Cosmic Vision

Love God Love Life

കരട് ബില്ലും ഓർഡിനൻസും

കരട് ബില്ലും ഓർഡിനൻസും ഒക്കെ നിയമ സഭ ഇലക്ഷൻ തന്ത്രങ്ങളുടെ ഭാഗമായി വരുന്ന തുറുപ്പ്ചീട്ടുകളാണ്. അടുത്ത ഇലക്ഷനിൽ തങ്ങൾ ജയിച്ചാൽ ഇങ്ങനെ ഒന്ന് നടപ്പിലാക്കി തരാം എന്ന വാഗ്‌ദാനം നൽകി എറണാകുളം ഭാഗത്ത് നിന്നുമുള്ള ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുവാനുള്ള കരുനീക്കത്തിന്റെ ഭാഗം മാത്രമാണിത്.

അടുത്ത നിയമസഭാ ഇലക്ഷന് മുൻപ് ഓർഡിനൻസോ, കരട് ബില്ലോ കൊണ്ടുവരുവാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. കാരണം ഇങ്ങനെ ഒരു കരട് ബില്ല് കൊണ്ടുവന്നാൽ ഒരുപക്ഷേ എറണാകുളം ഭാഗത്തുള്ള ഏതാനും സീറ്റുകൾ തങ്ങൾക്കനുകൂലമാകുമായിരിക്കും. എന്നാൽ മധ്യതിരുവിതാംകൂറിൽ അത് വിപരീത ഫലമുണ്ടാക്കും. അതേസമയം ബില്ല് കൊണ്ടുവരുമെന്നുള്ള ചില രഹസ്യ ഉറപ്പുകൾ ഒരു വിഭാഗത്തിന് നൽകും. മറു വിഭാഗത്തോട് അങ്ങനെ ഒരു ഉറപ്പും നൽകിയിട്ടില്ല എന്നും പറയും. രാഷ്ട്രീയക്കാരുടെ കയ്യിലെ ചട്ടുകങ്ങളായി മാറണമോ എന്നതാണ്ചോദ്യം?

ആത്യന്തികമായി ഇങ്ങനെയൊരു ബില്ലിനോ, ഓർഡിനൻസിനോ നിലനിൽപ്പില്ല എന്നതാണ് യാഥാർഥ്യം. ഈ തർക്കം നിലനിർത്തി എങ്ങനെ വോട്ടുപിടിക്കാം എന്ന് മാത്രമാണ് മുന്നണികൾ ശ്രമിക്കുന്നത്. തൽക്കാലത്തേക്ക് ഇങ്ങനെ ഒരു ബില്ലോ ഓർഡിനൻസോ കൊണ്ടുവന്നാൽ പോലും വീണ്ടും അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് രാഷ്ട്രീയക്കാർക്ക് നല്ലതുപോലെ അറിയാം. അടുത്ത കുറെ വർഷങ്ങൾകൂടെ കോടതികളിൽ നിന്ന് കോടതികളിലേക്ക് നിയമ നടപപടികളുമായി പോകുവാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.

മലങ്കര സഭയിൽ സമാധാനമുണ്ടാകണമെന്ന് ഇതര സഭകളും ആഗ്രഹിക്കുന്നില്ല. ഇങ്ങനെ തമ്മിലടിച്ചു മുന്നോട്ട് പോകണം എന്നാണ് അവരും ആഗ്രഹിക്കുന്നത്. ഇവിടെയാണ് ഒരു സ്വയതിരിച്ചറിവിന്റെ അനിവാര്യത ഏറിവരുന്നത്.

ഇപ്പോൾ ഉണ്ടായിരിക്കുന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരു വിഭാഗങ്ങളും പരസ്പരം വിട്ടുവീഴ്ചകൾ ചെയ്‌തുകൊണ്ട്‌ ഏക സഭയായി പോകുവാനുള്ള സാധ്യതകൾ ആരായുകയാണ് ഉത്തമം. അല്ലെങ്കിൽ വരും തലമുറകൾക്ക് കൂടി കോടതികളും കേസുകളുമായിമുന്നോട്ട് പോകാം. അതുവരെ തെരുവിൽ തമ്മിലടിച്ചും, കേസുകൾ നടത്തിയും, സോഷ്യൽമീഡിയകളിലൂടെ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങൾ നടത്തിയും, പരസ്പരം ചെളിവാരിയെറിഞ്ഞും, ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തികൊണ്ടും സമൂഹത്തിൽ സ്വയം പരിഹാസിതരാകാം.