Cosmic Vision

Love God Love Life

“അശുദ്ധിയും”വിശുദ്ധിയും”

വിശുദ്ധ മത്തായി 9:20-22
“അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ: അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു. യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: “മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൗഖ്യം വന്നു.”

ഇവിടെ മൗലീകമായ ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു
ഈ സംഭവം വിശുദ്ധ മത്തായിശ്ലീഹ വിശുദ്ധ വേദപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തിനുവേണ്ടി?
ദൈവപുത്രാനായ യേശുക്രിസ്തുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടാൽ തനിക്ക് സൗഖ്യം വരും എന്ന വിശ്വാസത്തിൽ ആ സ്ത്രീ കടെന്നുവരുമെന്നതും തന്റെ വസ്ത്രത്തിൽ സ്പർശിക്കുമെന്നുള്ളതും അതിലൂടെ അവളുടെ രക്ത സ്രാവം നിലക്കുമെന്നുള്ളതും ദൈവപുത്രന് മുൻകൂട്ടി അറിയാമായിരുന്നില്ലേ?
വസ്ത്രത്തിലെ സ്പർശനം:അശുദ്ധിയായിരുന്നെങ്കിൽ രക്തസ്രാവമുള്ളപ്പോൾ ദൈവപുത്രനെ സ്പർശിക്കുവാൻ അനുവാദം നൽകുമായിരുന്നോ ?
രക്തസ്രാവമുള്ളപ്പോൾ ദൈവപുത്രനെ സ്പർശിക്കുവാൻ അനുവാദം നൽകിയെങ്കിൽ, അതിലൂടെ 12 വർഷമായി അവൾ അനുഭവിച്ച രക്തസ്രാവം നിലച്ചു എങ്കിൽ ആ യേശുക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവുമാകുന്ന തീക്കട്ട അനുഭവിക്കുന്നതിൽ നിന്ന് സ്ത്രീയെ വിലക്കുവാൻ ആർക്ക് സാധിക്കും?
“മകളെ”: എന്നുള്ള സ്നേഹത്തോടെയുള്ള വിളിയിലൂടെ അവളിലെ സ്ത്രീത്വത്തെ ബഹുമാനിച്ചുകൊണ്ട് കൂടെ ചേർത്തുനിർത്തുന്ന അനുഭവം എത്രയോ മഹനീയമാണ്. ഇവിടെ ദൈവപുത്രന്റെ ദൈവത്വത്തിനു ഒരു കോട്ടവും സംഭവിക്കുന്നില്ല. ദൈവത്തിന്റെ വിശുദ്ധി കാത്ത് സംരക്ഷിക്കുവാൻ പാടുപെടുന്നവർക്കുള്ള മറുപടിയാണ് ഈ സംഭവത്തിലൂടെ വെളിവാക്കപ്പെടുന്നത്.

തന്‍റെ വസ്ത്രത്തില്‍ സ്പര്‍ശിച്ച സ്ത്രീയോട് യേശു പറയുന്നതു: മകളേ, ധൈര്യമായിരിക്കുക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷം മുതല്‍ അവള്‍ സൗഖ്യമുള്ളവളായി.”മകളേ”, “ധൈര്യമായിരിക്കുക”, എന്നീ രണ്ടു പദങ്ങള്‍ മനുഷ്യ സ്ത്രീ എന്ന വ്യക്തിയോടു ദൈവത്തിനുള്ള കാരുണ്യത്തെ പൂര്‍ണ്ണമായിത്തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു. ദൈവത്തെ സ്പർശിക്കുവാൻ അവസരം ലഭിച്ചതോടെ ആ രക്ഷയുടെ പൊരുള്‍ ഉൾക്കൊള്ളുവാൻ ഇന്നും നമുക്ക് സാധിച്ചിട്ടില്ല, അതുകൊണ്ടാണ് അശുദ്ധിയുടെ പേരുപറഞ്ഞു സ്ത്രീയെ മാറ്റിനിർത്തുവാൻ ആധുനിക മതശക്തികളും ശ്രമിക്കുന്നത്. യേശുക്രിസ്തു ആ സ്ത്രീയ്ക്ക് സൗഖ്യമേകിയതോടുകൂടി അക്കാലത്തു നിലനിന്നിരുന്ന സാമൂഹ്യവും മതപരവുമായ വിവേചനങ്ങളില്‍ നിന്ന് സ്ത്രീയെ സ്വതന്ത്രയാക്കുകയായിരുന്നു; അവളുടെ ഹൃദയത്തില്‍ നിന്ന് ഭീതിയും അസ്വസ്ഥതയുമകറ്റി അവളുടെ പ്രത്യാശയ്ക്ക് സാക്ഷാല്‍ക്കാരമേകി. പൊതുധാരയിൽനിന്ന് മാറിനിൽക്കേണ്ട അവസ്ഥയില്‍നിന്ന് അവളെ മോചിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു. നീ ഇനി പുറന്തള്ളപ്പെട്ടവളല്ല, പൗരോഹിത്യ സമൂഹം നിന്നോട് കാണിച്ച അനീതിക്ക് ഞാന്‍ നിന്നോടു പൊറുക്കുന്നു, ഞാന്‍ നിന്നെ ആശ്ലേഷിക്കുന്നു. ഇതാണ് ദൈവത്തിന്‍റെ കാരുണ്യം. മനുഷ്യൻ അശുദ്ധിയെന്ന് കരുതുന്നതിനെ വിശുദ്ധീകരിക്കുവാൻ ദൈവത്തിന് കഴിയും. എഴുന്നേല്‍ക്കൂ, നടന്നു വരൂ. ദൈവം നമ്മെ സൃഷ്ടിച്ചത് ഔന്നത്യമുള്ളവരായിട്ടാണ് അല്ലാതെ നിന്ദിതരായിട്ടല്ല. സൃഷ്ടിക്കു സൃഷ്ട്ടാവായ ദൈവവുമായുള്ള ബന്ധം പുനസ്ഥാപിക്കുകയാണ് യേശുക്രിസ്തു ചെയ്തത്.
അവൾ ആള്‍ക്കൂട്ടത്തില്‍ തനിച്ചായിരുന്നു എന്നിട്ടും, അവളുടെ ശോച്യമായ ജീവിതാവസ്ഥയുടെ ഏകാന്തതയില്‍നിന്നും അവളെ സൗഖ്യം പകര്‍ന്ന്, കരകയറ്റി. ഏകാന്തതയും അപഹര്‍ഷതയും പാടെ മാറ്റി ജീവിക്കാനുള്ള ഭീതിയില്‍നിന്നും പുറത്തുകൊണ്ടുവരുന്നു.

“ധൈര്യപ്പെടുക”: നീ ധൈര്യമായി നിന്റെ മാനസികമായ അവസ്ഥ ദൈവം അറിയുന്നു. ദൈവസന്നിധിയിലേക്ക് വരുവാൻ ഭയപ്പെടേണ്ടതില്ല.“നിന്റെ വിശ്വാസം”: ഒരു സ്ത്രീ എന്ന നിലയിലുള്ള നിന്റെ ശാരീരികമായ അവസ്ഥ വിശ്വാസത്തോടെ ദൈവസന്നിധിയിലേക്ക് വരുന്നതിന് ഒരിക്കലും തടസമല്ല.“വസ്ത്രത്തിന്റെ തൊങ്ങൽ ഒന്ന് തൊട്ടാൽ മാത്രം മതി എന്റെ രക്തസ്രാവം മാറുമെന്നുള്ള നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും. ഈ രക്തസ്രാവക്കാരിയുടെ അവസ്ഥയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ആധുനിക കാലഘട്ടത്തിലെ ചില സ്ത്രീകളെങ്കിലും. അശുദ്ധിയുടെ പേരിൽ ആരാധനാലയങ്ങളിൽ നിന്നും തിരസ്കരിക്കപ്പെടുന്ന സ്ത്രീകൾ രക്തസ്രാവക്കാരിയായ സ്ത്രീയുടെ പ്രതീകങ്ങളാണ്. സ്ത്രീയുടെ അലംഘനീയ ഔന്നത്യത്തെ ഹനിക്കുന്നതായ മുന്‍വിധികളോടും സന്ദേഹങ്ങളോടും കൂടി സ്ത്രൈണതയെ വീക്ഷിക്കുന്നതിനെതിരെ എല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവസമൂഹങ്ങളും ജാഗ്രതപുലര്‍ത്തണം. പൗരോഹിത്യ സമൂഹം വിലക്ക് കൽപ്പിച്ചു ഒഴിവാക്കിനിറുത്തിയിരുന്ന ആ സ്ത്രീയുടെ വിശ്വാസത്തെ യേശുക്രിസ്തു ശ്ലാഘിക്കുകയും അവളുടെ പ്രത്യാശയെ രക്ഷയാക്കി മാറ്റുകയും ചെയ്യുന്നു. ആര്‍ത്തവം സ്ത്രീ ശരീരത്തിന് പ്രകൃതി നല്‍കിയ സമ്മാനമാണെന്നു പറയാം. ഇതുകൊണ്ടുതന്നെ ഇതെക്കുറിച്ചു മോശമായി കരുതേണ്ടതോ കണക്കാക്കേണ്ടതോ ഇല്ല. യേശുവിനാല്‍ സൗഖ്യമാക്കപ്പെടണമെന്ന അഭിലാഷം അവളെ യഹൂദനിയമം അനുശാസിക്കുന്ന നിയമ വ്യവസ്ഥകളെ മറികടക്കുവാൻ പ്രേരിപ്പിക്കുന്നു. പന്ത്രണ്ട് വര്‍ഷങ്ങളായി അവള്‍ രോഗി മാത്രമല്ല മറിച്ച് രക്തസ്രാവമായതിനാല്‍ അശുദ്ധയായും സമൂഹം മാറ്റിനിർത്തിയിരുന്നു. ആകയാല്‍ അവള്‍ക്ക് ദൈവാലയത്തിലെ ആരാധനയില്‍ പങ്കെടുക്കുന്നതിനൊ ദാമ്പത്യജീവിതം നയിക്കുന്നതിനൊ മറ്റുള്ളവരുമായി അടുത്തിടപഴകുന്നതനൊ അനുവാദമുണ്ടായിരുന്നില്ല. സമൂഹത്തില്‍ നിന്ന് മാറ്റിനിർത്തപ്പെടുന്നവരുടെ പ്രതീകമാണ് ആ സ്ത്രീ. ഇവിടെ അവളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിന് സുപ്രധാനമാണ്. തന്നെ രോഗവിമുക്തയാക്കാനും വര്‍ഷങ്ങളായുള്ള പുറന്തള്ളപ്പെടലിന്‍റേയും അയോഗ്യതയുടേയും അവസ്ഥയില്‍ നിന്നു മോചിക്കാനും ദൈവത്തിനു കഴിയുമെന്ന് അവള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. യേശു ക്രിസ്തുവിന്‍റെ ഹൃദയത്തില്‍ ഇടംതേടിയവളാണ് ഈ സ്ത്രീ. അനുഗ്രഹം പ്രവഹിക്കുക എന്നാൽ യേശുവിന്റെ വസ്ത്രത്തിൽ തൊട്ടാൽ മാത്രം ലഭിക്കുന്ന ഒന്നല്ല. മനസ്സറിഞ്ഞു ദൈവസന്നിധിയിലേക്കു കടന്നുവരുന്നവക്ക് ദൈവം അനുഗ്രഹമാരിയെ വർഷിക്കും. മനുഷ്യൻ ഉണ്ടാക്കിയ ചട്ടക്കൂടുകൾ അവിടെ ഇടർച്ചകല്ലും തടങ്കൽ പാറയുമാകരുത്. നിയമങ്ങളും,ചട്ടങ്ങളും,ഉപചട്ടങ്ങളും ചാരങ്ങളും ഉപചാരങ്ങളും, ആചാരങ്ങളും, അനാചാരങ്ങളും ദൈവനിർമ്മിതങ്ങളല്ല, മറിച്ചു അവ മനുഷ്യ നിർമ്മിതങ്ങളാണ്. പൗരോഹിത്യ-പേട്രിയാർക്കൽ അധിനിവേശത്തിന്റെ അവശേഷിപ്പുകളാണ്.

എന്താണ് ‘അശുദ്ധി’ എന്ന പദംകൊണ്ട് നാം അര്‍ഥമാക്കുന്നത്? അശുദ്ധിയും ആര്‍ത്തവവും തമ്മില്‍ ബന്ധപ്പെടുന്നതെങ്ങനെയാണ്? ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ഈശ്വരനെ മനസ്സില്‍ വിചാരിച്ചാല്‍ ഈശ്വരന്‍ അശുദ്ധനാകുമോ?
“അഴുക്ക് “ എന്ന അര്‍ഥത്തിലാണ് ഈ ‘അശുദ്ധി’ എന്ന പദം ഉപയോഗിക്കുന്നതെങ്കില്‍, മലവും, മൂത്രവും പൊട്ടിയൊലിക്കുന്ന വ്രണങ്ങളും, രോഗങ്ങളും അശുദ്ധിയാകില്ലേ? ഇവയും ഉള്ളിൽ വഹിച്ചുകൊണ്ട് വിശുദ്ധ സ്ഥലങ്ങളിൽ പ്രവേശിക്കാമോ? വ്രണങ്ങളും രോഗങ്ങളും ഉള്ള അവയവങ്ങളുമായി ആരാധനാലയത്തില്‍ പ്രവേശിക്കാമോ?
ആര്‍ത്തവം സ്ത്രീക്ക് മാത്രമുള്ളതായതിനാല്‍ പുരുഷന്മാര്‍ക്കുള്ളതെല്ലാം അനുവദനീയവും സ്ത്രീക്കുള്ളത് വിലക്കുമായതാണോ? എങ്കില്‍ അത് ഒരു രണ്ടാംകിട വിവേചനമല്ലേ?

നിങ്ങൾ വർദ്ധിച്ചു പെരുകി ഭൂമിയിൽ നിറയുവിൻ. അങ്ങനെ ദൈവം മനുഷ്യനേയും സ്ത്രീയെയും തൻറെ സ്വന്തം സ്വരൂപത്തിൽ സൃഷ്ടിച്ചു. എന്നിട്ട് അവരോട് മക്കളേയും അവരുടെ മക്കളേയുമായി ഭൂമിയിൽ നിറയാനായി അനുഗ്രഹിച്ചു. താൻ സൃഷ്ടിച്ചത് എല്ലാം നല്ലതാണെന്നു കണ്ടിട്ട് ദൈവം വളരെ സന്തോഷവാനായി.
ദൈവത്തിന്റെ ഈ സൃഷ്ടി പദ്ധതിയിൽ പങ്കാളിയാകുവാനുള്ള ഒരുക്കമാണ് സ്ത്രീയുടെ ശരീരത്തിനുള്ളിൽ നടക്കുന്നത്. മാസത്തിലെ ആര്‍ത്തവകാലത്തുണ്ടാവുന്ന രക്തസ്രാവത്തിന് ഒരുവിധത്തിലും ഉത്തരവാദികളല്ലാത്ത സ്ത്രീകളെ പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്ത്രീക്ക് സർവ്വേശ്വരന്‍ തന്നെ കല്‍പ്പിച്ചുനല്‍കിയ രക്തസ്രാവത്തിന്റെ പേരില്‍ കുറ്റപ്പെടുത്തി അകറ്റി നിർത്തുവാൻ മാത്രം മോശക്കാരനാണ് ദൈവമെന്ന് വിധി കല്പിക്കുവാൻ എങ്ങനെ സാധിക്കുന്നു ?

ശോധനം ചെയ്യപ്പെട്ടിട്ടുള്ളത് അഥവാ നല്ലതാക്കിയിട്ടുള്ളത് ശുദ്ധം. അത് ചെയ്തിട്ടില്ലാത്തത് അശുദ്ധം: അശുദ്ധത്തിന് നിദാനം മനസ്സ് തന്നെയാകുന്നു. സുഗന്ധവർഗ്ഗങ്ങൾ നമ്മുടെ മനസ്സിനെ സുഗന്ധത്താലും കുളിർമയാലും, ആകർഷിക്കുമ്പോൾ വിസർജ്യം ദുർഗ്ഗന്ധം മൂലം വികർഷിക്കുന്നു. അപ്പോൾ ശുദ്ധാശുദ്ധിക്ക് നിദാനം മനസ്സാണെന്നു വരുന്നു.മനസ്സിന്റെ ശുദ്ധിക്കാണ് പ്രാധാന്യം.ഭക്തി ഭക്തന്റേതാണ്. ദൈവത്തിന്റേതല്ല. ഭക്തി ദൈവത്തോടാണെങ്കിലും അത് സ്വന്തം മനസ്സിന്റേതുമാത്രമാണ്. മനഃസംയമനമാണ് അവിടെ അവനെ ശുദ്ധനാക്കുന്നത്.

മത്സൃ മാംസഭക്ഷണങ്ങളും, പുളിച്ചതും അഴുകിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നവരേയും ആചാരങ്ങളും അനുഷ്ടാനങ്ങളും ഒന്നുമില്ലാതെ തമോഗുണം വർദ്ധിച്ച് ഉന്മാദം ബാധിച്ചവരെയും അശുദ്ധന്മാരായിട്ടാണ് പണ്ടുകാലത്ത് കണക്കാക്കിയിരുന്നത്. അതു കൊണ്ട് അത്തരക്കാരെ സാത്വിക കർമ്മങ്ങളിൽ നിന്നും അക്കാലത്ത് ഒഴിവാക്കി നിർത്തിയിരുന്നു. മലവിസര്‍ജനം പോലെ സ്വാഭാവികവും പ്രകൃത്യാ ഉള്ളതുമായ ആര്‍ത്തവത്തിന് ശുദ്ധാശുദ്ധികളുമായിട്ടെന്തു ബന്ധമാണ് ഉള്ളത് ?
ഈശ്വര ചൈതന്യം എല്ലാ സൃഷ്ടിയിലും ഉള്ളതിനാല്‍ ആര്‍ത്തവമുള്ള സ്ത്രീക്ക് എന്തശുദ്ധിയാണ് കല്പിക്കാനാകുക ? പക്ഷികൾക്കും മൃഗങ്ങൾക്കും പ്രാണികൾക്കും, ഇതര ജീവജന്തുക്കൾക്കും വൃക്ഷ-ലതാതികൾക്കും ഉൾപ്പെടെ ഈ പ്രപഞ്ചത്തിലെ ജീവനുള്ള സകലത്തിനും ആര്‍ത്തവപ്രക്രീയയില്ലേ? അവയുടെ സാമീപ്യത്താൽ ദൈവീക ചൈതന്യം അശുദ്ധമാകുമോ?

അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണുവീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു. യേശു കൈനീട്ടി അവനെ തൊട്ടു: “എനിക്കു മനസ്സുണ്ടു; ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി.കുഷ്ഠം ബാധിച്ചവനെ കൈനീട്ടി തൊടുന്നതാണ് യഥാർഥ വിശുദ്ധി എന്ന് എന്നാണ് നാം തിരിച്ചറിയുക. വിലക്ക് കൽപ്പിക്കുന്ന വിശുദ്ധനായ മനുഷ്യാ നിന്റെ മനസ്സിന്റെ കുഷ്ടം മാറ്റുവാൻ ആദ്യം ശ്രമിക്കുക.

സ്ത്രീകളെ അടിച്ചമര്‍ത്തപ്പെട്ടവരായി കാണുന്ന ഒരു കാലഘട്ടമായിരിന്നു അന്നും. യേശുക്രിസ്തു ജീവിച്ചിരിന്ന കാലത്തെ ബിംബാരധക സംസ്‌ക്കാരം, സ്ത്രീയെ വെറും ആനന്ദത്തിന്റേയും, കൈവശാവകാശത്തിന്റേയും, അടിമപ്പണിയുടേയും ഒരു വസ്തുവായിട്ടാണ് കണക്കാക്കിയിരുന്നത്; യഹൂദമതത്തിലാകട്ടെ, അവള്‍ ആജ്ഞകള്‍ യഥാവിധി അനുസരിക്കേണ്ട ഒരാള്‍ മാത്രമായിരിന്നു. എന്നാല്‍ യേശുക്രിസ്തു എല്ലായ്‌പ്പോഴും ഏറ്റവും മതിപ്പും ഏറ്റവും ബഹുമാനവുമാണ് ഓരോ സ്ത്രീയോടും കാണിച്ചിരുന്നത്. സ്ത്രീകളുടെ ദുരിതങ്ങളോട് അവന്‍ അതിസൂക്ഷ്മ ബോധമുള്ളവനായിരുന്നു.

മര്‍ത്തായും മറിയവും, കിണറ്റിന്‍ കരയിലെ സമരിയാക്കാരിയായ സ്ത്രീയും, നൈനിലെ വിധവയും, വ്യഭിചാരക്കുറ്റത്തിന് കല്ലെറിയപ്പെടാന്‍ പിടിക്കപ്പെട്ട സ്ത്രീയും, രക്തസ്രാവക്കാരിയായ സ്ത്രീയും തുടങ്ങി എല്ലാവരോടുമുള്ള യേശുക്രിസ്തുവിന്റെ മനോഭാവം നമുക്ക് എങ്ങനെ മറക്കുവാൻ സാധിക്കും. അവര്‍ അവനോടൊത്ത് സഞ്ചരിക്കുകയും കുരിശ്ശിനരികെ വരെയും അവനെ അനുഗമിക്കുകയും തങ്ങളുടെ സാന്നിധ്യത്താൽ ആശ്വസിപ്പിക്കുകയും ചെയ്തു. ഉയര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു ആദ്യം പ്രത്യക്ഷനായത് സ്ത്രീകള്‍ക്ക്, തന്റെ ഉയിര്‍പ്പ് ശിഷ്യന്മാരെ അറിയിക്കാന്‍ മഗ്ദലനമറിയത്തെയാണ് ചുമതലപ്പെടുത്തുകയും ചെയ്തതെന്ന കാര്യം നാം വിസ്മരിക്കരുത്. തന്റെ കാലത്തെ മതത്തിന്റേയും സമൂഹത്തിന്റേയും വേലിക്കെട്ടുകള്‍ പൊളിച്ചുനീക്കിക്കൊണ്ട്, ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും ഒരു മനുഷ്യവ്യക്തിയെന്ന നിലയിലുള്ള സ്ത്രീയുടെ പൂര്‍ണ്ണ അന്തസ് യേശുക്രിസ്തു പുനഃപ്രതിഷ്ഠിച്ചു.

ഋതുവസ്തുക്കൾ അശുദ്ധയായിരുന്നാൽമാത്രമല്ല, അവളെ തൊട്ടവരെല്ലാം അശുദ്ധരാണ് എന്ന് ലേവ്യപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. പഴയ നിയമപ്രകാരം ഒരു മനുഷ്യനെ അശുദ്ധനായി കണക്കാക്കിയിരുന്നതു ചില പ്രത്യേക രോഗങ്ങൾ, മൃതദേഹം, സ്ത്രീകളുടെയും പുരുഷൻമാരുടെയും ജനനേന്ദ്രിയങ്ങലുമായി ബന്ധപ്പെട്ടവകാലായിരുന്നു
അപ്രകാരമുണ്ടാകുന്ന അശുദ്ധി അവനെ ദൈവത്തിൽനിന്ന് നിഷ്കരുണം അകറ്റിനിർത്തപ്പെട്ടു.

എന്നാൽ അതേസമയം മറ്റൊരു ചിത്രം കാണുന്നത് ഇപ്രകാരമാണ്. “സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള യാഗപീഠത്തിന്മേൽ കാളക്കിടാവിനെ അറുത്തു രക്തം തളിക്കുന്നത് വിശുദ്ധമായി കണ്ടിരുന്നു.(ലേവ്യ 1 :5 ) “അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

(ലേവ്യ 12 :2 )ഒരു സ്ത്രീ ഗർഭംധരിച്ചു ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കേണം. എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം. പിന്നെ അവൾ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.

എന്നാൽ യേശുക്രിസ്തു ഈ വിഷയത്തെ മൗലികമായി നിരസിക്കുകയാണ് തന്റെ പ്രവർത്തികളിലൂടെ ചെയ്തത്.(1 തിമോ 4: 4). 4. ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല; ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനിൽ അശുദ്ധമായ യാതൊന്നും ഇല്ലെന്നും, “ദൈവത്തിന്റെ സകല സൃഷ്ടിയും നല്ലത്” എന്നും പ്രസ്താവിക്കുന്ന അപ്പസ്തോലനായ പൗലോസിന്റെ വചനങ്ങളാൽ ഇത് സ്ഥിരീകരിക്കുന്നു. പ്രപഞ്ച സൃഷ്ടാവായ ദൈവം സൃഷ്ടിച്ചവയെല്ലാം വിശുദ്ധവും നിർമ്മലവുമാണ്. താൻ സൃഷ്ടിച്ചവയെല്ലാം നല്ലതു എന്നു ദൈവം കണ്ടു. യേശുക്രിസ്തുവിന്റെ വിശുദ്ധചൈതന്യങ്ങളുടെ കൂട്ടായ്മയ്ക്ക് ആർത്തവത്തെപ്രതി ഒരു സ്ത്രീയെ തടയുന്നത് ദൈവനിഷേധമാണ്

യാതൊരു മനുഷ്യന്റെയും ശവത്തെ തൊടുന്നവൻ ഏഴു ദിവസം അശുദ്ധനായിരിക്കേണം എന്നതാണ് പഴയനിയമ ചട്ടം. എന്നാൽ ഇപ്പോൾ ദേവാലയത്തിനുള്ളിൽ മൃതശരീരം വച്ച് (അതെത്ര ദിവസം പഴക്കമുള്ളതാണെങ്കിലും) വിശുദ്ധ ബലിയർപ്പിക്കുന്നുവെങ്കിൽ സൃഷ്ടാവായ ദൈവം പുതിയ സൃഷ്ടിക്കു ജന്മം നൽകുവാൻ വേണ്ടിയുള്ള ഒരുക്ക പ്രക്രീയയിൽ നടക്കുന്ന ശാരീരിക പ്രതിഭാസത്തെ അശുദ്ധിയായി പ്രഖ്യാപിച്ചു സ്ത്രീകളെ മാറ്റിനിർത്തുന്നതിനോട് ക്രൈസ്തവ സഭകളിൽ ഒരു പുനർവായന അനിവാര്യമായിരിക്കുന്നു.

പുതിയനിയമ കാലമായപ്പോഴേക്കും ഒരു വ്യക്തിയുടെ ആളത്തത്തെക്കുറിച്ചുള്ള ധാരണ മാറുന്നു. ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തിന് അളവുകോൽ നിശ്ചയിക്കുന്നതിന്റെ അപാകത യേശുക്രിസ്തുവിന്റെ രക്ഷണ്യപ്രവർത്തനങ്ങളിലൂടെ സുവ്യക്തമാണ്. എങ്കിലും അവയുടെ അന്തസത്ത ഉൾക്കൊള്ളുവാനും സ്ത്രീയുടെ ആളത്വം പരിരക്ഷിക്കുവാനും അന്നും ഇന്നും പൗരോഹിത്യ നേതൃത്വം തയ്യാറല്ല.

സ്ത്രീ – പെണ്ണ് (WOMAN vs FEMALE)
സ്ത്രീയെ കേവലം പെണ്ണായി കാണുവാനാണ് എക്കാലവും അധിനിവേശത്തിന്റെ വർഗം ശ്രമിക്കുന്നത്. മനുഷ്യ സ്ത്രീത്വത്തിന്റെ ഉണ്മയിൽ ഉൾകൊള്ളുവാനോ അംഗീകരിക്കുവാനോ സാധിക്കുന്നില്ല എന്നതാണ് സത്യം.
(ഗലാത്യർ 3:28) അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.

അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു; ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടു പോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു. വി.ലൂക്കോസ് 5: 12 അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണുവീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു. യേശു കൈനീട്ടി അവനെ തൊട്ടു: “എനിക്കു മനസ്സുണ്ടു; ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി.
കുഷ്ഠം ബാധിച്ചവനെ കൈനീട്ടി തൊടുന്നതാണ് യഥാർഥ വിശുദ്ധി എന്ന് എന്നാണ് നാം തിരിച്ചറിയുക?
ദൈവത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുപോകും എന്ന് വിലപിച്ചുകൊണ്ട് സ്ത്രീയുടെ മാനത്തിനു വിലക്ക് കൽപ്പിക്കുന്ന വിശുദ്ധനായ മനുഷ്യാ നിന്റെ മനസ്സിന്റെ കുഷ്ടം മാറ്റുവാൻ ഇനിയും എത്രനാൾ കാത്തിരിക്കണം?