Cosmic Vision

Love God Love Life

അഭിവന്ദ്യ മാത്യൂസ് മാർ എപ്പിഫാനിയോസ് മലങ്കരയുടെ സൗമ്യ തേജസ്സ്

കൊല്ലം ജില്ലയിലെ ചാത്തന്നൂർ ചെങ്കുളളം ഗ്രാമത്തിലെ കൊട്ടാരഴികത്ത് കുടുംബത്തിൽ ശ്രീ. എം. കുരികേശുവിന്റെയും ശ്രീമതി. ശോശാമ്മയുടെയും മൂത്ത മകനായി1928 നവംബർ 25ന് “കുഞ്ഞുകുഞ്ഞു” എന്ന് വിളിപ്പേരൊടെ കെ.മാത്യൂസ് ഭൂജാതനായി.

മാത്യൂസ് തന്റെ ബാല്യകാലത്തിന്റെ ഭൂരിഭാഗവും വെങ്ങുരിലെ തൻ്റെ മാതൃ ഭവനത്തിൽ ചെലവഴിച്ചു. അദ്ദേഹം തൻ്റെ പ്രാഥമിക വിദ്യാഭ്യാസം തേവന്നൂർ ദേവി വിലാസം മിഡിൽ സ്കൂളിലും , ചാത്തന്നൂർ സെന്റ് ജോർജ്ജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും, ചാ ത്തന്നൂരിലെ എൻ‌എസ്‌എസ് ഹൈസ്കൂളിലും പൂർത്തീകരിച്ചു. തിരുനെൽവേലിയിലെ പാലയംകോട് സെന്റ് ജോൺസ് കോളേജിൽ നിന്നും ഇന്റർമീഡിയറ്റും (1948-50) തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ഫിസിക്സിൽ (1950-53) ഫസ്റ് ക്ലാസോടെ ബിരുദവും നേടി.
1953-നവംബറിലെ ഒരു ഞായറാഴ്ച അന്നത്തെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന ഭാഗ്യ സ്മരണാർഹനായ മാത്യൂസ് മാർ കൂറിലോസ് തിരുമേനി ചെങ്കുളം സെൻറ് ജോർജ്ജ് ഓർത്തോഡോക്സ് ഇടവകയിലെ പള്ളിമുറിയിൽ വിശ്രമിക്കുമ്പോൾ നല്ലിലയിലെ വി കെ ദാനിയേൽ അച്ചനും ഇടവക വികാരി മുണ്ടക്കൽ എം.ജെ സ്കറിയ അച്ചനും കൂടി ചെങ്കുളം യു.പി സ്കൂളിലെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിരുന്ന 26 വയസുള്ള മത്തായി സാറിനെ കൂറിലോസ് തിരുമേനിയുടെ അടുക്കൽ കൊണ്ടുവന്നു. കൂറിലോസ് തിരുമേനി മേല്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടിട്ട് കേവലം അഞ്ച് മാസം മാത്രമേ ആയിരുന്നുള്ളു. അന്നും ഇന്നും മലങ്കരയുടെ സൂര്യ തേജസ്സായി പ്രശോപിച്ചിരുന്ന കൂറിലോസ് തിരുമേനിയുടെ “എന്നോടൊപ്പം വരുന്നോ ?” എന്ന ചോദ്യത്തിന് “ഞാൻ വരാം” എന്ന പെട്ടന്നുള്ള മറുപടി വൈദീക പദവിയിലേക്കുള്ള ദൈവീക വിളിയായി മാറി.അന്നുമുതൽ തൻറെ ജോലിയും ഉപേക്ഷിച്ച് കൂറിലോസ് തിരുമേനിയോടൊപ്പം മാത്യൂസ് യാത്രയായി. വൈദീക പഠനത്തിനായി കൂറിലോസ് തിരുമേനി മാത്യൂസ് സാറിനെ കോട്ടയം വൈദീക സെമിനാരിയിലേക്ക് (1954 -1958) അയച്ചു. തുടർന്ന് 1958 -ൽ ജി.എസ്. ടി യും കരസ്ഥമാക്കി.1957 മാർച്ചിൽ ഓതറ സെൻറ് ജോർജ്ജ് ദയറായിൽ വച്ച് മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്ന് ശെമ്മാശ്ശപട്ടവും 1957 ഏപ്രിലിൽ കോട്ടയം മാർ എലിയാ കത്തീണ്ട്രലിൽ വച്ച് മാത്യൂസ് മാർ അത്താനാസിയോസ് (പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ) മെത്രാപ്പോലീത്തയിൽ നിന്ന് പൂർണ്ണ ശെമ്മാശ്ശപട്ടവും സ്വീകരിച്ചു.1958 മാർച്ച് 25 -ന് കൊട്ടാരക്കര കോട്ടപ്പുറം മാർ ഇഗ്‌നാത്തിയോസ് ദേവാലയത്തിൽ വച്ച് മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്ന് കശ്ശീശാ പട്ടവും. 1978 -ൽ ചെങ്ങമനാട് ദയറായിൽ വച്ച് സന്യാസ വ്രതവും സ്വീകരിച്ചു.

1958 -ൽ കോട്ടയം മാർ ഏലിയാ ചാപ്പലിൽ അസിസ്റ്റൻറ് വികാരിയായും തുടർന്ന് 1959 -ൽ വികാരിയായും നിയമിതനായി. 1961 -ൽ മന്നാനം സെന്റ് ജോസഫ് കോളേജിൽ നിന്നും വിദ്യാഭ്യാസത്തിൽ ബി.എഡ് ബിരുദവും, 1969 ബാംഗ്ലൂർ റീജണൽ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് നിന്നും ഇംഗ്ലീഷിൽ വിഷയത്തിൽ പ്രത്യേക പ്രാഗത്ഭ്യവും നേടി.

കൊല്ലം സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം (1964-1984), തിരുവനന്തപുരം സെന്റ് ജോർജ്ജ് (1967-69), പുനലൂർ പേപ്പർ മിൽ സെന്റ് ജോർജ്ജ്, വഴുവടി മാർ ബസ്സേലിയോസ്, കൊട്ടാരക്കര കോട്ടപുറം മാർ ഇഗ്നേഷ്യസ്, അറുനൂറ്റിമംഗലം മാർ കുര്യാക്കോസ് എന്നി ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.

അധ്യാപനരംഗത്ത് ദീർഘകാലം വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് വരും തലമുറകൾക്ക് അറിവിൻ്റെ ജ്വാലകം അദ്ദേഹം തുറന്ന് നൽകി.1950 -ൽ ചാത്തന്നൂർ എൻ. എസ്. എസ് ഹൈസ്‌കൂൾ, കാട്ടൂർ എൻ. എസ്. എസ്, ചെങ്കുളം എം. എം.എം. യൂ പി സ്കൂൾ ഹെഡ്‌മാസ്റ്റർ (1953) കോട്ടയം എം ഡി സെമിനാരി ഹൈസ്‌കൂൾ അദ്ധ്യാപകൻ (1958 -1963) ചൊവ്വള്ളൂർ ടീച്ചേർസ് ട്രെയിനിങ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ (1963 -1984) എന്നീ നിലകളിൽ നീണ്ട 25 വർഷം അദ്ധ്യാപനം.

രണ്ട് തവണ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം മൂന്ന് തവണ കൊല്ലം ഭദ്രാസന സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിന്റെ വൈസ് പ്രസിഡന്റും, ചെങ്ങമനാട് ബെത്‌ലഹേം ആശ്രമത്തിന്റെ അബോ (സുപ്പീരിയർ )ആയിരുന്നു.

1982 ഡിസംബർ 28 ന് തിരുവല്ല എം‌.ജി‌.എം ഹൈസ്‌കൂളിൽ കൂടിയ മലങ്കര അസോസിയേഷൻ യോഗത്തിൽ അദ്ദേഹത്തെ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1983 മെയ് 14 ന് പരുമല സെമിനാരിയിൽ വച്ച് മാത്യൂസ് മാർ കുറിലോസ് മെത്രപൊലീത്ത അദ്ദേഹത്തെ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തി. 1985 മെയ് 15 -ന് പുതിയകാവ് സെൻറ് മേരീസ് കത്തീണ്ട്രലിൽ വച്ച് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യൂസ് പ്രഥമൻ കാതോലിക്കാ അദ്ദേഹത്തെ മാത്യൂസ് മാർ എപ്പിഫാനിയോസ് എന്ന നാമത്തിൽ എപ്പിസ്കോപ്പയായി വാഴിച്ചു. 1985 മുതൽ മാത്യൂസ് മാർ എപ്പിഫാനിയോസ് കൊല്ലം ഭദ്രാസനത്തിൻറെ അസിസ്റ്റന്റ് മെത്രാപ്പൊലീത്തായായും, 1991 ഒക്ടോബർ 25 -ന് മെത്രാപ്പൊലീത്തായായി സ്ഥാനാരോഹണം ചെയ്യപ്പെട്ട അദ്ദേഹം 1992 ജനുവരി 10 മുതൽ കൊല്ലം ഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്തയായി പ്രവർത്തിച്ചു. 1999 മുതൽ 2004 വരെ തിരുവനന്തപുരം ഭദ്രാസനത്തിൻ്റെ ചുമതലയും അദ്ദേഹം നിർവ്വഹിച്ചു.

ഓർത്തഡോക്സ് സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷന്റെ പ്രസിഡൻ്റായും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിറഞ്ഞ പുഞ്ചിരിയോടെയുള്ള അദ്ദേഹത്തിൻ്റെ സമീപനങ്ങളും അത്മീയ പ്രവർത്തനങ്ങളും നിരവധി വിശ്വാസികൾക്ക് പ്രചോദനമായി. ലാളിത്യവും സമാധാനവും ആയിരുന്നു എപ്പിപ്പാനിയോസ് തിരുമേനിയുടെ പ്രധാന സവിശേഷതകൾ . ഈ കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് മലങ്കരയിലെ സൗമ്യ തേജസ് എന്ന പേര് നൽകി. എത്ര തിരക്കേറിയ ജോലികൾ ഉണ്ടെങ്കിൽ പോലും അദ്ദേഹം തൻ്റെ ഭദ്രാസനത്തിലും പുറത്തുമുള്ള മരണ വീടുകൾ സന്ദർശിക്കുകയും അവിടെ പ്രർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. താഴ്‌മ, ദൈവസ്നേഹി, മികച്ച സംഘാടകൻ, പ്രസംഗികൻ,സമർപ്പിത സേവകൻ എന്നിവ കാരണം അദ്ദേഹം ഇതര സമൂഹങ്ങൾക്കിടയിൽ മാതൃക പുരുഷനായിരുന്നു. ഒരു മെത്രാപ്പോലീത്ത എന്ന നിലയിൽ അദ്ദേഹം ജനങ്ങൾക്ക് നല്ല ഇടയനായി എന്നും ശോഭിച്ചിരുന്നു.

മലങ്കര സഭയുടെ സൂര്യ തേജസ്സായി പ്രശോപിച്ചിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അരുമ ശിഷ്യനായി എക്കാലവും അറിയപ്പെടുവാൻ ആഗ്രഹിച്ചിരുന്ന ഭാഗ്യ സ്മരണാർഹനായ അഭിവന്ദ്യ മാത്യൂസ് മാർ എപ്പിഫനിയോസ് മെത്രാപോലീത്ത തന്റെ “എപ്പിഫനിയോസ്” എന്ന നാമത്തിന്റെ അർഥമായ “തേജസ്സുള്ളവൻ”, “മഹത്വവാൻ”, “പ്രകാശത്തിൻറെ ഉദയം” എന്നീ നാമങ്ങൾ അന്വർഥമാക്കികൊണ്ട് മലങ്കരയുടെ “സൗമ്യതേജസ്സായി” 2009 ഫെബ്രുവരി 9 -ന് രാവിലെ 11.15 ന് മാർ എപ്പിഫാനിയോസ് നിത്യ വിശ്രമത്തിലേക്ക് പ്രവേശിച്ചു. കൊല്ലം സെൻ്റ് തോമസ്‌ കത്തീഡ്രൽ ദേവാലയത്തിൽ അഭിവന്ദ്യ മാർ എപ്പിഫാനിയോസ് പിതാവിനെ കബറടക്കി.