Cosmic Vision

Love God Love Life

മതങ്ങളും സഭകളും:പുനർവായന

ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.” —⁠വി.യോഹന്നാൻ 4:⁠24.
‘ഉണ്മ, വാസ്‌തവം, യാഥാർഥ്യം’ എന്നൊക്കെ സത്യത്തെ നിർവചിച്ചിരിക്കുന്നു. എല്ലാ മതങ്ങളും സഭകളും വിഭാഗങ്ങളും തങ്ങൾ വിശ്വസിക്കുന്നത് മാത്രമാണ് യഥാർഥ്യസത്യം എന്ന് പഠിപ്പിക്കുന്നു. 
എന്നാൽ ഇന്ന് കേവലം ഒരു വൈറസ് ലോകമതങ്ങൾക്കും സഭകൾക്കും വിഭാഗങ്ങൾക്കും നേതാക്കന്മാർക്കും ഉത്തരം കണ്ടെത്തുവാൻ വിഷമിക്കുന്ന ചോദ്യചിഹ്നമായി  മാറിയയില്ലേ? എവിടെയാണ് മനുഷ്യന് പാളിച്ച പറ്റിയത്?  സ്വയം തിരുത്തലിന് ഇനിയെങ്കിലും തയ്യാറാവുമോ? എല്ലാം നല്ലത് എന്ന്‌ ദൈവം വിലയിരുത്തിയ പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും കാത്ത് പരിപാലിക്കുന്നതിൽ നമുക്ക് വീഴ്ച്ച പറ്റിയോ? നിങ്ങളുടെ ആരാധന എനിക്ക് അനിഷ്ടമായിരിക്കുന്നു എന്ന് ദൈവം പറയുന്നുവോ? ഈ വിശുദ്ധ വാരത്തിൽ ലോകത്തിലെ ഒട്ടുമിക്ക ദേവാലയങ്ങളും അടച്ചുപൂട്ടിയിടേണ്ടി വന്നു. ചിലർ  കാർമ്മികർ മാത്രമായി മാറി, ചിലർ കാഴ്ചക്കാരും. 
 
മതങ്ങളും സഭകളും ഇന്ന് വലിയ തോതിൽ സമ്പത്തിന്റെയു സമ്പന്നരുടെയുംഅധിനിവേശ സ്വഭാവമുള്ള കോർപറേറ്റ് സ്ഥാപനങ്ങളായി പരിണമിച്ചിരിക്കുന്നത് ദൈവത്തിന് അനിഷ്ടമായിരിക്കുന്നുവോ? സുതാര്യതയുടെയും  ജനങ്ങളോടുള്ള ഉത്തരവാദത്വത്തിന്റെയും നൈതിക പ്രശ്നങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? ദൈവത്തെ മറന്നുള്ള അഴിമതികൾക്കും വ്യവഹാര പരമ്പരകൾക്കും ഇനിയെങ്കിലും അറുതിവരുത്തേണ്ടതല്ലേ? നഷ്ടപ്പെട്ടുപോയ സുതാര്യത സംരക്ഷിക്കുവാൻ ഇനിയെങ്കിലും നാം തയ്യാറാവുമോ? മതങ്ങളും സഭകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേളീരംഗമായിരിക്കുന്നു എന്നത് ഒരു യാഥാർഥ്യമല്ലേ? 
 
യേശുക്രിസ്തുവിനെ പിൻപറ്റിയ പാവപ്പെട്ടവരുടെ മുന്നേറ്റമായിരുന്ന ആദിമക്രൈസ്തവ സഭ ഇന്ന് അതിസമ്പന്നരുടെയും അമിത സമ്പത്തിന്റെയും സംഗമ വേദിയായി മാറിയിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും ഘടനകൾക്കെതിരെയുള്ള ഒരു ജനകീയ മുന്നേറ്റമായിമാറിയ ക്രൈസ്തവ സഭ കോൺസ്റ്റ്ൻടൈൻ ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചതോടെ സാമ്രാജ്യത്വ-മുതലാളിത്ത ഭാവങ്ങൾ ഉൾക്കൊണ്ട് ഒരു വൻകിട പൊതുമേഖലാ സ്ഥാപനത്തിലേക്ക്  വഴിമാറി.  പിന്നീടങ്ങോട് സമ്പത്തിന്റെ കുന്നുകൂടലും പൗരോഹിത്യത്തിന്റെ ദുഷ്പ്രഭുത്വവും ശക്തമാകുകയും അഴിമതിയും അധാർമ്മികതയും പെരുകുകയും  ചെയ്തു. മുതലാളിത്ത കച്ചവട താൽപര്യങ്ങൾ ആത്മീയതയെ സ്വാധീനിച്ചപ്പോൾ പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥറിന്റെ നേതൃത്വത്തിൽ “നവീകരണം” എന്ന ശുദ്ധീകരണ വിപ്ലവം ആഞ്ഞടിച്ചത് അഴിമതിയും അധാർമ്മികതയും അൽപം കുറക്കുവാൻ കാരണമായിയെങ്കിലും  പിൽക്കാലത്ത് വീണ്ടും മൂലധനശക്തികളും സമ്പന്നരും ക്രൈസ്‌തവസഭകളിൽ പിടിമുറുക്കുകയും വലിയ തോതിൽ സമ്പത്തിന്റെയും സമ്പന്നരുടെയും അധിനിവേശ സ്വഭാവമുള്ള കോർപറേറ്റ് സ്ഥാപനങ്ങളായി പരിണമിക്കുകയും ചെയ്തു. കോർപറേറ്റ് സ്ഥാപനവൽക്കരണത്തിലേക്ക് വഴിമാറിയ സഭകൾ കോടികൾ മുടക്കി പണിതുയർത്തിയ സൗധങ്ങൾ ഇന്ന് അടച്ചുപൂട്ടിയിടെണ്ടതായി വന്നിരിക്കുന്നു. 
 
പ്രപഞ്ച സൃഷ്ടാവായ ദൈവം താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിലെ സൗകര്യങ്ങളും, സമ്പന്നതകളുമെല്ലാം സ്വന്തമായുണ്ടായിരുന്നിട്ടും സ്വയം ശൂന്യനാക്കി ദാസരൂപം സ്വീകരിച്ചുകൊണ്ട് ഭൂമിയില്‍ മനുഷ്യാവതാരം ചെയ്തു. കുറുനരികള്‍ക്കു കൂടുകളും പറവകള്‍ക്ക് ആകാശവുമുണ്ടെങ്കിലും മനുഷ്യപുത്രനു തലചായ്ക്കാന്‍ സ്വന്തമായി ഒരിടം ഇല്ലാത്തവനായി താഴ്മയുടെയും, വിനയത്തിന്റെയും, ലാളിത്യത്തിന്റെയും ആള്‍രൂപമായി ദൈവപുത്രന്‍ കാലിത്തൊഴുത്തില്‍ പിറന്നു. എല്ലാം ഉള്ളവനായിരുന്നിട്ടും തന്റെ ജനനത്തിലും, ജീവിതത്തിലും, മരണത്തിലും യേശുക്രിസ്തു പരമദരിദ്രനായി ജീവിച്ചു. ഒന്നും സ്വന്തമായി ഇല്ലാത്തവന്‍. എല്ലാം കടം വാങ്ങിയത്.
 
എന്നാല്‍ ഇന്ന് നമ്മുടെ ജീവിത ശൈലിയും ആരാധനാലയങ്ങളും സമ്പത്തിന്റെ പ്രൗഢിയെ ധ്വനിപ്പിക്കുന്ന വേദികളായി മാറ്റിയില്ലേ? തന്റെ ഉന്നതസ്ഥാനത്തെ പ്രദര്‍ശിപ്പിക്കുന്നതിന്, പ്രൗഢിയും ആഡംബരവും അവിടുന്നു സ്വീകരിച്ചില്ല. മനുഷ്യനെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തുന്നതിന് ഉപകരിക്കുംവിധത്തില്‍ പണിയപ്പെടേണ്ട പ്രാര്‍ഥനാലയങ്ങള്‍ കാഴ്ചബംഗ്ളാവുകളായി മാറിയിരിക്കുന്നു എന്നത് സത്യമാണ്. അവിടെ തങ്കസിംഹാസനങ്ങളും കൊത്തുപണികളും, രൂപക്കൂടുകളും, സ്വര്‍ണകോടിമരങ്ങളുമെല്ലാം കേവലം കാഴ്ചവസ്തുക്കളായി മാറുന്നു. സമ്പത്തിന്റെ പ്രകടനത്തിലല്ല, ക്രൈസ്തവമായ ലാളിത്യത്തിന്റെ താളലയത്തിലായിരിക്കണം നാം അഭിമാനംകൊള്ളേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്ന്, നമ്മുടെ പള്ളിയും,അകത്തളങ്ങളും സമ്പത്തിന്റെയും കരവിരുതിന്റെയും പ്രദര്‍ശനശാലകളായി മാറുന്നു. അല്ല എല്ലാം ഒരു കാഴ്ചവസ്തുവായി മാറ്റുന്നു. ദേവാലയത്തെ കച്ചവടസ്ഥലമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന സദുക്യരുടെ നേര്‍ക്ക് യേശുക്രിസ്തു ചാട്ടവാറെടുത്തു. കല്ലിന്മേല്‍ കല്ലുശേഷിക്കാതെ യറുസലേം ദേവാലയം തകര്‍ന്നടിയും എന്ന യേശുക്രിസ്തുവിന്റെ ശാസന ആഡംബരത്തിലും കച്ചവടമനോഭാവത്തിലും ഊന്നിയുള്ള അജപാലനപ്രവര്‍ത്തനങ്ങളുടെ അന്ത്യമെങ്ങനെയായിരിക്കും എന്ന താക്കീതാണെന്നു ഓര്‍ത്താല്‍ നന്ന്. ഒരാളുടെ വസ്ത്രധാരണത്തിലും, ജീവിതശൈലിയിലും, ഭവനത്തിലുമാണ് സമൃദ്ധിയുടെ പ്രതിഫലനം ദൃശ്യമാകുന്നത്. എന്നാല്‍ ഇന്ന് സഭയുടെ സാമ്പത്തികശക്തി പ്രതിഫലിക്കുന്നത് പള്ളി പണിയിലാണ്. പഴയ പള്ളികള്‍ പൊളിച്ചുപണിയാനുള്ള വ്യഗ്രത എങ്ങും ഏറിവരുന്നു. ഒരുകാലത്തു മനോഹരമായി പണിത ദേവാലയങ്ങള്‍, ഇന്നത്തെ പുരോഗമന ചന്താഗതിക്കു പറ്റിയതല്ലാ എന്ന തോന്നല്‍, അവയൊക്കെ പൊളിച്ചുകളഞ്ഞിട്ട്, അത്യന്താധുനിക രീതിയില്‍ സിമന്റു,കമ്പി,തടി കൂനകളുടെ കൂമ്പാരങ്ങളായി, പലപ്പോഴും ദൈവം വസിക്കുന്ന ആലയമാണെന്നുപോലും തിരിച്ചറിയാന്‍ പാടില്ലാത്ത രീതിയില്‍ ദേവാലയങ്ങള്‍ പണിയുന്നതിന് നെട്ടോട്ടമാണെവിടെയും. പാശ്ചാത്യ ക്ലബ് സംസ്കാരം ദേവാലയങ്ങൾ കടമെടുക്കുന്നു. പരിശുദ്ധ റൂഹായാല്‍ ആത്മീയനല്‍വരം ലഭിച്ച ശിഷ്യന്മാരാരും ഇത്തരത്തിലുള്ള പള്ളിപണിയിക്കുവാൻ ആഹ്വാനം ചെയ്തതായി ഒരിടത്തും കാണുന്നില്ല. ദൈവപുത്രന് പടുകൂറ്റന്‍ ആലയങ്ങള്‍ പണിത് ഊറ്റം കൊള്ളുവാനല്ല അവര്‍ തങ്ങളില്‍ അര്‍പ്പിതമായിരിരുന്ന കടമയേ വിനിയോഗിച്ചത്. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നടവരവുണ്ടാകാം. അത് മുഴുവന്‍ കല്ലും,സിമന്റും, കമ്പിയുമായിട്ട് മാറ്റേണ്ടതാണെന്ന് തീരുമാനമെടുക്കുന്നത് ആരാണ്? സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെ, കടബാധ്യതകളില്‍ പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു? ഇന്ന് എവിടെ പള്ളിയുണ്ടോ അവിടൊക്കെ ഒന്നിലധികം കുരിശടികളും നേര്‍ച്ചപെട്ടികളും, കല്‍വിളക്കുകളും, സ്വര്‍ണ കൊടിമരങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നു. നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രകളിലൂടെയും, പെരുന്നാള്‍ ആഘോഷങ്ങളുടെയും, വെടിക്കെട്ടുകളുടെയും മാസ്മരികതയില്‍ സായൂജ്യമടയുവാന്‍ ശ്രമിക്കുന്ന പുതുപുത്തന്‍ ആധ്യാത്മികത. കേവലം രണ്ടോ മൂന്നോ പേര്‍ക്ക് താമസിക്കുവാന്‍ വേണ്ടി പണിതുയര്‍ത്തിയ കോടികളുടെ കണക്കുകള്‍ പറയുന്ന അരമനകളില്‍ ചിലതെങ്കിലും ആളനക്കമില്ലാതെ മാറാലകള്‍പിടിച്ചു അസ്ഥികഷണങ്ങളായി വിലപിക്കുന്നു. ചേലയില്‍ക്കൂടിയവരും, കത്തങ്ങളും, ചില സംരംഭകരും കൈകോര്‍ത്ത് കൊട്ടാരസൗധങ്ങളും, ഫ്‌ലാറ്റ് സമുച്ചയങ്ങളും, റീയല്‍എസ്റ്റേറ്റ് സംരംഭങ്ങളും പണിതുയര്‍ത്തുവാന്‍ ശ്രമിക്കുമ്പോള്‍ ഉള്‍ക്കാഴ്ച നഷ്ടമാക്കിയ പദികന്റെ മുഖമാണ് ഓര്‍മ്മയില്‍ ഊളിയിട്ടു വരുന്നത്. അവിടെ മനസ്സിലെവിടെയോ ഒരു തേങ്ങല്‍ മാത്രം ബാക്കിയാകുന്നു. മോഹങ്ങളുടെ പര്‍ണശാലയില്‍ പണിതുയര്‍ത്തിയ അരമനകെട്ടിടങ്ങളില്‍ ചിലതെങ്കിലും ഇന്ന് അനാഥമായി കിടക്കുന്നതു കാണുമ്പോള്‍ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു? എന്തിനു വേണ്ടിയായിരുന്നു ഇവയൊക്കെ?
 
ഒരുവശത്ത് കോടികള്‍ ചിലവാക്കി ക്രൈസ്തവര്‍ ദേവാലയം പുതുക്കി പണിയുമ്പോള്‍ അതിനെക്കാള്‍ മികച്ച ദേവാലയങ്ങള്‍ പണിയാനുള്ള മത്സരബുദ്ധി ഇതരമതസ്ഥര്‍ക്കുണ്ടാകുന്നത് സ്വാഭാവികം മാത്രം. അങ്ങനെ അനാവശ്യമായ ഒരു മത്സരം മതങ്ങള്‍ തമ്മിലുണ്ടാകും. തല്ഫലമായി, സമൂഹത്തിനു പ്രയോജനപ്പെടെണ്ട കോടികള്‍ പഴായിപ്പോകും. തിരുത്തലുകള്‍ ആവശ്യമെന്നു മനസ്സ് മന്ത്രിക്കുന്നെങ്കില്‍ താമസം അരുതേ..!