒരു സമൂഹത്തിന്റെ വീഴ്ചക്കും ഉയർച്ചക്കും കാരണമായേക്കാം.  ചില സാഹചര്യങ്ങളിൽ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാൻ നമുക്ക് പ്രയാസമായിരിക്കും. ജീവിതത്തിന്റെ ലക്ഷ്യമെന്തെന്നും എങ്ങനെ ജീവിതം നയിക്കണമെന്നും മനസ്സിലാക്കിയാൽ ശരിയായ മാർഗത്തിൽ സമൂഹത്തെ നയിക്കുവാൻ സാധിക്കും .”എനിക്കിതുവരെ ഒന്നും സംഭവിച്ചിട്ടില്ലല്ലോ” എന്ന ചോദ്യം ഉയർത്തുന്നവർ നമ്മുടെ ഇടയിൽ തന്നെ കണ്ടേക്കാം. തെറ്റ് – ശരി, ഗുണം – ദോഷം ഇതെല്ലാം തികച്ചും ആപേക്ഷികങ്ങളാണ്. ഒരാളുടെ ദൃഷ്ടിയിൽ തെറ്റെന്നു കാണുന്നത് , മറ്റൊരാൾക്ക് ശരിയായി  അനുഭവപ്പെടാം. തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകബുദ്ധി ഈശ്വരൻ നമുക്കു നൽകിയിട്ടുണ്ട്. ഒരുപക്ഷെ ദൈവവിശ്വാസം ഇല്ലാത്തവർക്കുപോലും ധാർമികമായി മെച്ചപ്പെട്ട നിലയിൽ പെരുമാറാനും പ്രായോഗികവും ആദരണീയവുമായ തീരുമാനങ്ങൾ എടുക്കുവാൻ കഴിയും. ഉള്ളിൽനിന്നും ഉയരുന്ന വിവേകത്തിന്റെ ശബ്ദം ഗൗനിക്കാൻ നാം  ചില അവസരങ്ങളിൽ  കൂട്ടാക്കാറില്ല എന്നതാണ് സത്യം.  ഈ നിമിഷം ചെയ്യേണ്ടതാണെന്ന്  ഉത്തമ ബോദ്ധ്യം ഉള്ള ഒരു കാര്യം ചെയ്യാതിരിക്കുന്നത് വലിയ പാതകമാണ്. അവിടെ അവിവേകവും അഹങ്കാരവും ഒന്നിക്കുമ്പോൾ ചെയ്യുന്ന കർമത്തിന്റെ ഫലം ചിലപ്പോൾ  ഒരു സമൂഹം മുഴുവൻ അനുഭവിക്കേണ്ടിവരും.  മാറാവ്യാധികൾ മൂലം ലോകം ഭീതിയുടെ മുൻമുനയിൽ നിൽക്കുമ്പോൾ അല്പം വിവേകത്തോടെ നമുക്കും കൈകോർക്കാം.